Saturday, March 14, 2026 Last Updated 33 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.51 AM

ശബരിമല കൊടിമര പുനഃപ്രതിഷ്‌ഠയില്‍ അഴിമതി കണ്ടെത്തിയില്ലെന്നു വിജിലന്‍സ്‌

uploads/news/2026/03/830155/4.jpg

കൊച്ചി: ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്‌ഠയുമായി ബന്ധപ്പെട്ട്‌ അഴിമതി നടന്നതായി വിജിലന്‍സ്‌ പ്രത്യേക സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായില്ല.
ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടിസ്‌ഥാനത്തിലാണു വിജിലന്‍സ്‌ പ്രാഥമിക അന്വേഷണം നടത്തിയത്‌. 2017 ലെ യു.ഡി.എഫ്‌. ഭരണകാലത്തുനടന്ന പുനഃപ്രതിഷ്‌ഠാ ചടങ്ങുകളിലെ ക്രമക്കേടുകള്‍ അതീവ ഗുരുതരമാണെന്നു നിരീക്ഷിച്ചായിരുന്നു ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്‌. എന്നാല്‍, ക്രമക്കേടു നടന്നതായി അന്വേഷണത്തില്‍ തെളിവൊന്നും കണ്ടെത്താനായില്ല. മാത്രമല്ല, ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലായിരുന്നു പുനഃപ്രതിഷ്‌ഠാ ചടങ്ങുകള്‍ നടത്തിയത്‌. കൊടിമരപ്രതിഷ്‌ഠയ്‌ക്കു മേല്‍നോട്ടം വഹിക്കാനെത്തിയ അഡ്വക്കേറ്റ്‌ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ ഹൈക്കോടതി അംഗീകരിച്ചതാണെന്നും വിജിലന്‍സ്‌ കണ്ടെത്തി.
വിജിലന്‍സ്‌ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട്‌ വൈകാതെ കോടതിയില്‍ സമര്‍പ്പിക്കും. മുപ്പതു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണു കോടതി കഴിഞ്ഞമാസം ഒമ്പതിനു നിര്‍ദ്ദേശിച്ചത്‌.
യു.ഡി.എഫ്‌. സര്‍ക്കാര്‍ നിയമിച്ച, പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പ്രസിഡന്റും അജയ്‌ തറയില്‍, കെ. രാഘവന്‍ എന്നിവര്‍ അംഗങ്ങളുമായ ഭരണസമിതിയുടെ കാലത്തായിരുന്നു പുതിയ കൊടിമരം സ്‌ഥാപിച്ചത്‌. കൊടിമര നിര്‍മാണത്തിനായി ലഭിച്ച സ്വര്‍ണത്തിന്റെ അളവ്‌ കൃത്യമായി തിട്ടപ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനായി എക്‌സ്‌റേ ഫ്‌ളൂറോസീന്‍സ്‌ സ്‌പെക്‌ട്രോസ്‌കോപ്പി എന്ന ശാസ്‌ത്രീയ പരിശോധന നടത്താന്‍ അനുമതി നല്‍കി. പ്രതികളുടെ ഒപ്പ്‌, സാമ്പത്തിക ഇടപാടുകള്‍ എന്നിവയില്‍ ശാസ്‌ത്രീയ പരിശോധന നടത്തും. കൂടാതെ, കൊടിമരത്തിനായി സ്വര്‍ണ്ണം സംഭാവന ചെയ്‌തവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്‌. പരിശോധനാ റിപ്പോര്‍ട്ട്‌ ലഭിക്കുന്ന മുറയ്‌ക്ക്‌ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും.
കൊടിമര പുനഃപ്രതിഷ്‌ഠയില്‍ ദേവസ്വം മാനുവലിലെ നിര്‍ദ്ദേശങ്ങളും സാമ്പത്തിക ചട്ടങ്ങളും ലംഘിക്കപ്പെട്ടതായി കോടതി സംശയിച്ചിരുന്നു. പരിശോധനയ്‌ക്കായി കേസുമായി ബന്ധപ്പെട്ട മഹസര്‍ ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും ദേവസ്വം ബോര്‍ഡ്‌ വിജിലന്‍സിനു കൈമാറി.
വിജിലന്‍സ്‌ സമര്‍പ്പിക്കുന്ന അന്തിമ റിപ്പോര്‍ട്ടില്‍ അഴിമതി സ്‌ഥിരീകരിച്ചാല്‍, അഴിമതി നിരോധന നിയമപ്രകാരം കേസ്‌ എടുത്തു തുടര്‍നടപടികള്‍ സ്വീകരിക്കാനായിരുന്നു കോടതി തീരുമാനം. അതേസമയം, ശബരിമല ആടിയ നെയ്യ്‌ ശിഷ്‌ടം തട്ടിപ്പില്‍ 21 ലക്ഷത്തിന്റെ ക്രമക്കേട്‌ കണ്ടെത്തിയിട്ടുണ്ട്‌.

Ads by Google
Saturday 14 Mar 2026 10.51 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW