-->
ചാലക്കുടിക്കാരുടെ സ്വന്തമായ കലാഭവന്‍ മണി മലയാള സിനിമാപ്രേക്ഷകരുടെ സ്വന്തം കലാഭവന്‍ മണിയായി മാറിയത് പടവെട്ടി നേടിയെടുത്ത ജീവിതത്തിൽ നിന്നാണ്. അഭിനയംകൊണ്ടും നാടൻപാട്ടുകൊണ്ടും മനുഷ്യരോടുള്ള ഇടപെടൽകൊണ്ടും മറ്റ് അഭിനേതാക്കളില്‍ നിന്ന് വേറിട്ടു നിന്ന താരം, മിമിക്രി വേദികളിൽ നിന്നാണ് തന്റെ കലാജീവിതത്തിന് തുടക്കം കുറിച്ചത്. വേദികളെ കീഴടക്കുന്ന നാടന്‍ പാട്ടുകള്‍ കൊണ്ടും സ്വതസിദ്ധമായ അഭിനയമികവു കൊണ്ടും മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഒരേ സമയം തിളങ്ങി നില്‍ക്കാന്‍ മണിക്ക് കഴിഞ്ഞു.
കോമഡിയിലൂടെ തുടക്കം കുറിച്ച താരം പിന്നീട് സീരിയസ് കഥാപാത്രങ്ങളുള്‍പ്പടെ ചെയ്ത് മലയാളത്തില്‍ തന്റെ ഇടം ഉറപ്പിച്ചപ്പോള്‍ മണി എന്ന കലാകാരനിലെ വില്ലൻമുഖത്തെ കൂടുതൽ ജനപ്രിയമാക്കിയത് തമിഴ് ചലച്ചിത്ര ലോകമാണ്. എന്നാല്‍ 2016 ലെ ഒരു ഉത്സവകാലത്താണ് കലാഭവൻ മണിയെ മലയാളക്കരയ്ക്ക് അകാലത്തില്‍ നഷ്ടമായി. ആ ഓർമ്മകൾ മലയാളിക്ക് ഇന്നും ഒരു വിങ്ങലാണ്.
ഇപ്പോഴിതാ കലാഭവന്‍ മണിയുടെ ഓർമ്മദിനത്തിൽ, മണിയെന്ന മനുഷ്യനെ താൻ നെഞ്ചോട് ചേർക്കാൻ കാരണമായ വികാരനിർഭരമായൊരു അനുഭവം പങ്കുവെക്കുകയാണ് നടൻ അനൂപ് ചന്ദ്രൻ. അട്ടപ്പാടിയിലെ ഒരു ഓണാഘോഷത്തിനിടെ നടന്ന അവിശ്വസനീയമായ സംഭവമാണ് അനൂപ് ഫെയ്സ്ബുക്ക് പങ്കിട്ട വീഡിയോയിലൂടെ തുറന്നുപറഞ്ഞത്.
‘‘ഇന്ന് ആറാം തീയതി. പത്തു വർഷങ്ങൾക്കു മുൻപ് ഒരു ആറാം തീയതി, മലയാളക്കര മുഴുവൻ കരഞ്ഞ ഒരു ദിവസമാണ്. പ്രിയങ്കരനായ കലാഭവൻ മണി എന്ന മണിക്കിലുക്കം ഇല്ലാതായിട്ട് ഇന്നേക്ക് പത്തു വർഷം കഴിയുകയാണ്. ഞാൻ അദ്ദേഹത്തോടൊപ്പം വളരെ കുറച്ച് സിനിമകളെ അഭിനയിച്ചിട്ടുള്ളൂ. ഒരുപക്ഷേ അദ്ദേഹത്തിന്റെ പാടിപ്പോവാത്ത ഒരു സിനിമാ നടന്മാരിൽ ഒരാളായിരിക്കാം ഞാൻ. പക്ഷേ എങ്കിലും ഞാൻ കലാഭവൻ മണി എന്ന് പറയുന്ന മനുഷ്യനെ അളന്നത്, അദ്ദേഹത്തിനെ ഏറ്റവും കൂടുതൽ ബഹുമാനിക്കാൻ തുടങ്ങിയത് അട്ടപ്പാടിയിൽ അദ്ദേഹം ആദിവാസികൾക്കെല്ലാം ഒരു ഓണസദ്യ കൊടുത്ത അന്നാണ്. അതിന് എന്നെയും ക്ഷണിച്ചിരുന്നു, ഞാൻ പോയിരുന്നു.
അവസാനം എല്ലാവർക്കും ഓണക്കോടിയും സദ്യയും കൊടുത്തപ്പോൾ ഒരു ആദിവാസി അദ്ദേഹം മാത്രം ഓണക്കോടി ഇടാതെ നിൽക്കുന്നത് കണ്ടു. അപ്പൊ മണി അദ്ദേഹത്തോട്, ‘എന്തുപറ്റി ഓണക്കോടിയൊക്കെ വീട്ടിൽ കൊണ്ട് വെച്ചിട്ട് വന്നതാണോ’ എന്ന് ചോദിച്ചു. അപ്പൊ ‘പുള്ളിക്ക് കിട്ടിയില്ല’ എന്ന് പറഞ്ഞു.
തൽക്ഷണം മണിച്ചേട്ടൻ അദ്ദേഹത്തിന്റെ ഉടുപ്പും മുണ്ടും ആ ആദിവാസി അദ്ദേഹത്തിന് കൊടുത്തിട്ട്, അദ്ദേഹത്തിന്റെ ഉടുപ്പും മുണ്ടും വാങ്ങി ഇദ്ദേഹം ധരിച്ചു. അതിനുശേഷം വേദിയിൽ വീണ്ടും പാട്ടുപാടാനും ആടാനുമൊക്കെ തുടങ്ങി. അവസാനം എല്ലാ പരിപാടിയും കഴിഞ്ഞ് പോവാൻ നേരത്ത് അദ്ദേഹത്തിന്റെ ജഗ്വാർ കാറിനകത്ത് ‘അനൂപേ നീ ഇതിനകത്ത് കേറിക്കോ, ഞാൻ അവിടെ ചാലക്കുടി വിട്ടുതരാം, പിന്നെയങ്ങ് പോയാൽ പോരെ' എന്ന് ചോദിച്ചു. എന്റെ വണ്ടി പുറകെയും വന്നു.
ആ സമയത്ത് വണ്ടിക്കകത്ത് ഒരു മണം. ആ മണം ഇങ്ങനെ പിടിച്ച് പിടിച്ച് അവസാനം അദ്ദേഹം മണത്തിന്റെ ഉറവിടം കണ്ടെത്തി. തന്റെ ഉടുപ്പും മുണ്ടിൽ നിന്നുമാണ് ആ മണം വരുന്നത്. ആ ഉടുപ്പ് ഇങ്ങനെ കൂട്ടിപ്പിടിച്ച് അദ്ദേഹം മൂക്കിലോട്ട് വെച്ചിട്ട്, ആ മണം ഇങ്ങനെ ശക്തമായി എടുത്തിട്ട് അദ്ദേഹം നിഷ്കളങ്കമായി പറഞ്ഞ ഒരു വാചകമുണ്ട്, ഞാൻ അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെട്ടുപോയ വാചകം:
‘ദാ അനൂപേ ഇതിന് എന്റെ അച്ഛന്റെ മണമാടാ....’
അധ്വാനിക്കുന്ന, മണ്ണിൽ പണിയെടുക്കുന്ന ഒരു ആദിവാസിയുടെ വിയർപ്പിന്റെ ഗന്ധത്തിന് എന്റെ അച്ഛന്റെ ഗന്ധമാണെന്ന് തിരിച്ചറിയാനുള്ള ആ മനുഷ്യന്റെ ശേഷിയാണ് മണിയെ മലയാളക്കരയുടെ മണിക്കിലുക്കമായി മാറ്റിയത്. ഏറെ വേദനയോടെ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നൽകണമേ എന്ന് ഈ പ്രപഞ്ചത്തോട് പ്രാർത്ഥിച്ചുകൊണ്ട്, ആദരാഞ്ജലികൾ...’’ എന്നാണ് അനൂപ് ചന്ദ്രന്‍ വീഡിയോയില്‍ പറയുന്നത്. അനൂപ് ചന്ദ്രന്റെ വാക്കുകളില്‍ കലാഭവന്‍ മണിയുടെ ആ വലിയ മനസ്സ് കാണാന്‍ കഴിയും, മണിയെ സാധാരണക്കാരുടെ പ്രിയപ്പെട്ടവനാക്കി മാറ്റിയത് ആ മനസ്സാണ്.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് 2000ൽ ദേശീയ ചലച്ചിത്രപുരസ്കാരവും 1999ൽ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരവും മണിയെ തേടിയെത്തി. മലയാള സിനിമ അതിന്റെ പുതിയ കാലത്തിലേക്ക് കടക്കാന്‍ തുടങ്ങിയപ്പോഴാണ് ഇനിയുമൊരുപാട് ശകത്മായ കഥാപാത്രങ്ങള്‍ ബാക്കി വച്ച് കലാഭവന്‍ മണി യാത്രയായത്. കാലമിത്ര കഴിഞ്ഞിട്ടും മണിയെ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നത് വെള്ളിത്തിരയില്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ കൊണ്ടു മാത്രമല്ല ഒട്ടേറെ നാടൻപാട്ടുകളുടെ ഈണങ്ങളിലൂടെയുമാണ്.