Sunday, March 15, 2026 Last Updated 23 Min 5 Sec ago English Edition
Todays E paper
Ads by Google
ടി.കെ. സുധീഷ്‌ കുമാര്‍
Wednesday 11 Mar 2026 11.36 PM

പത്തനംതിട്ടയില്‍ ഇടത് ചിത്രം തെളിഞ്ഞു; അടൂര്‍ പ്രകാശിന്റെ സ്‌ഥാനാര്‍ഥിത്വം; യു.ഡി.എഫ്‌. ചര്‍ച്ച വഴിമുട്ടി

കോന്നിയിലെ സ്‌ഥാനാര്‍ഥിയെ തീരുമാനിച്ചെങ്കില്‍ മാത്രമേ ജില്ലയില്‍ സാമുദായിക സമവാക്യം രൂപപ്പെടുത്തി മറ്റു മണ്ഡലങ്ങളിലേക്ക്‌ കടക്കാന്‍ കഴിയു എന്നതാണ്‌ സ്‌ഥിതി.ഇതോടെ മറ്റിടങ്ങളിലെ സ്‌ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും വഴി മുട്ടി.
uploads/news/2026/03/829687/Adoor-Prakash.jpg

പത്തനംതിട്ട; അടൂര്‍ പ്രകാശിന്റെ സ്‌ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനം വൈകുന്നത്‌ പത്തനംതിട്ട ജില്ലയില്‍ യു.ഡി.എഫ്‌. ചര്‍ച്ചകള്‍ വഴിമുട്ടുന്നു. ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ചിത്രം തെളിഞ്ഞിട്ടും ചര്‍ച്ച തുടങ്ങാന്‍ പോലും യു.ഡി.എഫിനു കഴിഞ്ഞിട്ടില്ല.

സംസ്‌ഥാനത്തെ മിക്ക മണ്ഡലങ്ങളിലും കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികളെ സംബന്ധിച്ച ഏകദേശ ധാരണ ഉണ്ടായതായി നേതാക്കള്‍ തന്നെ വ്യക്‌തമാക്കുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി സൂചനയില്ല. യു.ഡി.എഫ്‌. ജില്ല എന്ന്‌ വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇവിടെ നിലവില്‍ മുന്നണിക്ക്‌ നിയമസഭയില്‍ പ്രതിനിധ്യമില്ല. യു.ഡി.എഫിന്റെ സിറ്റിങ്‌ സീറ്റുകളിലെയും മറ്റു പ്രധാനമണ്ഡലങ്ങളിലെയും സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷമാകും പത്തനംതിട്ടയുടെ കാര്യം പരിഗണിക്കുകയെന്നാണ്‌ നേതാക്കള്‍ നല്‍കുന്ന സൂചന. എന്നാല്‍, ഇതില്‍ അണികള്‍ തൃപ്‌തരല്ല. ഔദ്യോഗിക പ്രഖ്യാപനം വൈകുന്നതോടെ നിരവധി പേര്‍ സ്വയം സ്‌ഥാനാര്‍ഥികളായി പ്രഖ്യാപിച്ച്‌ രംഗത്ത്‌ വരുന്നുമുണ്ട്‌.

കോന്നിയാണ്‌ യു.ഡി.എഫ്‌. കണ്‍വീനറും ആറ്റിങ്ങല്‍ എം.പി യുമായ അടൂര്‍ പ്രകാശ്‌ ആവശ്യപ്പെടുന്നത്‌. 3 തവണ കോന്നിയില്‍നിന്നും നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, 2019-ല്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം നിയമസഭാംഗത്വം രാജിവയ്‌ക്കുകയും ആറ്റിങ്ങലില്‍നിന്നും ലോക്‌സഭയിലേക്ക്‌ മത്സരിച്ച്‌ വിജയിക്കുകയുമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആറ്റിങ്ങലില്‍ അടൂര്‍പ്രകാശ്‌ വിജയം ആവര്‍ത്തിച്ചു.
എന്നാല്‍, അടൂര്‍ പ്രകാശിന്റെ രാജിയെത്തുടര്‍ന്ന്‌ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലം യു.ഡി.എഫിന്‌ നഷ്‌ടമായി. ഡി.വൈ.എഫ്‌.ഐ. നേതാവ്‌ കെ.യു ജെനീഷ്‌ കുമാര്‍ മണ്ഡലം പിടിച്ചെടുത്തു. തുടര്‍ന്ന്‌ വന്ന പൊതുതെരഞ്ഞെടുപ്പിലും ജെനീഷ്‌ വിജയം കണ്ടു.

