Saturday, March 14, 2026 Last Updated 4 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.51 AM

സുധാകരന്റെ ചുവടുമാറ്റം: പ്രതിഷേധവും വിശദീകരണവുമായി സി.പി.എം.

uploads/news/2026/03/830154/3.jpg

ആലപ്പുഴ: സി.പി.എം. ബന്ധം ഉപേക്ഷിച്ച്‌ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച മുന്‍മന്ത്രി ജി. സുധാകരനെതിരേ പ്രതിഷേധവും അണികള്‍ക്കിടയില്‍ വിശദീകരണവുമായി സി.പി.എം. സുധാകരന്റെ പ്രഖ്യാപനത്തിന്‌ പിന്നാലെ അദ്ദേഹത്തിന്റെ ജന്മനാടായ ചാരുംമൂട്ടില്‍ പ്രകടനം നടത്തിയും അമ്പലപ്പുഴ മണ്ഡലത്തിലെ പുന്നപ്രയിലും സുധാകരന്റെ വീടിന്‌ സമീപവും പോസ്‌റ്ററുകള്‍ പതിച്ചും ബാനറുകള്‍ സ്‌ഥാപിച്ചും പ്രതിഷേധിച്ച സി.പി.എം. ഇന്ന്‌ പുന്നപ്രയില്‍ ശക്‌തിപ്രകടനവും കളര്‍കോട്ട്‌ വിശദീകരണയോഗവും സംഘടിപ്പിക്കുന്നുണ്ട്‌.
സുധാകരന്റെ വീടിന്‌ സമീപം കുലംകുത്തിയെന്ന്‌ അധിക്ഷേപിച്ചാണ്‌ ബാനര്‍ സ്‌ഥാപിച്ചത്‌. കുലംകുത്തികളെ കാലം വര്‍ഗവഞ്ചകന്‍ എന്ന്‌ വിളിക്കുമെന്നാണ്‌ ഭഗവതിക്കല്‍ സഖാക്കളുടെ പേരില്‍ ബാനര്‍ സ്‌ഥാപിച്ചത്‌. സൈബര്‍ ഇടങ്ങളിലും സുധാകരനെതിരേ വിമര്‍ശനം ശക്‌തമാക്കിയിട്ടുണ്ട്‌. പ്രതിഷേധം കണക്കിലെടുത്ത്‌ ജി. സുധാകരന്റെ വീടിനു പൊലീസ്‌ സുരക്ഷ ഏര്‍പ്പെടുത്തി. പുന്നപ്ര പോലീസിനാണ്‌ സുരക്ഷാ ചുമതല. സുധാകരന്റെ വീടിന്‌ പുറത്ത്‌ ഇന്നലെ അദ്ദേഹം രണ്ട്‌ സി.സി.ടിവി കാമറകള്‍ സ്‌ഥാപിച്ചു.
അതിനിടെ ചാരുംമൂട്ടിലും അമ്പലപ്പുഴയിലും സുധാകരന്‍ അനുകൂലികളും അണിയറ നീക്കം ശക്‌തമാക്കിയിട്ടുണ്ട്‌. ചാരുംമൂട്‌ ഏരിയയിലെ സുധാകരന്‍ അനുകൂലികള്‍ രഹസ്യയോഗം ചേര്‍ന്നു. ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ നടന്ന ഈ യോഗത്തില്‍ ഏരിയ കമ്മിറ്റി അംഗങ്ങള്‍, മുന്‍ പാര്‍ട്ടി ഏരിയ സെക്രട്ടറിമാര്‍, മുന്‍ ഏരിയ-ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, മുന്‍ ജനപ്രതിനിധികള്‍, യുവജന സംഘടന നേതാക്കള്‍ ഉള്‍പ്പടെ ഇരുപതോളം പേര്‍ പങ്കെടുത്തു. സുധാകരനെ നേരിട്ട്‌ സന്ദര്‍ശിക്കാനാണ്‌ ഇവരുടെ തീരുമാനമെന്നറിയുന്നു.
അമ്പലപ്പുഴ മണ്ഡലത്തില്‍ സുധാകരനെ അനുകൂലിക്കുന്ന നിരവധി പേരുണ്ടെന്നും അദ്ദേഹത്തിനൊപ്പം അവര്‍ അണിനിരക്കുമെന്നും ഒരു മുന്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌.

Ads by Google
Saturday 14 Mar 2026 10.51 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW