-->
‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെ ലിച്ചിയായി വന്ന് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച നടിയാണ് അന്ന രേഷ്മ രാജൻ പിന്നീട് മോഹന്‍ലാലിനൊപ്പം ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമയിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി ഉദ്ഘാടനങ്ങളുടെ ഭാഗമാകുന്ന താരം കൂടിയാണ് അന്ന. സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന ഹോട്ട് ഗ്ലാമര്‍ ചിത്രങ്ങളിലൂടെയാണ് അന്ന രാജന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. അതിന്റെ പേരില്‍ സോഷ്യൽ മീഡിയയിൽ ബോഡി ഷെയ്മിങ് നേരിടേണ്ടിവരുന്ന താരങ്ങളിലൊരാൾ കൂടിയായി അന്ന മാറി.
ഇപ്പോഴിതാ ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിക്കുകയാണ് അന്ന രാജന്‍. ശുദ്ധമായ ഭക്തിയോടെയാണ് താന്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയതെന്നും, തന്റെ വസ്ത്രധാരണമോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരുടെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഹൃദയപൂര്‍വ്വം ക്ഷമ ചോദിക്കുന്നുവെന്നും വര്‍ഷങ്ങളായുള്ള ആഗ്രഹത്തിന് ശേഷമാണ് ഇത്തവണ അമ്മയുടെ സന്നിധിയില്‍ പൊങ്കാലയിടാന്‍ എത്തിയതെന്നും എന്നാല്‍ തന്റെ ഭക്തിയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടത് വലിയ വേദനയുണ്ടാക്കിയെന്നും താരം കുറിച്ചു. കൈകൂപ്പി, കണ്ണുനീരോടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് അന്ന തന്റെ ഭാഗം പ്രേക്ഷകരുമായി പങ്കിട്ടത്.
‘‘കൈകൂപ്പി, കണ്ണുനീരോടെ,
ആറ്റുകാല്‍ അമ്മയുടെ തൃപ്പാദങ്ങളില്‍ ഞാന്‍ ആദ്യമായി പൊങ്കാല അര്‍പ്പിച്ച ദിനമായിരുന്നു അത്. ശുദ്ധമായ ഭക്തിയോടെയാണ് ഞാന്‍ അവിടെ എത്തിയിരുന്നത്. അതികഠിനമായ ചൂടില്‍ നിന്നുകൊണ്ട്, വിറകടുപ്പില്‍ പൊങ്കാല ഒരുക്കി അമ്മയുടെ നാമം ജപിച്ച് വിശ്വാസത്തോടെ ആ നിമിഷം അനുഭവിക്കുകയായിരുന്നു.
ആ പരിശുദ്ധമായ നിമിഷത്തിനിടെ ചില അനാവശ്യമായ വിഡിയോകളും ക്ലിപ്പുകളും പകര്‍ത്തി പങ്കുവയ്ക്കപ്പെട്ടുവെന്ന് കണ്ടപ്പോള്‍ വളരെ വേദനയായി. ചുറ്റുമുണ്ടായിരുന്ന എല്ലാവരെയും മീഡിയയെയും ഉള്‍പ്പെടെ ഞാന്‍ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.എന്റെ ഭക്തിയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ചില നിമിഷങ്ങള്‍ അവതരിപ്പിച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചു.
എന്റെ സാരിയോ ഭാവങ്ങളോ അല്ലെങ്കില്‍ എന്റെ ഏതെങ്കിലും പ്രവൃത്തികളോ കാരണം ഏതെങ്കിലും ഭക്തരുടെ മനസില്‍ അനാവശ്യമായി വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ഹൃദയപൂര്‍വം ക്ഷമ ചോദിക്കുന്നു. ഒരിക്കലും അതായിരുന്നില്ല എന്റെ ലക്ഷ്യം. എന്റെ മനസ്സ് അമ്മയ്ക്ക് അറിയാം. ആ ചൂടും ആ പരിശ്രമവും ആ പ്രാര്‍ത്ഥനകളും എന്റെ ചിരിയുടെ പിന്നിലുള്ള സത്യസന്ധതയും അമ്മയ്ക്ക് അറിയാം.
ആ സത്യം മതി എനിക്ക്. എപ്പോഴും ഞാന്‍ ആറ്റുകാല്‍ അമ്മയുടെ വിനയമുള്ള ഒരു ഭക്തയായി തുടരും. എല്ലാം അമ്മയുടെ തിരുവടികളില്‍ സമര്‍പ്പിച്ചുകൊണ്ട്...’’ എന്നാണ് അന്ന രാജന്‍ കുറിച്ചിരിക്കുന്നത്. അന്ന രാജന്‍ പൊങ്കാലയിടുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി വിമര്‍ശനങ്ങളും അതിന്റെ പേരില്‍ വന്നിരുന്നു.
ഇത്തവണ ഒട്ടേറെ താരങ്ങളാണ് ആറ്റുകാല്‍ദേവിക്ക് പൊങ്കാല സമര്‍പ്പിച്ചത്. എല്ലാ പൊങ്കാലയ്ക്കും മുടങ്ങാതെ എത്തുന്ന ചിപ്പി മുതല്‍ അദിതി രവി, മീര അനിൽ, റിയ ഷിബു, സ്നിഷ, ആനി, ബീന ആന്‍റണി തുടങ്ങിയവതുടങ്ങിയവരെല്ലാം ചടങ്ങിനെത്തി. പിന്നാലെ ഓണ്‍ലൈന്‍ മീഡിയകളില്‍ താരങ്ങളില്‍ ചിലരുടെ മോശം ആംഗിളിലുള്ള വിഡിയോകളും ചിത്രങ്ങളുമാണ് പ്രചരിച്ചത്. കൂട്ടത്തില്‍ നടി അന്ന രാജന്റെ വിഡിയോകള്‍ക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നു. ചിലര്‍ ക്യാമറ ആംഗിളുകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ അന്ന രാജനെതിരയാണ് ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ചത്.
ആറ്റുകാല്‍ പൊങ്കാല പകർത്താൻ എത്തിയ ചില ഓണ്‍ലൈൻ മീഡിയകള്‍ അന്ന അടക്കമുള്ള സ്ത്രീ സെലിബ്രിറ്റികളുടെ സ്വകാര്യ ഭാഗങ്ങളുടെ വീഡിയോ പകർത്തി സോഷ്യല്‍മീഡിയയില്‍ റീലായി പോസ്റ്റ് ചെയ്തിരുന്നു. പൊങ്കാല ചടങ്ങില്‍ നിന്നുള്ള അന്നയുടെ വീഡിയോകള്‍ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. താരത്തെ ട്രോള്‍ ചെയ്തും പരിഹസിച്ചും വിമർശിച്ചും നിരവധി റിയാക്ഷൻ വീഡിയോകള്‍ പുറത്തിറങ്ങി. താരത്തിന്റെ വസ്ത്രധാരണം അടക്കം ചർച്ചയായി മാറി. സ്വന്തം സാരി ബ്രാന്റില്‍ നിന്നുള്ള ഒരു സാരി ധരിച്ചാണ് അന്ന എത്തിയത്. ബോഡി ഷെയിം ചെയ്യുന്ന തരത്തില്‍ വിവിധ ആങ്കിളുകളില്‍ നിന്നുള്ള അന്നയുടെ ചിത്രങ്ങളും വിഡിയോകളുമാണ് യൂട്യൂബേഴ്‌സ് പകര്‍ത്തിയത്.
താരത്തിന്റെ വസ്ത്രധാരണത്തെയും ശരീരപ്രകൃതിയെയും മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ റീച്ച് വര്‍ദ്ധിപ്പിക്കാന്‍ നടി മനഃപൂര്‍വ്വം യൂട്യൂബര്‍മാരെ ക്ഷണിച്ച് വരുത്തിയതാണെന്നും പൊങ്കാലയെ പബ്ലിസിറ്റി സ്റ്റണ്ടായി ഉപയോഗിച്ചുവെന്നും ഒരു വിഭാഗം ആരോപിച്ചു.
താരത്തിന്റെ വിശദീകരണ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് നടിയുടെ കുറിപ്പിന് താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. ആറ്റുകാല്‍ പൊങ്കാല എന്ന ഭക്തി നിർഭരമായ ചടങ്ങിന്റെ പരിശുദ്ധി നഷ്ടപ്പെട്ടതായി തോന്നി, കുറഞ്ഞപക്ഷം ഇത്തരം മീഡിയകളെ ആരാധനാലയത്തിലേക്ക് പോകുമ്പോള്‍ ക്ഷണിക്കരുത്, ഇങ്ങനെ ഒരു വിശദീകരണം കൊണ്ട് പ്രയോജനമില്ല. ഒരു മതത്തിന്റെ ദൈവിക ചടങ്ങിന് വരുന്നതിന് മുമ്പുള്ള അവിടുത്തെ ആചാര അനുഷ്ഠാനങ്ങള്‍ പഠിക്കണം...,എന്തുകൊണ്ട് തെറ്റായ രീതിയില്‍ മൊബൈല്‍ ക്യാമറയില്‍ വീഡിയോ പകർത്തിയ ആളുകള്‍ക്കെതിരെ നിങ്ങള്‍ പരാതി നല്‍കുന്നില്ല?. എപ്പോഴും നിങ്ങള്‍ അവരെ രസിപ്പിക്കുന്നു. അതിനാല്‍ അവർ ആ പ്രവൃത്തി തുടരുന്നു...’ എന്നതടക്കമാണ് കമന്റുകള്‍.