-->
കോഴിക്കോട്: ഏലത്തൂര്‍ നിയമസഭാ സീറ്റില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ വീണ്ടും മത്സരിക്കുന്നതിനെച്ചൊല്ലി എന്‍.സി.പിയില്‍ കലഹം തുടരുന്നു. ശശീന്ദ്രന്‍ മാറിനില്‍ക്കണമെന്നാവശ്യപ്പെട്ട് എലത്തൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രമേയം പാസാക്കി. 30 വര്‍ഷം എം.എല്‍.എയായിരുന്ന ശശീന്ദ്രന്‍ ഇനിയും സീറ്റില്‍ കടിച്ചുതൂങ്ങരുതെന്ന് ബ്ലോക്ക് സെക്രട്ടറി അരവിന്ദന്‍ കാക്കൂര്‍ പറഞ്ഞു. ശശീന്ദ്രന്‍ അനുകൂലികള്‍ കഴിഞ്ഞ ദിവസം ചേര്‍ന്നത് വിമതയോഗമാണെന്നും പ്രധാന ഭാരവാഹികളെ അതിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും ജില്ലാ സെക്രട്ടറി യാസിര്‍ കക്കോടിയും ആരോപിച്ചു.
ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പാര്‍ട്ടിയിലെ യുവജന വിഭാഗം ശക്തമായ പ്രതിഷേധത്തിലാണ്. മുതിര്‍ന്ന നേതാക്കള്‍ മാറിനിന്നില്ലെങ്കില്‍ അത് യുവാക്കള്‍ക്കിടയില്‍ വലിയ മനോവിഷമമുണ്ടാക്കുമെന്ന് നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നു. നേരത്തെ എന്‍.സി.പി ജില്ലാ നിര്‍വാഹകസമിതിയിലും ശശീന്ദ്രന്‍ മത്സരിക്കുന്നതിനെതിരെ എതിര്‍പ്പുകളില്ലാതെ പ്രമേയം അംഗീകരിച്ചിരുന്നു. നേതൃയോഗങ്ങളിലും ഒരു വിഭാഗം നേതാക്കള്‍ ശശീന്ദ്രന്‍ വീണ്ടും വരുന്നത് ശരിയല്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, ശശീന്ദ്രന്‍ തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി മറ്റൊരു വിഭാഗം രംഗത്തുണ്ട്. എലത്തൂര്‍ മണ്ഡലം കമ്മിറ്റി ശശീന്ദ്രനെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടതായി ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. വിജയന്‍ വ്യക്തമാക്കി. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരാനിരിക്കെ, ജില്ലയിലെയും മണ്ഡലത്തിലെയും ഭാരവാഹികള്‍ രണ്ട് തട്ടിലായത് എന്‍.സി.പി നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.