Sunday, March 15, 2026 Last Updated 29 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.46 AM

ക്ഷീരമേഖലയിലെ വെല്ലുവിളികള്‍

uploads/news/2026/03/828913/1.jpg

സംസ്‌ഥാനത്തെ ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴം വര്‍ധിക്കുകയാണ്‌. ഉത്‌പാദനച്ചെലവിലുണ്ടായ വര്‍ധനയും കാലിത്തീറ്റയുടെ വില ഉയരുന്നതുമാണു കര്‍ഷകര്‍ നേരിടുന്ന മുഖ്യവെല്ലുവിളി. ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളില്‍ കര്‍ഷകര്‍ക്കു ലഭിക്കുന്ന പാല്‍ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ കേരളം മുന്നിലാണെങ്കിലും ഉത്‌പാദകര്‍ക്കു കരകയറാനാകാത്ത അവസ്‌ഥ നിലനില്‍ക്കുന്നതിന്റെ അനുഭവങ്ങളാണ്‌ പലരും പങ്കുവയ്‌ക്കുന്നത്‌. ഒരു ജീവിതമാര്‍ഗമെന്ന നിലയില്‍ കന്നുകാലി വളര്‍ത്തല്‍ തുടരുന്നവരും ഈ മേഖലയിലേക്കു വരുന്നവരും ഇപ്പോഴുമുണ്ട്‌. ഇവര്‍ക്കു നിലനില്‍ക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കാനാകണം. എങ്കില്‍മാത്രമേ സംസ്‌ഥാനത്തെ ക്ഷീരമേഖലയ്‌ക്കു സ്വയംപര്യാപ്‌തത നേടാനും മികച്ച ഉത്‌പന്നങ്ങള്‍ ഉപഭോക്‌താക്കള്‍ക്ക്‌ ഉറപ്പാക്കാനും കഴിയൂ. ഗ്രാമീണ സമ്പദ്‌ വ്യവസ്‌ഥയുടെ നട്ടെല്ല്‌ എന്ന കാഴ്‌ചപ്പാടോടെയുള്ള ഇടപെടലാണ്‌ ഈ മേഖല ആവശ്യപ്പെടുന്നത്‌.
മറ്റു പല ഉത്‌പന്നങ്ങളെയും അപേക്ഷിച്ച്‌ പാലിനു വിപണി കണ്ടെത്താന്‍ കര്‍ഷകര്‍ക്കു പ്രയാസപ്പെടേണ്ടിവരാറില്ല. എന്നാല്‍, പാല്‍ ഉത്‌പാദനത്തിനു വേണ്ടിവരുന്ന അധ്വാനവും ചെലവും കിട്ടുന്ന വരുമാനവും തമ്മില്‍ ഒത്തുപോകാതെ വരുന്നതോടെ കര്‍ഷകര്‍ കഷ്‌ടത്തിലാകും. കാലിത്തീറ്റ വിലയും മറ്റുള്ള ഉത്‌പാദനച്ചെലവും കൂടുന്നതിനനുസരിച്ച്‌ പാല്‍ വില ഒരിക്കലും വര്‍ധിപ്പിക്കാന്‍ കഴിയില്ല. കര്‍ഷകര്‍ അതിനു ശ്രമിച്ചാല്‍ വിപണിതന്നെ നഷ്‌ടമാകുകയാകും ഫലം. കോവിഡ്‌ കാലത്തു പല വീട്ടുകാരും ചെലവു കുറയ്‌ക്കുന്നതിന്റെ ഭാഗമായി പാല്‍ വേണ്ടെന്നുവച്ചിരുന്നു. ഉപഭോക്‌താക്കള്‍ക്കു ഭാരമേകാതെ ഉത്‌പാദനച്ചെലവ്‌ കുറയ്‌ക്കാനുള്ള ഇടപെടലാണ്‌ വേണ്ടത്‌. കാലിത്തീറ്റ 50 കിലോഗ്രാം ചാക്കിനു കഴിഞ്ഞ മാസം 25 രൂപ വര്‍ധിച്ച്‌ 1485 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 30 രൂപകൂടി കൂട്ടിയതു കര്‍ഷകരുടെ ഭാരമേറ്റി. കാലിത്തീറ്റ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്‌തുക്കളായ പരുത്തിപ്പിണ്ണാക്ക്‌, കടലപ്പിണ്ണാക്ക്‌, തേങ്ങാപ്പിണ്ണാക്ക്‌, ചോളം എന്നിവയുടെ വിലയിലുണ്ടായ വര്‍ധനയാണ്‌ വില ഉയരാന്‍ കാരണമായി പറയുന്നത്‌. ഒരു ലിറ്റര്‍ പാല്‍ ഉത്‌പാദിപ്പിക്കാന്‍ നിലവില്‍ 60 രൂപ ചെലവുവരുമെന്നാണു കര്‍ഷകര്‍ പറയുന്നത്‌. എന്നാല്‍, ക്ഷീരസംഘങ്ങളില്‍ പാല്‍ വിറ്റാല്‍ പരമാവധി ലഭിക്കുന്നത്‌ 50 രൂപയില്‍ താഴെമാത്രവും. കാലിത്തീറ്റയില്‍ ഉണ്ടാകുന്ന വര്‍ധനപോലെതന്നെ പശുക്കളുടെ ചികിത്സാച്ചെലവും വലിയ സാമ്പത്തിക ഭാരമാണ്‌ വരുത്തിവയ്‌ക്കുന്നത്‌.
ലക്ഷക്കണക്കിനു കുടുംബങ്ങളുടെ ഉപജീവന മാര്‍ഗമെന്ന നിലയില്‍ കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക മേഖലകളില്‍ ക്ഷീരകര്‍ഷകര്‍ക്കു വലിയ പങ്കാണുള്ളത്‌. സംസ്‌ഥാനത്ത്‌ ആവശ്യമായ പാലില്‍ ഏകദേശം 20 ശതമാനം കുറവ്‌ ഇപ്പോഴുമുണ്ട്‌. പ്രതിദിന വരുമാനം ഉറപ്പാക്കി ഇനിയും നിരവധിയാളുകള്‍ക്ക്‌ ഈ മേഖലയിലേക്കു വരാനാകും. കാര്‍ഷിക വിളകള്‍ക്ക്‌ ഉണ്ടാകുന്നതുപോലെ വിലത്തകര്‍ച്ചയും വിലയില്‍ വലിയ ചാഞ്ചാട്ടവും ക്ഷീരകര്‍ഷകര്‍ക്കു നേരിടേണ്ടിവരാറില്ല. മതിയായ പ്രോത്സാഹനം ലഭിച്ചാല്‍ പാല്‍ ഉത്‌പാദനത്തില്‍ സംസ്‌ഥാനം ആഗ്രഹിക്കുന്ന സ്വയം പര്യാപ്‌തതയിലേക്ക്‌ മുന്നേറാനുമാകും.
സര്‍ക്കാര്‍ പദ്ധതികളും സഹകരണ മേഖലയുടെ ഇടപെടലും കര്‍ഷകര്‍ക്കു സഹായകരമാകുന്നുണ്ടെങ്കിലും പൂര്‍ണമായും കരുത്തായി മാറുന്നില്ലെന്നതാണ്‌ പോരായ്‌മ. മാറുന്ന ാലാവസ്‌ഥയ്‌ക്ക്‌ അനുയോജ്യമായ കന്നുകാലികളെ കണ്ടെത്തേണ്ടതും കുടുന്ന ചൂട്‌ അവയുടെ ഉത്‌പാദനക്ഷമതയെ ബാധിക്കാതെ നോക്കേണ്ടതും പുതിയകാല വെല്ലുവിളികളില്‍ ഒന്നായി മാറിയിട്ടുണ്ട്‌. പശുക്കളുടെ ആരോഗ്യമടക്കം നിരീക്ഷിക്കുന്നതിനുള്ള ആധുനിക സാങ്കതികവിദ്യ ഗ്രാമീണ മേഖലയിലെ ഭൂരിപക്ഷം കര്‍ഷകര്‍ക്കും പിടിയില്ലാത്ത കാര്യമാണ്‌. അതുപോലെ പാലിനെ മൂല്യവര്‍ധിത ഉത്‌പന്നങ്ങളാക്കി മാറ്റി നേട്ടം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും ശക്‌തിപ്പെടുത്തേണ്ടതുണ്ട്‌.

Ads by Google
Saturday 07 Mar 2026 10.46 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW