Friday, March 13, 2026 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 05 Mar 2026 11.45 PM

സുധാകരന്റെ തീരുമാനം വരട്ടെ; ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല: കെ.സി വേണുഗോപാല്‍

uploads/news/2026/03/828677/k5.jpg

ആലപ്പുഴ: സി.പി.എം. നേതാവ്‌ ജി. സുധാകരനുമായി നിലവില്‍ രാഷ്‌ട്രീയ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക്‌ മറുപടിയില്ലെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി.
ജി.സുധാകരന്‍ വെളിപ്പെടുത്തിയത്‌ അദ്ദേഹത്തിന്റെ സ്വന്തം അനുഭവങ്ങളാണ്‌. ഇപ്പോഴും കമ്യൂണിസ്‌റ്റ്‌ ആശയങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്ന നേതാവാണദ്ദേഹം. തീരുമാനങ്ങള്‍ അദ്ദേഹത്തിന്റെതാണ്‌. അതിന്‌ ശേഷം മാത്രമെ ഞങ്ങളുടെ അഭിപ്രായത്തിന്‌ പ്രസക്‌തിയുള്ളു. സാങ്കല്‍പ്പിക ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാനില്ല. ജി.സുധാകരനും പാര്‍ട്ടിയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത്‌ സി.പി.എമ്മിന്റെ ആഭ്യന്തരകാര്യമാണ്‌.- വേണുഗോപാല്‍ ആലപ്പുഴയില്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.ദീര്‍ഘകാലത്തെ അനുഭവ സമ്പത്തും പക്വതയുമുള്ള രാഷ്‌ട്രീയ നേതാവാണ്‌ സുധാകരന്‍. എന്തു തീരുമാനം എങ്ങനെയെടുക്കണമെന്ന്‌ അദ്ദേഹത്തിനെ ആരും പഠിപ്പിക്കേണ്ടതില്ല. പൊതുസ്വീകാര്യതയും ജനപിന്തുണയുമുള്ള നേതാവാണ്‌. അദ്ദേഹത്തിന്‌ മത്സരിക്കാന്‍ സീറ്റു കൊടുക്കണമോയെന്നത്‌ സി.പി.എമ്മാണ്‌ തീരുമാനിക്കേണ്ടത്‌. അദ്ദേഹത്തിന്‌ സീറ്റ്‌ നിഷേധിച്ചത്‌ ഏത്‌ മാനദണ്ഡത്തിന്റെ അടിസ്‌ഥാനത്തിലാണെന്ന്‌ അറിയില്ല. അത്‌ അവരാണ്‌ വിശദീകരിക്കേണ്ടത്‌.
കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ അണികളിലുള്ള വികാരമാണ്‌ അദ്ദേഹത്തിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലും പ്രതിഫലിച്ചത്‌. അതെല്ലാം സി.പി.എമ്മിന്റെ ആഭ്യന്തരകാര്യം. അതില്‍ ഇടപെടാന്‍ ഉദ്ദേശ്യമില്ല. അണികളുടെ വികാരം മാനിച്ചല്ല സി.പി.എമ്മിന്റെ ഭരണം. ഇക്കാര്യം എല്ലാദിവസവും ഞങ്ങള്‍ ചൂണ്ടിക്കാട്ടുന്നതാണ്‌. അത്‌ ശരിവെയ്‌ക്കുന്നതാണ്‌ സുധാകരന്റെ പരസ്യ പ്രതികരണം- കെ.സി വേണുഗോപാല്‍ പറഞ്ഞു.

യു.ഡി.എഫ്‌. രാഷ്‌ട്രീയം സ്വീകരിക്കുന്ന തരംതാണയാളല്ല സുധാകരന്‍: എച്ച്‌. സലാം
ആലപ്പുഴ: ജി. സുധാകരന്‍ യു.ഡി.എഫ്‌. രാഷ്‌ട്രീയം സ്വീകരിക്കുന്ന തരംതാണയാളല്ലെന്ന്‌ എച്ച്‌. സലാം എം.എല്‍.എ. ദീര്‍ഘവര്‍ഷത്തെ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തനപാരമ്പര്യമുള്ളയാണ്‌ ജി. സുധാകരന്‍.
പെട്ടെന്ന്‌ എന്തെങ്കിലും ഒരു സന്ദര്‍ഭത്തില്‍ അങ്ങനെയൊന്നും പോകുന്നയാളല്ല. പാര്‍ട്ടിയെക്കുറിച്ച്‌ കൃത്യമായ ബോധ്യമുണ്ട്‌.- ജി. സുധാകരന്‍ യു.ഡി.എഫ്‌ സ്വതന്ത്രസ്‌ഥാനാര്‍ഥിയായി മത്സരിക്കുമെന്ന പ്രചാരണമുണ്ടല്ലോയെന്ന ചോദ്യത്തിനു മറുപടിയായി എച്ച്‌. സലാം പറഞ്ഞു.
അഞ്ചുവര്‍ഷമായി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിച്ചില്ലെന്ന വിമര്‍ശനത്തിന്‌ എം.എല്‍.എ നിലയില്‍ പറയുന്നില്ലെന്നും അതിന്‌ പാര്‍ട്ടി നേതൃത്വമാണ്‌ മറുപടി നല്‍കേണ്ടതെന്നും സലാം പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW