Saturday, March 14, 2026 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.51 AM

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം വിചാരണക്കോടതി ഉത്തരവിലെ ഭാഗങ്ങള്‍ നീക്കണം: എസ്‌.ഐ.ടി. അപ്പീല്‍ നല്‍കി

uploads/news/2026/03/830156/5.jpg

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്‌ഠരര്‌ രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി.) ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്കെതിരേ വ്യക്‌തമായ തെളിവുണ്ട്‌. രണ്ടു കേസുകളില്‍ തന്ത്രിക്കു നല്‍കിയ ജാമ്യം റദ്ദാക്കണമെന്നും വിചാരണക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു.
തന്ത്രിയും ഒന്നാം പ്രതി പോറ്റിയും തമ്മിലുള്ള ബന്ധത്തിന്‌ നിരവധി തെളിവുകളുണ്ട്‌. 2002 ബംഗളുരുവില്‍ ഇരുവരും പല ഘട്ടത്തില്‍ ഒരുമിച്ചു കണ്ടിട്ടുണ്ട്‌. ശ്രീരാംപുര ക്ഷേത്രത്തിലെ പോറ്റിയുടെ ജോലി പോയപ്പോള്‍ ബംഗളുരുവിലെ മഹാലക്ഷ്‌മി ക്ഷേത്രത്തല്‍ ശാന്തിക്കാരനാക്കാന്‍ തന്ത്രി ശ്രമിച്ചിരുന്നു. 2017 ല്‍ പ്രതി ഗോവര്‍ധന്റെ വീട്ടിലെ പൂജയ്‌ക്കു തന്ത്രിയെ എത്തിച്ചതു പോറ്റിയായിരുന്നു. ഇതിനു ഫോട്ടോ അടക്കമുള്ള തെളിവുകളുണ്ട്‌. ശബരിമലയില്‍ പോറ്റിയെ പ്രവേശിപ്പിച്ചതു തന്ത്രി കുടുംബമാണെന്നും എസ്‌.ഐ.ടി. അപ്പീലില്‍ പറയുന്നു.
സ്വര്‍ണപ്പാളി കടത്താന്‍ പോറ്റിയും തന്ത്രിയും മറ്റു പ്രതികളും ചേര്‍ന്ന ഗൂഢാലോചന നടത്തിയതിനും തെളിവുണ്ടെന്നും ഹര്‍ജിയില്‍ എസ്‌.ഐ.ടി. വ്യക്‌തമാക്കി. അറസ്‌റ്റിലായി 41-ാം ദിവസമായിരുന്നു കൊല്ലം വിജിലന്‍സ്‌ കോടതി ജാമ്യം അനുവദിച്ചത്‌. സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രിയുടെ പങ്കിനു തെളിവില്ലെന്നായിരുന്നു കോടതി നിരീക്ഷണം.
ജാമ്യം കിട്ടി പുറത്തിറങ്ങിയശേഷം സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമാണു തന്ത്രി രാജീവര്‌ കണ്‌ഠരര്‌ നടത്തിയത്‌. ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്തതില്‍ സര്‍ക്കാറിനുള്ള വൈരാഗ്യമാണ്‌ അറസ്‌റ്റിനു പിന്നിലെന്നാണ്‌ തന്ത്രി ജാമ്യാപേക്ഷയില്‍ വാദിച്ചത്‌. ആചാരങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമത്തെ എതിര്‍ത്തതില്‍ ഭരണകക്ഷിയിലെയും പോലീസിലെയും ഉന്നതര്‍ക്കു വൈരാഗ്യമുണ്ടായിരുന്നുവെന്ന തന്ത്രിയുടെ വാദം ജാമ്യ ഉത്തരവിലുണ്ട്‌.

Ads by Google
Saturday 14 Mar 2026 10.51 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW