-->
മെട്രോ നഗരങ്ങളിൽ താമസിക്കുന്നവരെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് താമസസൗകര്യം. ജോലിക്കും പഠനത്തിനും എത്തുന്നവർക്ക് മാത്രമല്ല കുടുംബമായി താമസിക്കുന്നവർക്ക് പോലും വരുമാനത്തിന്റെ വലിയൊരു ശതമാനം വാടക ഇനത്തിൽ മാറ്റി വയ്ക്കേണ്ടി വരും. അക്കൂട്ടത്തിൽ മുൻപന്തിയിലാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ജീവിതച്ചെലവ്.
ഇപ്പോഴിതാ കാഴ്ചക്കാരെ വീണ്ടും അമ്പരപ്പിക്കുകയാണ് മുംബൈയിലെ ഒരു ഫ്ലാറ്റിനു നൽകുന്ന വാടക. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു വീഡിയോ മുംബൈയിലെ പരേലിൽ വെറും 700 സ്ക്വയർഫീറ്റിലുള്ള ഫ്ലാറ്റിന് രണ്ട് പെൺകുട്ടികൾ നൽകുന്ന മാസവാടക കൃത്യം ഒരു ലക്ഷം രൂപയാണെന്ന് പറയുന്നത് കാണാം. 23 വയസ്സ് പ്രായമുള്ള രണ്ട് സോഫ്റ്റ്‌വെയർ എൻജിനീയർമാരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്.
ഇൻഫ്ലുവൻസറായ ആര്യ കോത്താരി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, ജോഗ്ഗിംഗ് ചെയ്യുന്ന ഒരു പെൺകുട്ടിയോട് ഫ്ലാറ്റിന്റെ വാടകയെക്കുറിച്ച് ചോദിക്കുന്നത് കാണാം. മെയ്ന്റനൻസ് ചാർജ് ഉൾപ്പെടെ കൃത്യം ഒരു ലക്ഷം രൂപയാണ് ഓരോ മാസവും വാടകയിനത്തിൽ നൽകുന്നത് എന്ന് പെൺകുട്ടി മറുപടി പറയുന്നത്.
പിന്നീട് ഹോം ടൂർ പോകാമോ എന്ന് ആര്യ ചോദിക്കുന്നതും പെൺകുട്ടി ഫ്ലാറ്റിലേക്ക് കൂട്ടികൊണ്ട് പോകുന്നതും വീഡിയോയിൽ ഉണ്ട്.
ഫ്ലാറ്റിൽ എത്തിയ ശേഷം ഏകദേശം 700 സ്ക്വയർഫീറ്റുള്ള ഈ ടൂ ബിഎച്ച്ക ഫ്ലാറ്റ് രണ്ട് പേർ ചേർന്നാണ് പങ്കിടുന്നത് എന്ന് ഇവർ പറയുന്നു. ഫ്ലാറ്റിന്റെ ലിവിംഗ് റൂമാണ് ഇവരുടെ ഏറ്റവും പ്രിയപ്പെട്ട ഇടം.
ഒഴിവുസമയങ്ങളിൽ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കാൻ ഇവർ തിരഞ്ഞെടുക്കുന്നത് ഈ ഭാഗമാണെന്നാണ് വീഡിയോയിൽ പറയുന്നത്. മാസ്റ്റർ ബെഡ്‌റൂമിന് മറ്റ് മുറികളേക്കാൾ അല്പം വലുപ്പമുണ്ടെങ്കിലും മുംബൈയിലെ സാധാരണ ഫ്ലാറ്റുകളുടെ അത്രയും സൗകര്യങ്ങൾ മാത്രമേ ഇതിനുള്ളൂ.
ഈ ഫ്ലാറ്റിന് ഇത്രയും വലിയ വാടക വരാൻ കാരണമായി താമസക്കാർ ചൂണ്ടിക്കാട്ടുന്നത് അവിടുത്തെ കാഴ്ച്ചയാണ്. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും ദൂരെയായി കാണാൻ സാധിക്കും. 'വിമാനങ്ങൾ വന്നിറങ്ങുന്നത് നോക്കി നിൽക്കുക എന്നത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്,' എന്നാണ് താമസക്കാരിൽ ഒരാൾ വീഡിയോയിൽ പറയുന്നത്. മുംബൈ നഗരത്തിന്റെ നടുവിൽ ഇത്തരം കാഴ്ചകൾ ലഭിക്കുന്ന സ്ഥലങ്ങൾക്ക് ഡിമാൻഡ് കൂടുതലാണെന്നത് വാടക കൂടാനുള്ള ഒരു കാരണമാണ്.
മുംബൈയിൽ താമസിക്കുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് പെൺകുട്ടികൾ നൽകിയത്. "മുംബൈയിലെ ഗതാഗതക്കുരുക്കും ദൂരവും കാരണം ബാന്ദ്രയിലുള്ള സുഹൃത്തുക്കളുമായി ബന്ധം പുലർത്തുന്നത് 'ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പ്' പോലെയാണ്.." എന്നാണ് ഇവർ ചിരിച്ചു കൊണ്ട് പറയുന്നത്. ഉയർന്ന വാടകയാണെങ്കിലും തങ്ങൾ താമസിക്കുന്ന സ്ഥലത്തെക്കുറിച്ചും പരിസരത്തെക്കുറിച്ചും ഇവർ സംതൃപ്തരാണെന്ന് വിഡിയോയിൽ നിന്ന് മനസിലാകും.
വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് കമന്റുകളിൽ നിറയുന്നത്. 23 വയസ്സുള്ള കുട്ടികൾ ഇത്രയും വലിയ തുക വാടക നൽകുന്നതിനെ ഒരു കൂട്ടർ വിമർശിക്കുമ്പോൾ, മുംബൈയുടെ ഹൃദയഭാഗമായ പരേലിൽ ഇത്തരം നിരക്കുകൾ സാധാരണമാണെന്ന് വാദിക്കുന്നവരുമുണ്ട്. ലൊക്കേഷൻ, സുരക്ഷ, മറ്റ് ആധുനിക സൗകര്യങ്ങൾ എന്നിവ പരിഗണിക്കുമ്പോൾ ഈ വാടക ന്യായമാണെന്ന് ഈ മേഖലയിൽ താമസിക്കുന്നവർ പറയുന്നു. സാധാരണക്കാർക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത വാടക നിരക്കുകൾ ഐടി മേഖലയിലെ പ്രൊഫഷണലുകൾക്ക് പോലും ഭാരമായി മാറുന്നുണ്ടോ എന്ന ചർച്ചയും കമന്റുകളിൽ നിറയുന്നുണ്ട്.