Tuesday, March 10, 2026 Last Updated 26 Min 53 Sec ago English Edition
Todays E paper
Ads by Google

അന്തര്‍ധാര

രാമചന്ദ്രന്‍
രാമചന്ദ്രന്‍
Thursday 05 Mar 2026 11.43 PM

രാഹുല്‍, ഒന്നു മുതല്‍ പൂജ്യം വരെ

കോണ്‍ഗ്രസില്‍ നെഹ്‌റു കുടുംബത്തിന്‌ താഴെയുള്ളവര്‍ക്ക്‌ പട്ടിയുടെ വില പോലുമില്ല. അസമിന്റെ ചുമതല വയനാട്‌ എം.പി. പ്രിയങ്കയ്‌ക്കാണ്‌. കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ വയനാട്ടിലെ അസംകാര്‍ കൂട്ടത്തോടെ പോകേണ്ടി വരും.
Rahul Gandhi

രണ്ടാഴ്‌ച മുന്‍പ്‌ ഒരു ഞായറാഴ്‌ച കെ.സി. വേണുഗോപാല്‍ ചെന്നൈ ആല്‍വാര്‍പേട്ടിലെ സ്‌റ്റാലിന്റെ വസതിയില്‍ പോയി സോണിയാ ഗാന്ധിയുടെ കത്ത്‌ കൈമാറി. ''മുദ്ര വച്ച കവറില്‍'' എന്നാണ്‌ കണ്ടത്‌. വേണുഗോപാല്‍ തുറന്ന്‌ വായിക്കാതിരിക്കാന്‍ മാഡം അരക്ക്‌ വച്ച്‌ ഒട്ടിച്ചതായിരിക്കും.

പണ്ട്‌ ഹാസ്യ സാഹിത്യകാരനായിരുന്ന ഇ.വി. കൃഷ്‌ണപിള്ള (അടൂര്‍ ഭാസിയുടെ അച്‌ഛന്‍) യ്‌ക്ക്‌ സുമതിക്കുട്ടിയമ്മ എന്നോ മറ്റോ പേരുള്ള ഒരു കാമുകി ഉണ്ടായിരുന്നു. ജോലി ചെയ്‌തിരുന്ന സ്‌ഥാപനത്തിലെ സഹപ്രവര്‍ത്തകന്‍ പി.സി. ആയിരുന്നു, ഹംസം. സുമതിക്കുട്ടിക്ക്‌ കൃഷ്‌ണപിള്ള കൊടുത്തയയ്‌ക്കുന്ന കത്തുകള്‍ പി.സി. പൊട്ടിച്ചു വായിക്കും. അത്‌ പിള്ളയ്‌ക്ക്‌ ആരോ പറഞ്ഞു കൊടുത്തു.

അടുത്ത കത്ത്‌ പി.സി. പൊട്ടിച്ചു വായിച്ചപ്പോള്‍ അത്‌ ഇങ്ങനെ തുടങ്ങി: ''ഈ കത്ത്‌ അത്‌ കൊണ്ടു വരുന്ന കഴുവേറി പൊട്ടിച്ചു വായിക്കുമെന്ന്‌ എനിക്കറിയാം...''

സ്‌റ്റാലിന്‌ സോണിയ എഴുതിയ കത്തില്‍ എന്തായിരുന്നുവെന്ന്‌ ഊഹിക്കാനേ കഴിയൂ. വേണുവിനൊപ്പം തമിഴ്‌നാട്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ കെ. സെല്‍വ പെരുന്തകൈ, എ.ഐ.സി.സി. നിരീക്ഷകന്‍ ഗിരീഷ്‌ ചോദാങ്കര്‍ എന്നിവരും ഉണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്‌ വിരുതു നഗര്‍ എം.പി. മാണിക്കം ടാഗോര്‍, അഖിലേന്ത്യാ പ്രഫഷനല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ പ്രവീണ്‍ ചക്രവര്‍ത്തി എന്നിവര്‍ നിരന്തരം സ്‌റ്റാലിനെ തെറി വിളിച്ചു കൊണ്ടിരിക്കും. അതിന്‌ കാരണം, ഡി.എം.കെ. മുന്നണിയിലുള്ള കോണ്‍ഗ്രസിന്‌ ഒരിക്കലും സ്‌റ്റാലിന്‍ മന്ത്രി സ്‌ഥാനം കൊടുക്കില്ല എന്നതാണ്‌. കൂടുതല്‍ സീറ്റും മന്ത്രിസ്‌ഥാനവും വേണമെന്ന്‌ അതുങ്ങളെക്കൊണ്ട്‌ മാഡം പറയിപ്പിക്കുന്നു. അടുത്ത കൊല്ലം അവിടെ തദ്ദേശ തെരഞ്ഞെടുപ്പുണ്ട്‌. അതിലും കൂടുതല്‍ പരിഗണന വേണം.

സ്‌റ്റാലിന്‍ പയ്യെ വിജയകാന്തിന്റെ ഭാര്യ പ്രേമലതയുടെ പാര്‍ട്ടിയെ മുന്നണിയില്‍ എടുത്തു. കോണ്‍ഗ്രസ്‌, ജോസഫ്‌ വിജയ്‌ -യുടെ കൂടെയോ തൃഷയുടെ കൂടെയോ പൊയ്‌ക്കോട്ടെ.
ഈ സാഹചര്യത്തില്‍ മാഡം എഴുതിയ കത്തില്‍ ദീനരോദനം ആകാനേ വഴിയുള്ളൂ. അതിനാല്‍, സ്‌റ്റാലിന്‍ 2021-ല്‍ കോണ്‍ഗ്രസിന്‌ കൊടുത്ത 25 സീറ്റിനപ്പുറം മൂന്ന്‌ കൂടി കൊടുത്തു -28 സീറ്റ്‌. വേണുഗോപാലിനെ മതിയാകാതെ ഒടുവില്‍ ചര്‍ച്ചയ്‌ക്ക്‌ പി. ചിദംബരത്തെ ഇറക്കേണ്ടി വന്നു. ഒരു രാജ്യസഭാ സീറ്റും കൊടുക്കും.

ഒന്നെങ്കിലും വേണം

ഈ കോണ്‍ഗ്രസ്‌ ദീനരോദനമാണ്‌ ഇനി തെരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്‌ഥാനങ്ങളില്‍ കേരളത്തില്‍ ഒഴിച്ച്‌ എല്ലായിടത്തും കേള്‍ക്കുന്നത്‌. കേരളം, തമിഴ്‌നാട്‌ എന്നിവയ്‌ക്ക്‌ പുറമെ, പശ്‌ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പുണ്ട്‌. ഡല്‍ഹി, ബിഹാര്‍ തിരഞ്ഞെടുപ്പുകളില്‍ തോറ്റമ്പിയ ശേഷം രാഹുല്‍ ഗാന്ധി കയ്‌പുനീര്‍ കുടിക്കുന്ന അവസരങ്ങളാണ്‌ ഇവ. 2012 മുതല്‍ 95 തെരഞ്ഞെടുപ്പുകളില്‍ തോറ്റ രാഹുല്‍ ഗാന്ധി അക്കാര്യത്തില്‍ ഗിന്നസ്‌ ബുക്‌ റെക്കോഡിന്‌ ശ്രമിക്കുകയാണ്‌. സ്വയം 2019ല്‍ സ്‌മൃതി ഇറാനിയോട്‌ മാത്രമേ അടിയറവ്‌ പറഞ്ഞുള്ളൂ എങ്കിലും പാര്‍ട്ടിയെ മൊത്തത്തില്‍ തോല്‍പിക്കാന്‍ അശ്രാന്തം പരിശ്രമിക്കും. 2029ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ വരും മുന്‍പ്‌ ഒന്നെങ്കിലും ജയിക്കണം എന്ന ദൗത്യമാണ്‌ കനഗോലുവിന്‌ കേരളത്തിലുള്ളത്‌.

തമിഴ്‌നാട്ടില്‍ 2021ല്‍ കോണ്‍ഗ്രസിന്‌ 18 സീറ്റും ബി.ജെ.പിക്ക്‌ നാലും കിട്ടി. 2016ല്‍ ഡി.എം.കെ. മുന്നണിയില്‍ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന്‌ വെറും എട്ടാണ്‌ കിട്ടിയത്‌; 2011ല്‍ 63-ല്‍ നിന്ന്‌ വെറും അഞ്ച്‌ സീറ്റ്‌. ഡി.എം.കെ. ആവശ്യമില്ലാതെയാണ്‌ ഇതിനെ ചുമക്കുന്നത്‌. 2021ല്‍ ഡി.എം.കെ. തോറ്റ 55ല്‍ കുറെ സീറ്റ്‌ കിട്ടിയാല്‍ കൊള്ളാമെന്നായിരുന്നു, കോണ്‍ഗ്രസിന്റെ പൂതി. ഈ അളിഞ്ഞ കണക്ക്‌ പറയാനാണ്‌ വേണുഗോപാല്‍ എം.എസ്‌സി ഗണിതത്തില്‍ ഒന്നാം റാങ്ക്‌ നേടിയത്‌.

