Wednesday, March 11, 2026 Last Updated 41 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 06.49 PM

‘‘കിഴക്കുണരും പക്ഷി’യിലേത് ഞാൻ ചോദിച്ചു വാങ്ങിയ വേഷം; റൊമാന്റിക് വേഷങ്ങളില്‍ നിന്നൊരു മാറ്റം വേണമെന്ന് തോന്നി ചെയ്തതാണത്...’’ ശങ്കര്‍

uploads/news/2026/03/828819/Untitled-7.jpg
Shankar about Kizhakkunarum Pakshi (Image Source: Youtube)

മലയാള സിനിമയിൽ ഒരു കാലത്ത് റൊമാന്റിക് ഹീറോ എന്ന് പറഞ്ഞാൽ അത് ശങ്കറായിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നായകന്മാരിൽ ഒരാളായിരുന്ന ശങ്കറിന് അപ്രതീക്ഷിതമായാണ് ചില തിരിച്ചടികൾ ലഭിച്ചത്. പെട്ടെന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷമായ നടൻ പിന്നീട് ചില ചെറിയ വേഷങ്ങളിൽ സിനികളിൽ പ്രത്യക്ഷപ്പെടുക മാത്രമാണുണ്ടായത്.
ഇതിനിടെ അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത് സംവിധാന രംഗത്തേക്കും കടന്നു. പക്ഷേ അതും അത്രകണ്ട് വിജയിച്ചില്ല. ശങ്കറിന് എന്താണ് സംഭവച്ചിതെന്ന് ഇന്നും പല സിനിമാ പ്രേമികളുടെയും ഉള്ളിലെ ചോദ്യമാണ്.
ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെക്കുറിച്ചും ഉയര്‍ച്ച താഴ്ചകളെക്കുറിച്ചും ശങ്കര്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ‘റൊമാന്റിക് ഹീറോ’ എന്ന ഇമേജിൽ നിന്ന് പെട്ടെന്ന് ഒരു ബ്രേക്ക് എടുത്ത് ‘കിഴക്കുണരും പക്ഷി’യിൽ വില്ലനായത് ചെയ്യേണ്ടിയിരുന്നില്ല എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് ശങ്കര്‍ മറുപടി പറയുന്നത്. തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും ആ കഥാപാത്രം ചോദിച്ചു വാങ്ങിയതാ​ണെന്നുമാണ് ശങ്കര്‍ പറയുന്നത്.
‘‘എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. കാരണം ‘കിഴക്കുണരും പക്ഷി’യിലേത് ഞാൻ ചോദിച്ചു വാങ്ങിയ വേഷമാണ്. അന്ന് ഒരുപാട് റൊമാന്റിക് വേഷങ്ങൾ മാത്രം ചെയ്യുമ്പോൾ അതിൽ നിന്നൊരു മാറ്റം വേണമെന്ന് എനിക്ക് തോന്നി. ‘സുഖമോ ദേവി’യിലൊക്കെ ഹീറോ ആണെങ്കിലും നല്ല പാട്ടുകളൊക്കെയുള്ള ഒരു കഥാപാത്രമായിരുന്നു. അതിൽ നിന്ന് മാറി എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് വേണു നാഗവള്ളിയോട് ഞാൻ ഈ കാര്യം പറയുന്നത്. അദ്ദേഹം നോക്കട്ടെ എന്ന് പറഞ്ഞു, അങ്ങനെയാണ് ‘കിഴക്കുണരും പക്ഷി’ സംഭവിക്കുന്നത്. ഒരുപാട് പേർക്ക് ഞാൻ ആ വേഷം ചെയ്തത് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല, എന്നാൽ കുറച്ചുപേർ അത് നല്ലതാണെന്നും പറഞ്ഞു.
എന്നെ റൊമാന്റിക് വേഷങ്ങളിൽ കണ്ടു ശീലിച്ചതുകൊണ്ട് ആളുകള്‍ അത് ഉൾക്കൊള്ളാൻ പറ്റിയിട്ടുണ്ടാകില്ല. ഇന്ന് നെഗറ്റീവ് വേഷങ്ങൾ ചെയ്താൽ ആളുകൾ അത് അഭിനയമായി കണ്ട് സ്വീകരിക്കും, പക്ഷെ അന്ന് ആളുകൾ വൈകാരികമായി വളരെയധികം ബന്ധപ്പെട്ടിരുന്നു. ഇപ്പോഴും ആളുകൾ ‘റൊമാന്റിക് ഹീറോ’ എന്ന് വിളിക്കാറുണ്ട്. റൊമാൻസ് മോശമൊന്നുമല്ല, കാരണം എല്ലാവരും റൊമാൻസ് ചെയ്ത് തന്നെയാണ് കടന്നു വന്നിട്ടുള്ളത്. എങ്കിലും ഒരു റൊമാന്റിക് ഹീറോ എന്നതിലുപരി ഒരു നല്ല നടൻ എന്ന് വിളിക്കപ്പെടാനാണ് എനിക്ക് ഇഷ്ടം...’’ ശങ്കര്‍ പറയുന്നു.
ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘എറിക്’ ഈ മാസമാണ് തിയേറ്ററിലെത്തുന്നത്. തെന്നിന്ത്യന്‍ താരം ഗീതിക തിവാരി, ഹേമന്ത് മേനോന്‍, പ്രേം പ്രവീണ്‍, മനു കുരിശിങ്കല്‍, കിരണ്‍ പ്രതാപ്, രാംജി, ആഷ്, ആതിര രാജീവ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW