-->
തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ തുടര്‍ച്ചയായി ജയിച്ചുകയറിയ എംഎല്‍എ വി ശിവന്‍കുട്ടി കഴിഞ്ഞ പത്തുകൊല്ലം കൊണ്ട് എന്തു വികസനമാണ് കൊണ്ടുവന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നേമത്തും മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന തൊട്ടപ്പുറത്തെ തിരുവനന്തപുരം ഭാഗത്തും അദ്ദേഹത്തിന്റെ പാര്‍ട്ടി കോര്‍പ്പറേഷന്‍ ഭരിച്ചിട്ട് പോലും ഒരു വികസനവും കൊണ്ടുവന്നില്ലെന്നും കുറ്റപ്പെടുത്തി.
നേമം നിയോജക മണ്ഡലം നോക്കിയാലും തിരുവനന്തപുരം നോക്കിയാലും പരിഹരിക്കാതെ കിടക്കുന്ന അനേകം പ്രശ്‌നങ്ങള്‍ ഉണ്ട്. എംഎല്‍എ ഇവിടെ ചെയ്യാത്ത കാര്യങ്ങള്‍ എഴുതിത്തരാന്‍ പറഞ്ഞപ്പോള്‍ നേമംകാര്‍ എഴുതിത്തന്നത് പത്തുപന്ത്രണ്ട് പേജുകളിലാണ്. അത് വായിക്കാന്‍ തുടങ്ങിയാല്‍ ഒന്നര മണിക്കൂര്‍ പോകും. ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി 2021 ല്‍ പൂര്‍ത്തിയായതാണ് എന്നാല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
രൂക്ഷമായ കടലാക്രമണത്തിന് തീരദേശത്ത് വീടുകള്‍ നശിക്കുന്നത് പുതിയ കാര്യമല്ല. അവരുടെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നേമം എംഎല്‍എ പത്തുവര്‍ഷമായി ഇവിടെയുണ്ടായിട്ടും ഒന്നും ചെയ്തില്ല. നേമത്തെ റജിസ്‌ട്രേഷന്‍ കോംപ്ലക്‌സ് 2018 ല്‍ തുടങ്ങിയതാണ് ഇപ്പോഴും പൂര്‍ത്തീകരിച്ചിട്ടില്ല. ഉദ്ഘാടനം ചെയ്യാന്‍ താല്‍പ്പര്യമൊക്കെയുണ്ടെങ്കിലും പണി പൂര്‍ത്തിയാകാത്തതിനാല്‍ പറ്റുന്നില്ല. തിരുവല്ലം അമ്പലത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. മുമ്പ് പല തവണ വാഗ്ദാനം ചെയ്ത ആറ്റുകാല്‍ ടൗണ്‍ഷിപ്പും തുടങ്ങിയിട്ടില്ല.
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞായിരുന്നു നേമം എംഎല്‍എ യുടെ പാര്‍ട്ടി അധികാരത്തില്‍ വന്നത്്. തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ഇറാന്‍, സിറിയ, ഗാസ എന്നൊക്കെ പറഞ്ഞ് പുകമറ സൃഷ്ടിക്കാന്‍ വിവാദം ഉണ്ടാക്കും. നേമത്തെ എംഎല്‍എ യെ വോട്ടുചെയ്ത് വിജയിപ്പിച്ചത് നേമത്തെ ആള്‍ക്കാരാണ് ഇറാനിലെ ആള്‍ക്കാരല്ല. അവര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. ധര്‍മ്മടത്തിന്റെ എംഎല്‍എ മുഖ്യമന്ത്രിയാണ്. അവിടെ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് പരാതിയുമായി എത്തിയത് 5000 പേരാണ്. കേരളത്തിലെ എംഎല്‍എ മാരെല്ലാം ചേര്‍ന്ന് കേരളത്തെ കുറ്റകരമായ അനാസ്ഥയുടെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ബിജെപിയുടെ രാഷ്ട്രീയം മകളുടെ അക്കൗണ്ടില്‍ കാശുവരുത്തുവാനോ ശബരിമലയിലെ സ്വര്‍ണ്ണം കൊള്ളയടിക്കാനോ അല്ല. നാടിനെ നന്നാക്കാന്‍ ബിജെപി ഒരു അവസരം ചോദിക്കുകയാണ്. നരേന്ദ്രമോദി കഴിഞ്ഞ 12 കൊല്ലം കൊണ്ടുവന്ന വികസനം നേമത്ത് കൊണ്ടുവരാന്‍ അവസരം ചോദിക്കുകയാണെന്നും പറഞ്ഞു. ബിജെപിയ്ക്ക് അവസരം കിട്ടിയാല്‍ നേമത്ത് വലിയ വികസനം കൊണ്ടുവരുമെന്നും പറഞ്ഞു.