ബംഗാളില്‍ കോണ്‍ഗ്രസ്‌ പാതാളത്തിലാണ്‌ -2021ല്‍ ഒരു സീറ്റും ഇല്ലാതിരുന്നതിനാല്‍ ഒരു സീറ്റ്‌ കിട്ടിയാലും അത്‌ രാഹുലിന്റെ വിജയമാണ്‌. കോണ്‍ഗ്രസിന്‌ ഈ പൂജ്യ നേട്ടം ഇന്ത്യയുടെ തെരഞ്ഞെടുപ്പ്‌ ചരിത്രത്തില്‍ ആദ്യമായിരുന്നു. 20 കൊല്ലത്തിന്‌ ശേഷം ഇക്കുറി ഒറ്റയ്‌ക്കാണ്‌ മല കയറ്റം. കോണ്‍ഗ്രസുമായി തൃണമൂല്‍ ഐക്യത്തിന്‌ തയ്യാറല്ല. രാഹുല്‍ ഗാന്ധി ഇന്ത്യ മുന്നണിയുടെ തലപ്പത്ത്‌ തുടരുന്നത്‌ മമതയ്‌ക്ക്‌ ഇഷ്‌ടമല്ല. കോണ്‍ഗ്രസിന്‌ ഒറ്റ എം.പിയാണ്‌ ബംഗാളില്‍ -മാള്‍ഡ ദക്ഷിണില്‍ നിന്ന്‌ ഇഷാ ഖാന്‍ ചൗധരി. ഈ തെരഞ്ഞെടുപ്പില്‍ നടക്കുന്നത്‌ കോണ്‍ഗ്രസിന്റെ അസ്‌തിത്വ പ്രകടനമായിരിക്കുമെന്ന്‌ അദ്ദേഹത്തിന്‌ അഭിപ്രായമുണ്ട്‌. സംഭവം കഴിയുമ്പോള്‍ പാലച്ചോട്ടില്‍ കോണ്‍ഗ്രസിന്റെ അസ്‌ഥി മാത്രമായിരിക്കും.

കോണ്‍ഗ്രസ്‌ 2021ല്‍ സി.പി.എമ്മുമായി ചേര്‍ന്നാണ്‌ മത്സരിച്ചത്‌. രണ്ടും പച്ച തൊട്ടില്ല. 2006ല്‍ കോണ്‍ഗ്രസ്‌ സ്വന്തമായി 21 സീറ്റ്‌ നേടിയിരുന്നു. അന്ന്‌ അധികാരത്തിലിരുന്ന സി.പി.എമ്മിന്‌ എതിരായ ഭരണവിരുദ്ധ വികാരം തൃണമൂലിന്‌ വോട്ടായി. 2011ല്‍ കോണ്‍ഗ്രസും തൃണമൂലും സഖ്യത്തിലായി സി.പി.എമ്മിനെ അട്ടിമറിച്ചു. 34 കൊല്ലത്തെ മാര്‍ക്‌സിസ്‌റ്റ്‌ ഭരണം നിലം പൊത്തി.

കോണ്‍ഗ്രസ്‌ പൊളിഞ്ഞ വിടവില്‍ ബി.ജെ.പി. കയറി. 2021ല്‍ ആകെ 294ല്‍ തൃണമൂല്‍ 231 നേടി; ബി.ജെ.പി. മൂന്നില്‍ നിന്ന്‌ 77ലേക്ക്‌ വളര്‍ന്നു. അത്‌ പുതിയ ചരിത്രമായിരുന്നു. രണ്ടിനെയും നേരിട്ട്‌ വേണം കോണ്‍ഗ്രസിന്‌ ഒരു സീറ്റെങ്കിലും നേടാന്‍. ആകെ കോണ്‍ഗ്രസ്‌ അവശേഷിക്കുന്നത്‌, 50% മുസ്ലിംകള്‍ ഉള്ള മാള്‍ഡ, മുര്‍ഷിദാബാദ്‌ ജില്ലകളിലാണ്‌. കോണ്‍ഗ്രസ്‌ ദേശീയ തലത്തില്‍ എന്ന പോലെ അവിടെയും ഇസ്ലാമിക പാര്‍ട്ടി മാത്രമായി. 32 സീറ്റുള്ള ഈ ജില്ലകളില്‍ ബി.ജെ.പിക്ക്‌ ആറെണ്ണമുണ്ട്‌. ബാക്കി തൃണമൂല്‍. ഇവിടങ്ങളില്‍ മുസ്ലിം വോട്ട്‌ നേടി ജയിക്കാമെന്ന കോണ്‍ഗ്രസ്‌ വ്യാമോഹത്തിനുള്ള തടയാണ്‌, തൃണമൂല്‍ പുറത്താക്കിയ ഹുമയൂണ്‍ കബീര്‍ ഉണ്ടാക്കിയ ജനതാ ഉന്നയന്‍ എന്ന പുതിയ പാര്‍ട്ടി. ബാബ്‌റി മസ്‌ജിദ്‌ പണിതു കൊണ്ടിരിക്കുന്ന ഇയാള്‍ മുന്‍പ്‌ ബി.ജെ.പിയില്‍ ആയിരുന്നു. ഒവൈസിയെപ്പോലെ ഇയാള്‍ ബി.ജെ.പിയുടെ ബി ടീം ആയിക്കൂടായ്‌കയില്ല.

