-->
ബോളിവുഡില്‍ സ്ത്രീകള്‍ക്കും പുരുഷ താരങ്ങള്‍ക്കുമിടയിലുളള പ്രതിഫല വ്യത്യാസത്തെക്കുറിച്ച് പറഞ്ഞ് നടന്‍ സെയ്ഫ് അലി ഖാന്‍. നായകനോ നായികയോ എന്നുളളതല്ല, മറിച്ച് ഒരാള്‍ക്ക് ബോക്‌സ് ഓഫീസില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനുളള കഴിവാണ് പ്രതിഫലം നിശ്ചയിക്കുന്നതെന്ന് സെയ്ഫ് അലി ഖാന്‍ പറഞ്ഞു. തന്റെ സഹോദരി സോഹ അലി ഖാന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഒരു പ്രത്യേക ലിംഗത്തിൽപ്പെട്ടതു കൊണ്ട് മാത്രം കൂടുതൽ പ്രതിഫലം ലഭിക്കണമെന്നില്ല. ആളുകൾ തിയറ്ററുകളിൽ വരുന്നത് ഏതൊരു താരം കാരണമാണോ, അവർക്ക് അതിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കും. ഇതൊരു സന്തുലിതമായ സാമ്പത്തിക സംവിധാനമാണ്."- സെയ്ഫ് അലി ഖാന്‍ പറഞ്ഞു. ഈ സംവിധാനം ഏതെങ്കിലും ഒരു വിഭാഗത്തെ പിന്തുണയ്ക്കാൻ രൂപകല്പന ചെയ്തതല്ലെന്നും പകരം ഒരു നടന്റെ അല്ലെങ്കിൽ നടിയുടെ വിപണി മൂല്യത്തിന്റെയും ബോക്സ് ഓഫീസ് സ്വാധീനത്തിന്റെയും പ്രതിഫലനമാണെന്നും അദ്ദേഹം വിശദീകരിച്ചു.
നെറ്റ്ഫ്‌ളിക്‌സിലൂടെ പ്രേക്ഷകരിലേക്കെത്തിയ ജൂവല്‍ തീഫ്- ദ് ഹെയ്സ്റ്റ് ബിഗിന്‍സ് ആണ് സെയ്ഫിന്റേതായി പ്രേക്ഷകരിലേക്ക് ഒടുവിലെത്തിയ പ്രൊജക്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഹായ്‌വാനാണ് സെയ്ഫ് അലി ഖാന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. സെയ്ഫിനൊപ്പം അക്ഷയ് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.