-->
തിരുവനന്തപുരം: സ്‌ത്രീകള്‍ക്കു കെ.എസ്.ആര്‍.ടി.സി. ബസില്‍ സൗജന്യയാത്രയടക്കം യു.ഡി.എഫിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ പ്രഖ്യാപിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നയിച്ച പുതുയുഗയാത്രയുടെ സമാപനസമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു രാഹുല്‍.
കോളജ് വിദ്യാര്‍ഥിനികള്‍ക്കു പ്രതിമാസം 1000 രൂപ, പ്രതിമാസ ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും, ഒരു കുടുംബത്തിന് 25 ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ്, യുവാക്കള്‍ക്കു സംരംഭങ്ങള്‍ തുടങ്ങാന്‍ അഞ്ചുലക്ഷം രൂപവരെ പലിശരഹിതവായ്‌പ എന്നിവയാണ് മറ്റ് വാഗദാനങ്ങള്‍. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പ്രത്യേകവകുപ്പ് ആരംഭിക്കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു.
മലയാളി ക്രിക്കറ്റ് താരം സഞ്‌ജു സാംസണെ പ്രശംസിച്ച് പ്രസംഗമാരംഭിച്ച രാഹുല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ചു. അമേരിക്കയുമായി വാണിജ്യക്കരാര്‍ ഒപ്പുവച്ചതിലൂടെ പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചെന്ന് അദ്ദേഹം ആരോപിച്ചു. മോദിയല്ലാതെ മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യയുടെ കാര്‍ഷികമേഖല അമേരിക്കയ്‌ക്കു തുറന്നുകൊടുത്തിട്ടില്ല. കരാറിലൂടെ രാജ്യത്തിന്റെ ഊര്‍ജസുരക്ഷ അപകടത്തിലാകും. അമേരിക്ക നിര്‍ദേശിക്കുന്ന രാജ്യങ്ങളില്‍നിന്നേ എണ്ണ വാങ്ങൂവെന്ന് പ്രധാനമന്ത്രി വാക്കുനല്‍കി. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് മോദിയെ നിയന്ത്രിക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയെ മോദിയാണ് നിയന്ത്രിക്കുന്നത്. പിണറായിക്കെതിരേ ഇ.ഡി. എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നും രാഹുല്‍ ചോദിച്ചു. തന്നെ 55 മണിക്കൂര്‍ ഇ.ഡി. ചോദ്യംചെയ്‌തു. എന്നാല്‍, പിണറായിക്കും കുടുംബത്തിനുമെതിരേ ഒരു നടപടിയുമുണ്ടായില്ല. കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്ന സി.ജെ.പിയാണുള്ളതെന്നും രാഹുല്‍ പരിഹസിച്ചു.
തൊഴിലാളികളുടെ താത്‌പര്യം സംരക്ഷിക്കാന്‍ സംസ്‌ഥാനസര്‍ക്കാരിനു കഴിയുന്നില്ല. സര്‍ക്കാരിന് കോര്‍പറേറ്റ് സ്വഭാവമാണ്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സി.പി.എം. നേതാക്കള്‍ ജയിലിലായി. യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശക്‌തമായ നടപടിയുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.