ഡി.സി.സി പ്രസിഡന്റ്‌ ആയിരുന്ന പി. മോഹന്‍ രാജിനെയും വൈസ്‌ പ്രസിഡന്റ്‌ റോബിന്‍ പീറ്ററെയുമാണ്‌ ജെനീഷ്‌ കുമാര്‍ പരാജയപ്പെടുത്തിയത്‌. ഇത്തവണയും ജെനീഷ്‌കുമാര്‍ കോന്നിയില്‍ സി.പി.എം. സ്‌ഥാനാര്‍ഥിയാകും. ആദ്യ തവണ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതിനാല്‍ കാലാവധി പൂര്‍ണമായും ലഭിച്ചില്ല എന്ന കാരണത്താല്‍ സംസ്‌ഥാന നേതൃത്വം രണ്ടുടേം മാനദണ്ഡത്തില്‍ ഇളവ്‌ നല്‍കുകയായിരുന്നു. ഇതോടെ മണ്ഡലത്തില്‍ ഉത്‌ഘാടനങ്ങളും പ്രചാരണവുമായി ജെനീഷ്‌കുമാര്‍ സജീവമാകുകയും ചെയ്‌തു.

അടൂര്‍ പ്രകാശ്‌ സ്‌ഥാനാര്‍ഥി ആകുന്നില്ലെങ്കില്‍ ഇവിടെ ഡി.സി.സി. പ്രസിഡന്റ്‌ സതീഷ്‌ കൊച്ചുപറമ്പില്‍, വൈസ്‌ പ്രസിഡന്റ്‌ റോബിന്‍ പീറ്റര്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ പി. മോഹന്‍ രാജ്‌, എന്‍. ശൈലാജ്‌ എന്നിവരെയാണ്‌ പ്രാഥമികമായി പരിഗണിക്കുന്നത്‌.

കോന്നിയിലെ സ്‌ഥാനാര്‍ഥിയെ തീരുമാനിച്ചെങ്കില്‍ മാത്രമേ ജില്ലയില്‍ സാമുദായിക സമവാക്യം രൂപപ്പെടുത്തി മറ്റു മണ്ഡലങ്ങളിലേക്ക്‌ കടക്കാന്‍ കഴിയു എന്നതാണ്‌ സ്‌ഥിതി.ഇതോടെ മറ്റിടങ്ങളിലെ സ്‌ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും വഴി മുട്ടി. കോന്നിക്ക്‌ പുറമേ സി.പി.എം. മത്സരിക്കുന്ന ആറന്മുളയില്‍ മന്ത്രി വീണാ ജോര്‍ജ്‌, റാന്നിയില്‍ കേരളാ കോണ്‍ഗ്രസി(എം)ലെ പ്രമോദ്‌ നാരായണ്‍, അടൂരില്‍ സി.പി.ഐയിലെ പ്രിജി കണ്ണന്‍, തിരുവല്ലയില്‍ ജനതാദള്‍ നേതാവ്‌ മാത്യു ടി. തോമസ്‌ എന്നിവരാണ്‌ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥികള്‍.

യു.ഡി.എഫ്‌. ക്യാമ്പില്‍ ആറന്മുളയില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ അബിന്‍ വര്‍ക്കിക്കാണ്‌ മുന്‍തൂക്കം. പി. മോഹന്‍രാജ്‌, ജോര്‍ജ്‌ മാമ്മന്‍ കൊണ്ടൂര്‍, പഴകുളം മധു, റാന്നിയില്‍ റിങ്കു ചെറിയാന്‍, കെ. ജയവര്‍മ്മ, അടൂരില്‍ രമ്യ ഹരിദാസ്‌, ബാബു ദിവാകരന്‍, പന്തളം സുധാകരന്‍, കേരളാ കോണ്‍ഗ്രസ്‌ മത്സരിക്കുന്ന തിരുവല്ലയില്‍ വര്‍ഗീസ്‌ മാമ്മന്‍, ജോസഫ്‌ എം. പുതുശേരി എന്നീ പേരുകളുമാണ്‌ പരിഗണിക്കപ്പെടുന്നത്‌.

മുതിര്‍ന്ന നേതാവ്‌ പി.ജെ. കുര്യന്‍ മത്സരിക്കുകയാണെങ്കില്‍ അത്‌ തിരുവല്ലയില്‍ ആയിരിക്കും. ഇത്‌ വീണ്ടും മാറ്റങ്ങള്‍ക്കു കാരണമാകും. ആദ്യം കോന്നിയില്‍ അടൂര്‍ പ്രകാശ്‌ വരുന്നതിനെ ആശ്രയിച്ചാകും മറ്റിടങ്ങളിലെ പ്രഖ്യാപനം. ഇതിനായി പലയിടത്തും ചുവരും ബുക്ക്‌ ചെയ്‌തിരിപ്പാണ്‌ സ്‌ഥാനാര്‍ഥിത്വം മോഹിക്കുന്ന പല യു.ഡി.എഫ്‌. നേതാക്കളുടെയും അണികള്‍.

ടി.കെ. സുധീഷ്‌ കുമാര്‍

Ads by Google
ടി.കെ. സുധീഷ്‌ കുമാര്‍
Wednesday 11 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW