Saturday, March 14, 2026 Last Updated 8 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 11.35 AM

സിപി ജോണിന് തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് നല്‍കരുത് ബിജെപി ജയിക്കും ; രാജിഭീഷണി മുഴക്കി പത്ത് ഡിസിസി നേതാക്കള്‍

uploads/news/2026/03/828768/cp-john.jpg

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ ഘടകക്ഷികള്‍ക്ക് സീറ്റു നല്‍കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തര്‍ക്കം. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് യുഡിഎഫിലെ ഘടകകക്ഷിയായ സിഎംപിയ്ക്ക് നല്‍കുന്നതിനെതിരേ ഡിസിസി ഭാരവാഹികള്‍ രംഗത്ത് വന്നു. ഇത്തവണ സി.എം.പി. നേതാവ് സി.പി. ജോണിനെ നിയമസഭയില്‍ എത്തിക്കാന്‍ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന കോണ്‍ഗ്രസ് അദ്ദേഹത്തിനായി കണ്ടുവെച്ച സീറ്റുകളിലൊന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുളളില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത്.

പത്തിലധികം ഡിസിസി ഭാരവാഹികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ പോലെയൊരു നിര്‍ണ്ണായക മണ്ഡലം ഘടകകക്ഷിക്ക് കൈമാറിയാല്‍ അത് ബിജെപിയുടെ കയ്യില്‍ എത്താനേ ഉപകരിക്കു എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. രാജിഭീഷണിയുമായി പത്തോളം ഡിസിസി ഭാരവാഹികള്‍ രംഗത്ത് എത്തി. തിരുവനന്തപുരം സെന്‍ട്രല്‍ സി.എം.പി.യ്ക്ക് നല്‍കരുതെന്നും സി.പി. ജോണിനെ സ്ഥാനാര്‍ത്ഥി ആക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

കോണ്‍ഗ്രസിന് ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരം സെന്‍ട്രല്‍ അവിടം ഘടകകക്ഷികള്‍ക്ക് നല്‍കിയാല്‍ ബിജെപി ജയിക്കാനിടയാകും എന്നാണ് ഈ നേതാക്കള്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുള്ള കാരണങ്ങളും അക്കമിട്ട് നിരത്തിയിട്ടുണ്ട്. നേരത്തേ നേമത്ത് 2011 ല്‍ ഉണ്ടായ അനുഭവം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

2011 ല്‍ നേമം സീറ്റ് ഘടകകക്ഷിയായ ജെഡിയുവിന് നല്‍കിയിരുന്നു. ഇവിടെ പി. സുരേന്ദ്രന്‍പിള്ള മത്സരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് ജയിച്ചുകയറിയത് ഒ രാജഗോപാല്‍ ആയിരുന്നു. ബിജെപയ്ക്ക് സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറക്കാനും പറ്റി. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കിയാലും ഈ അനുഭവം തന്നെയുണ്ടാകുമെന്നും കത്തില്‍ പറയുന്നു. തിരുവനന്തപുരത്ത് വലിയ സ്വാധീനം ഉള്ള പാര്‍ട്ടിയല്ല എന്ന കാരണത്താല്‍ അത് ബിജെപിയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നും പറയുന്നു.

തിരുവനന്തപുരം സെന്‍ട്രല്‍ കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും പിന്നില്‍ പോയപ്പോഴും ശശി തരൂരിന് വലിയ മുന്‍തൂക്കം തിരുവനന്തപുരം സെന്‍ട്രലില്‍ കിട്ടിയിരുന്നു. 2011 ല്‍ നിലവില്‍ വന്ന മണ്ഡലത്തില്‍ മത്സരിച്ച ശിവകുമാറിന് 2011 ല്‍ ജയം നേടാനും 2016 ല്‍ വിജയം ആവര്‍ത്തിക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് തരംഗം ഉണ്ടായപ്പോഴാണ് ആന്റണിരാജുവിന് ജയിക്കാനായത്. ഈ സീറ്റില്‍ കഴിഞ്ഞ തവണ മാത്രമാണ് പിന്നില്‍ പോയത്. എന്നിരുന്നാലും തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന സൂചന കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കിട്ടിയ മികച്ച വിജയത്തിലൂടെ വ്യക്തമായി.

അതേസമയം കുന്നംകുളത്ത് രണ്ടുതവണ തോറ്റ സിപി ജോണിന് ഇത്തവണ ഉറപ്പുള്ള സീറ്റ് നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മലബാറിലോ തിരുവനന്തപുരത്തോ നല്‍കാനാണ് ഉദ്ദേശം. തിരുവനന്തപുരം അല്ലെങ്കില്‍ തിരുവമ്പാടി നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW