Saturday, March 14, 2026 Last Updated 6 Min 59 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകര്‍
Thursday 05 Mar 2026 11.45 PM

പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തേക്ക്; അനുനയ നീക്കവുമായി സി.പി.എം. നേതൃത്വം; വഴങ്ങാതെ ജി. സുധാകരന്‍, പിണറായി ഇടപെടുമോ എന്നത് നിര്‍ണായകം

പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബി ഉള്‍പ്പടെയുള്ളവരും അനുനയ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. അംഗത്വം പുതുക്കാനുള്ള സമയപരിധി എട്ടിന്‌ അവസാനിക്കും.
uploads/news/2026/03/828673/k1.jpg

ആലപ്പുഴ/തിരുവനന്തപുരം: അംഗത്വം പുതുക്കാതെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തേക്കെന്ന സന്ദേശം നല്‍കിയ മുതിര്‍ന്ന നേതാവ്‌ ജി. സുധാകരനെ അനുനയിപ്പിക്കാന്‍ സി.പി.എം. നീക്കം. പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സുധാകരനെ ഫോണില്‍ വിളിച്ചു സംസാരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യംകേട്ടാണു ചിരിച്ചതെന്നും വ്യക്‌തിപരമായി ആക്ഷേപിച്ചതല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി അംഗത്വം പുതുക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബി ഉള്‍പ്പടെയുള്ളവരും അനുനയ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. അംഗത്വം പുതുക്കാനുള്ള സമയപരിധി എട്ടിന്‌ അവസാനിക്കും.

നാളെ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം നിര്‍വഹിക്കാന്‍ ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെടുമോ എന്നതും നിര്‍ണായകമാകും. സുധാകരനുമായി ദീര്‍ഘകാലത്തെ അടുത്ത ബന്ധമുള്ള പിണറായി വിജയന്റെ നീക്കങ്ങളാണ്‌ പാര്‍ട്ടി കേന്ദ്രങ്ങളും ഉറ്റുനോക്കുന്നത്‌. ഇന്നലെ മാധ്യമങ്ങളുമായി പ്രതികരിക്കാന്‍ സുധാകരന്‍ തയാറായില്ല. ഇന്നും വാര്‍ത്താസമ്മേളനം വിളിക്കില്ലെന്നാണ്‌ സൂചന. അതേസമയം പാര്‍ട്ടി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയ നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നതായാണ്‌ വിവരം.

സുധാകരന്‌ ചില പരിഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന്‌ സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി സമ്മതിച്ചു. എന്നാല്‍ സുധാകരനില്‍നിന്ന്‌ സി.പി.എമ്മിനോ ഇടതുപക്ഷത്തിനോ പ്രയാസമുണ്ടാക്കുന്ന നിലപാടുകള്‍ ഉണ്ടാകില്ലെന്നും ബേബി വ്യക്‌തമാക്കി. കഴിഞ്ഞ ദിവസത്തെ സുധാകരന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌ ചില പ്രയോഗങ്ങളിലെ പരിഭവം പങ്കുവച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മാനദണ്‌ഡപ്രകാരം മത്സരത്തില്‍നിന്ന്‌ മാറ്റിനിര്‍ത്തിയതില്‍ അദ്ദേഹം അതൃപ്‌തനായിരുന്നു. 75 വയസ്‌ പിന്നിട്ടതോടെ 2022ല്‍ പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റിയില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു. നിലവില്‍ ജില്ലാ കമ്മിറ്റി ഓഫീസിനു കീഴിലുള്ള ബ്രാഞ്ചിലാണ്‌ അദ്ദേഹം പ്രവര്‍ത്തിക്കുന്നത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാതിരുന്നത്‌ മാത്രമല്ല, സംസ്‌ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാഗത്തുനിന്നുണ്ടായ പരിഹാസം നിറഞ്ഞ പ്രതികരണം കൂടിയാണ്‌ സുധാകരനെ കടുത്ത തീരുമാനത്തിലേക്ക്‌ എത്തിച്ചത്‌.

സുധാകരന്‍ പാര്‍ട്ടി വിട്ട്‌ പുറത്തുവന്ന്‌ സ്വതന്ത്രസ്‌ഥാനാര്‍ഥിയായാല്‍ കോണ്‍ഗ്രസ്‌ പിന്തുണ നല്‍കിയേക്കും. എന്നാല്‍ സുധാകരന്‍ ആദ്യ വ്യക്‌തമായ നിലപാടില്‍ എത്തട്ടേയെന്നതാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ അഭിപ്രായം. സുധാകരന്‍ ഒപ്പം വന്നാല്‍ അത്‌ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ സംസ്‌ഥാനമാകെ ഏറെ ഗുണം ചെയ്യുമെന്ന്‌ അവര്‍ കണക്കുകൂട്ടുന്നു. അമ്പലപ്പുഴയിലോ കുട്ടനാട്ടിലോ കായംകുളത്തോ അദ്ദേഹം സ്‌ഥാനാര്‍ഥിയായാലും പിന്തുണ നല്‍കുന്നത്‌ പരിഗണിക്കാനിടയുണ്ട്‌.

Ads by Google
Ads by Google
LATEST NEWS
TRENDING NOW