-->
ഒരു ചിരി കണ്ടാല്‍ അത് മതി സുധാകരന്‍ സഖാവിന് കലിപ്പിളകാന്‍. പിന്നെയൊരു വിളിയിലോ മൊഴിയിലോ മഞ്ഞുരുകത്തുമില്ല. മന്ത്രിയായിരുന്ന കാലത്ത് ക്ഷേത്ര ശാന്തിമാരുടെ കോണക കണക്കെടുപ്പ് നടത്തി മൈക്ക് കെട്ടി വിവരിച്ചിരുന്ന സുധാകര സഖാവിന്റെ പല്ലുകൊഴിഞ്ഞതോടെ യാതൊരു പരിഗണനയും നല്‍കില്ലെന്ന്, ചിരിയകമ്പടിയില്‍ ഗോവിന്ദന്‍ മാഷൊന്ന് മൊഴിഞ്ഞതേ ഓര്‍മയുള്ളൂ;കൊഴിഞ്ഞ പല്ലുകള്‍ക്കിടയില്‍ വിരല്‍ തിരുകി സുധാകരന്‍ സഖാവ് ഗര്‍ജിച്ചുണര്‍ന്ന് മാഷിനെ എടുത്തിട്ടലക്കി മുഖപുസ്‌തകത്തില്‍ ഞൊറിഞ്ഞങ്ങുടുത്തു. ഒരു ചിരിയില്‍ കൊടുങ്കാറ്റിനെ പോലും ചായക്കോപ്പയില്‍ ഒതുക്കിയ നയതന്ത്രജ്‌ഞനായിരുന്നു മുന്‍ സെക്രട്ടറി കോടിയേരിയെങ്കില്‍, മറുചിരിയാല്‍ ചായക്കോപ്പയില്‍നിന്ന് കൊടുങ്കാറ്റിനെ സൃഷ്‌ടിച്ച് ആനന്ദം കണ്ടെത്തലാണ് ഇപ്പോഴത്തെ സെക്രട്ടറിയുടെ വിനോദം. തെരഞ്ഞെടുപ്പ് കാലത്ത് നീര്‍ക്കോലി കടിച്ചാലും അത്താഴം മാത്രമല്ല;അമൃതേത്ത് വരെ മുടങ്ങുമെന്നറിയാമെങ്കിലും കടിച്ചത്
രാജവെമ്പാലയാകുമ്പോള്‍ വിഷം ആര് ഇറക്കുമെന്നതില്‍ യാതൊരു ധാരണയുമില്ല കമ്യൂണിസ്‌റ്റ് തറവാട്ടിലാര്‍ക്കും. ഒടുവിലൊരു പാലം ഉദ്‌ഘാടന നോട്ടീസില്‍ ഇത്തിരി പടം ചേര്‍ത്ത് അനുരജ്‌ഞനത്തിന്റെ പാലമിട്ട് കാത്തിരുന്നെങ്കിലും കൂരായണ മൊഴിയും ചിരിയും ഓര്‍ത്താകും സുധാകര സഖാവ് അതില്‍മേലും കയറിയില്ല.ഒരു കാലത്ത് കിഴക്കിന്റെ വെനീസില്‍ മേഞ്ഞുനടന്ന ഒറ്റയാനായിരുന്നു സുധാകരന്‍ സഖാവ്. ഒളിവുജീവിത കാലത്ത് കവിതയെഴുതിയിരുന്നെങ്കിലും പരസ്യപ്പെടുത്താതെ ജനനന്മ ലാക്കാക്കി പ്രവര്‍ത്തിച്ച വിശാലഹൃദയന്‍. ഇപ്പോള്‍ ഒറ്റയാന്‍ പട്ടം റാഞ്ചിയെടുത്ത കുന്തം കുടച്ചക്രം ഫെയിം സജി സഖാവും സി.എസ്. സുജാതയും തുടങ്ങി ആരോരുമറിയാത്ത ഒട്ടേറെ പേരെയടക്കം എസ്.എഫ്.ഐയിലൂടെ വളര്‍ത്തി, വെട്ടേണ്ടവരെ വെട്ടി കമ്യൂണിസ്‌റ്റ് നേതൃനിരയില്‍ തനിക്ക് ബലവും തണലുമായി കണ്ട നേതാവ്.അക്കാലത്ത് നാലു വര്‍ഷത്തോളം കക്ഷത്തിലൊതുക്കിയ എം.ജി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമെന്ന നിലയില്‍ സമ്പത്തുകാലത്ത് നട്ടുവളര്‍ത്തിയ ചെറുതൈകളൊക്കെ മരമായി വളര്‍ന്ന് തനിക്ക് മീതെ പതിച്ച അസ്വസ്‌ഥതയിലത്രേ സഖാവ്. സുധാകരന് മാത്രം പ്രത്യേക
പരിഗണനയില്ലെന്ന് ചിരിയാല്‍ മൊഴിയുന്ന ഗോവിന്ദന്‍ മാഷ്, തളിപ്പറമ്പിലെത്തിയാല്‍ ഗൗരവക്കാരനാകും. താനൊഴിഞ്ഞ സീറ്റ് മറുപാതിയ്‌ക്ക് തന്നെ കട്ടായം. ഈങ്ക്വിലാബ് വിളിച്ചു തേരാപാരാ നടന്നവരൊക്കെ അപ്പണി തുടരണം. നിയമസഭയും കൊടിവച്ച കാറുമൊക്കെ തനിക്കും ഭാര്യയ്‌ക്കും മരുമക്കളാദി കുടുംബക്കാര്‍ക്കും മാത്രം..!തലസ്‌ഥാനത്തോട്ട് പിടിച്ചാല്‍ ലോക്‌സഭയോ നിയമസഭയോ തെരഞ്ഞെടുപ്പ് ഏതുമാകട്ടെ, പട്ടികയിലൊന്നാമന്‍ ജില്ലാ സെക്രട്ടറി വി. ജോയി തന്നെ!
ഇതിനിടയിലും പരിഗണിക്കപ്പെടാതെ പോയതില്‍ കലിപ്പ് തീരാത്ത സുധാകര സഖാവിനെ ഒപ്പം ചേര്‍ക്കാന്‍ തക്കം പാര്‍ത്തിരിപ്പുണ്ട് ബി.ജെ.പി. ചെങ്കൊടി നേര്‍പ്പിച്ച് കാവിയായൊന്ന് വീശിയാല്‍ മതി, രാജ്യസഭയിലേക്ക് അയയ്‌ക്കാമെന്നത്രേ വാഗ്‌ദാനം. ധൃതിവയ്‌ക്കാതെ, കാത്തിരിക്കാന്‍ തയാറായി കോണ്‍ഗ്രസാകട്ടെ, സഖാവിനായി ഇലയിട്ട് സീറ്റ് ചേരുവയൊരുക്കി ഒന്നും രണ്ടും പറഞ്ഞിരിപ്പുമാണ്. സാക്ഷാല്‍ ഹൈക്കമാന്‍ഡ്
കൂട്ടിരിപ്പുകാരന്‍ കെ.സി. തന്നെയാണ് പാചകക്കാരനെന്നതിനാല്‍, സഖാവ് കൂടെ വന്നിട്ട് ഒന്നിച്ചുണ്ണാം എന്ന മട്ടില്‍ വി.ഡി. സതീശനാദികളും കട്ട വെയ്‌റ്റിങ്...
കെ.സി. ആലപ്പുഴയിലിരുന്ന് സുധാകര സഖാവിന്റെ മാറ്റളന്ന് കൂടെ ചേര്‍ക്കാന്‍ രാപ്പാര്‍ക്കവേ, പേരിനൊരു ശശിയെയെങ്കിലും കൂട്ടുപിടിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി മോഹം തുലാസിലാകുമെന്ന് വി.ഡിക്ക് വ്യക്‌തം. ഇതോടെ ശശിയുടെ പീഡന പരാതിയില്‍ പാര്‍ട്ടി കോടതി നടപടി ശരിവച്ച് പറഞ്ഞതെല്ലാം വിഴുങ്ങി വി.ഡിയുടെ മാസ്‌റ്റര്‍പീസ് വിസ്‌മയം. നേരിട്ടല്ല ഫോണ്‍ വഴിയാണ് ശശിയുടെ പീഡനമെന്ന് കണ്ടെത്തിയായിരുന്നു, ബാലനും ശ്രീമതിയുമടങ്ങിയ പാര്‍ട്ടി കോടതി, പീഡനത്തില്‍ തീവ്രത കുറവ് രേഖപ്പെടുത്തി ശശിയ്‌ക്കനുകൂല വിധിയെഴുത്ത് നടത്തിയത്. അതിനേറെ പരിഹാസവും ട്രോളുകളുമായി ഉറഞ്ഞുതുള്ളിയ വി.ഡി. തന്നെ ശശിയെ ആലിംഗനം ചെയ്‌ത് സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി ഒറ്റപ്പാലത്തേക്ക് ആനയിക്കുന്നതില്‍പരം വിസ്‌മയം മറ്റെന്തുണ്ടെന്നാണ് മൂക്കത്ത് വിരല്‍വച്ച് നാട്ടുകൂട്ടത്തിന്റെ ചോദ്യം.
കമ്യൂണിസ്‌റ്റ് കോട്ടയായ ഒറ്റപ്പാലത്ത് എം. ഹംസയാണ് ഇടതു നിരയില്‍ അവസാനവാക്ക്. പാര്‍ട്ടിയില്‍ ശശിയുടെ എതിര്‍ഗ്രൂപ്പില്‍ പോര്‍മുന. മുട്ടുമ്പോള്‍ പുലിയുടെ മടയില്‍ കയറിത്തന്നെ മുട്ടണം. അതാണ് ശശി അണ്ണന്റെ പോളിസി. കിട്ടാത്ത മുന്തിരി ശശിക്ക് കൊടുത്ത്, തൊട്ടടുത്ത മണ്ണാര്‍ക്കാടും പാലക്കാടും ചിറ്റൂരും കോങ്ങാടും ഉള്‍പ്പെടെ ശശിയുടെ വിമതപ്പടയെ വച്ച് പിടിക്കാനൊരു കൈ നോക്കാനുള്ള കെണിയൊരുക്കലാണ് കോണ്‍ഗ്രസ് തന്ത്രം. പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയും ഉയര്‍ന്നതും ലൈംഗിക പീഡന പരാതി തന്നെ. അതേ ലെവലില്‍ മറ്റൊരാള്‍ കൂടെ വന്നുചേര്‍ന്നാല്‍, നെഗറ്റീവും നെഗറ്റീവും ചേര്‍ന്ന് പോസിറ്റീവ് എന്ന
ഊര്‍ജതന്ത്ര തിയറിയാകും ഇനി വി.ഡിയുടെ വിസ്‌മയ പയറ്റ്!
മുമ്പൊക്കെ സഖാക്കള്‍ തമ്മില്‍ തെറ്റിയാല്‍ കുടിച്ച കട്ടന്‍ ചായയുടേയും കഴിച്ച പരിപ്പുവടയുടേയും കണക്ക് പറഞ്ഞായിരുന്നു വാഗ്വാദം. പാര്‍ട്ടി വളര്‍ത്താനുള്ള കഷ്‌ടപ്പാടില്‍ പട്ടിണി മറികടക്കാനുള്ള ഊര്‍ജമായിരുന്നു കട്ടന്‍ ചായയും പരിപ്പുവടയും. മാറിയ (തുടര്‍ ഭരണ)കാലത്ത് വളര്‍ന്ന പാര്‍ട്ടിയില്‍ നേതാക്കള്‍ക്ക് പരസ്‌പരം ആക്രമിക്കാന്‍ കൂട്ട് കളളും സ്‌പിരിറ്റും കഞ്ചാവും! നവോത്ഥാനം എന്നാല്‍ റോഡോരത്ത് പണിത മതിലല്ല;കട്ടന്‍ ചായയില്‍നിന്ന് കഞ്ചാവിലേക്കുള്ള വളര്‍ച്ചയാണെന്നറിയാന്‍ പാര്‍ട്ടി ക്ലാസില്‍ പോകണമെന്നുമില്ല.
കളള് കുടിക്കുന്നതിലും വില്‍ക്കുന്നതിലും ശശി എതിരല്ല. ഒരാഴ്‌ച മുമ്പ് വരെ ബിയറ് വില്‍പ്പനയടക്കം നടത്തുന്ന സര്‍ക്കാര്‍ സംവിധാനത്തിന്റെ തലപ്പത്തായിരുന്നു കക്ഷി. നാടാകെ ബീവറേജ് ഔട്ടെ്‌ലറ്റുകള്‍ തുടങ്ങി ബാറിന്റെ സമയം നീട്ടി മദ്യപസൗഹൃദമാക്കി സംസ്‌ഥാനത്തെ മാറ്റിയതും മ്മടെ സര്‍ക്കാരാണ്. എന്നിരുന്നാലും കള്ളില്‍ സ്‌പിരിറ്റ് ചേര്‍ത്താണ് വില്‍പ്പനയെങ്കില്‍ ശശി ക്ഷമിക്കുകേല. പാര്‍ട്ടി ജില്ലാ സെക്രട്ടറി അതുക്കും മേലെ സ്‌പിരിറ്റില്‍ കള്ള് ചേര്‍ത്താണ് വില്‍പ്പനയെന്ന് മൈക്ക് കെട്ടിയാണ് പ്രസംഗിച്ചത്. മ്മടെ സ്വന്തം ആളാണെന്നും പറഞ്ഞ് ഒരു കാലത്ത് ശശി ഊറ്റം കൊണ്ടതും ഇതേ സെക്രട്ടറിയുടെ പേരില്‍ തന്നെ.
എങ്കില്‍ പിന്നെ, സഞ്ചരിക്കാന്‍ സൈക്കിളുപോലുമില്ലാതിരുന്ന ശശി ഇക്കാലത്തിനിടയില്‍ കോടികളുടെ സ്വത്ത് സമ്പാദിച്ചത് എന്ത് വിറ്റിട്ടാണെന്ന്
തിരിച്ചടിച്ച് വിട്ടുകൊടുക്കാതെ ജില്ലാ സെക്രട്ടറിയും. സെക്രട്ടറിക്ക് ധൈര്യം പകരാന്‍ മധ്യകേരളത്തീന്ന് പാലക്കട്ടെത്തിയ യുവനേതാവിന് കള്ളല്ല;
കഞ്ചാവാണ് പഥ്യമെന്ന് ശശിയുടെ തിരിച്ചടി. ശശി പോയതോടെ വനിതാ സഖാക്കള്‍ക്ക് ധൈര്യമായി പാര്‍ട്ടി ഓഫീസില്‍ വരാമെന്ന് സഖാക്കളുടെ തന്നെ സെല്‍ഫ് ട്രോള്..! ഉടുതുണിയ്‌ക്ക് മറുതുണിയില്ലെങ്കിലും, വയറ്റിലാളുന്ന വിശപ്പ് ശമിപ്പിക്കാന്‍ നിവൃത്തിയില്ലെങ്കിലും ചെങ്കൊടി താഴാതെ, വിറയാത്ത കൈകളില്‍ ഉയര്‍ത്തിപിടിച്ച് പാര്‍ട്ടിയെ വളര്‍ത്തിയ പഴയകാല സഖാക്കളേ;കണ്ണുപൊത്തീടുക, കാതടച്ചീടുക
ജിനേഷ് പൂനത്ത്.