ബഹ്‌റാംപൂരില്‍ അധിര്‍ രഞ്‌ജന്‍ ചൗധരിയെ തോല്‍പിച്ച തൃണമൂല്‍ എം.പി, പിന്നെ ഹുമയൂണ്‍ കബീര്‍, അധിര്‍ രഞ്‌ജന്‍ ചൗധരിയുടെ പിന്മാറ്റം -മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസ്‌ പൊട്ടും. മാള്‍ഡയില്‍ ഏക ബംഗാള്‍ കോണ്‍ഗ്രസ്‌ എം.പി. ആയ ഇഷാ ഖാന്‍ ചൗധരി മുന്‍ എം.പി. അബു ഹസീം ഖാന്‍ ചൗധരിയുടെ മകനും പഴയ കോണ്‍ഗ്രസ്‌ റെയില്‍ മന്ത്രി ഗനി ഖാന്‍ ചൗധരിയുടെ അനന്തരവനുമാണ്‌. ആ വിലാസത്തില്‍ എന്തെങ്കിലും തടഞ്ഞാലായി. തൃണമൂല്‍ എം.പി.യും ഗനി ഖാന്റെ അനന്തരവളുമായ മൗസം നൂര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിട്ടുണ്ട്‌.

കോണ്‍ഗ്രസില്‍ നിന്ന്‌ ബി.ജെ.പിയില്‍ എത്തി മുഖ്യമന്ത്രിയായ ഹിമന്തബിശ്വ ശര്‍മയുടെ അസം, കോണ്‍ഗ്രസിന്‌ ബാലികേറാമലയാണ്‌. മുന്‍ പി.സി.സി. പ്രസിഡന്റ്‌ ഭൂപെന്‍ ബോറ ബി.ജെ.പിയില്‍ എത്തി. രണ്ടു തവണ എം.എല്‍.എ. ആയ ബോറ ഇപ്പോള്‍ പി.സി.സി. പ്രസിഡന്റായ ഗൗരവ്‌ ഗോഗോയ്‌ -യുടെ ശത്രുവാണ്‌. രാഹുലിനെപ്പറ്റിയും ബോറയ്‌ക്ക്‌ അഭിപ്രായമില്ല. 2014-ല്‍ മാഡം തന്നെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ നിര്‍ദേശിച്ചപ്പോള്‍ അത്‌ വെടിവച്ചിട്ടത്‌ രാഹുല്‍ ആണെന്ന്‌ ശര്‍മ വെളിപ്പെടുത്തിയിട്ടുണ്ട്‌. അന്ന്‌ ഡല്‍ഹിയില്‍ രാഹുലിനെ കാണാന്‍ ശര്‍മ ചെന്നപ്പോള്‍ പട്ടിക്ക്‌ ബിസ്‌കറ്റ്‌ തീറ്റിക്കുകയായിരുന്നു, രാഹുല്‍. അതില്‍ ഒരു ബിസ്‌കറ്റ്‌ രാഹുല്‍ ശര്‍മയ്‌ക്ക്‌ നീട്ടി.

കോണ്‍ഗ്രസില്‍ നെഹ്‌റു കുടുംബത്തിന്‌ താഴെയുള്ളവര്‍ക്ക്‌ പട്ടിയുടെ വില പോലുമില്ല. അസമിന്റെ ചുമതല വയനാട്‌ എം.പി. പ്രിയങ്കയ്‌ക്കാണ്‌. കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ വയനാട്ടിലെ അസംകാര്‍ കൂട്ടത്തോടെ പോകേണ്ടി വരും.

-രാമചന്ദ്രന്‍

Ads by Google

അന്തര്‍ധാര

രാമചന്ദ്രന്‍
രാമചന്ദ്രന്‍
Thursday 05 Mar 2026 11.43 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW