Wednesday, March 11, 2026 Last Updated 8 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 10.21 AM

നിതീഷ്‌കുമാര്‍ ഇന്ന് നാമനിര്‍ദേശം സമര്‍പ്പിക്കും ; ബീഹാറില്‍ ഇനി വരുന്നത് ബിജെപിയുടെ സ്വന്തം മുഖ്യമന്ത്രി

uploads/news/2026/03/828539/nithish-kumar.jpg

ന്യൂഡല്‍ഹി: ബീഹാറില്‍ പുതിയ രാഷ്ട്രീയ കാലാവസ്ഥ സൃഷ്ടിച്ചുകൊണ്ട് നിതീഷ്‌കുമാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ഇന്ന് രാജ്യസഭയിലേക്ക് നോമിനേഷന്‍ സമര്‍പ്പിക്കും. ഇന്ന് രാവിലെ പാറ്റ്‌നയില്‍ 75 കാരനായ ജെഡി യു നേതാവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചനകള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന എന്‍.ഡി.എ. നേതാക്കള്‍ക്കൊപ്പമായിരിക്കും പത്രിക സമര്‍പ്പിക്കുക.

നിതീഷ് നിയമസഭയുടെ പടിയിറങ്ങി രാജ്യസഭയിലേക്ക് പോകുന്നതില്‍ ജെഡിയുവില്‍ ഒരു വിഭാഗത്തിന് കനത്ത അതൃപ്തിയുണ്ടെന്നുമാണ് സൂചനകള്‍. ഇവര്‍ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. പ്രായവും ആരോഗ്യവുമെല്ലാം കണക്കിലാക്കിയാണ് നിതീഷിനെ മാറ്റുന്നതെന്നാണ് വിശദീകരണമെങ്കിലും ബീഹാര്‍ രാഷ്ട്രീയത്തില്‍ വന്‍ ശക്തിയായി കുതിച്ചുയരുന്ന ബിജെപി സ്വന്തം മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിതീഷിനെ രാജ്യസഭയിലേക്ക് വിടുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ബീഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി എത്തുമെന്നാണ് വിലയിരുത്തല്‍. യാദവര്‍ കഴിഞ്ഞാല്‍ ബീഹാറിലെ ഏറ്റവും വലിയ ഒബിസി വിഭാഗമായ കുശ്വാഹനേതാവ് കൂടിയാണ് സാമ്രാട്ട് ചൗധരി. സാമ്രാട്ട് ചൗധരിയല്ലെങ്കില്‍ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കപ്പെടുന്ന മറ്റൊരു പേര് യാദവനേതാവായ നിത്യാനന്ദാ റായ് യുടേതാണ്.

സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷിന്റെ മകന്‍ നിഷാന്ത് കുമാറിനെ നിയോഗിക്കുമെന്നും വിവരമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിതീഷിനൊപ്പം ഉപമുഖ്യമന്ത്രി പദത്തിലേക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് നിതിന്‍ നബിന്‍, കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂര്‍, ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹ എന്നിവരാണ് പരിഗണിക്കപ്പെടുന്ന മറ്റു പേരുകള്‍.

നിതീഷ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഇറങ്ങുന്നതോടെ ബീഹാര്‍ രാഷ്ട്രീയത്തിലെ ഒരു അദ്ധ്യായം തന്നെയാണ് അവസാനിക്കുന്നത്. 1985 ല്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എ ആയ അദ്ദേഹം പിന്നീട് പല തവണ പാര്‍ലമെന്റംഗവും കേന്ദ്രമന്ത്രിയാകുകയും ചെയ്തിട്ടുണ്ട്. 1989 ല്‍ ബാര്‍ഹില്‍ നിന്നും ലോക്‌സഭയില്‍ എത്തുകയും ഈ മണ്ഡലത്തെ 15 വര്‍ഷത്തോളം പ്രതിനിധീകരിക്കുകയും ചെയ്തു.

1999 ല്‍ അടല്‍ ബീഹാരി വാജ്‌പേയി കേന്ദ്രമന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായും സേവനം അനുഷ്ഠിച്ചു. അതിന് പിന്നാലെ 2000 ലാണ് ആദ്യമായി മുഖ്യമന്ത്രിപദത്തില്‍ എത്തുന്നത്. എന്‍ഡിഎയ്ക്കും കോണ്‍ഗ്രസിനും ആര്‍ജെഡിയ്ക്കുമൊപ്പം ഒമ്പത് തവണ മുഖ്യമന്ത്രിയായിരുന്നു.

1996 ല്‍ നിതീഷ്‌കുമാറിനൊപ്പം മുന്നണിയില്‍ ചെറിയ പങ്കാളിത്തം വഹിച്ചുകൊണ്ടാണ് ബിജെപി ബീഹാറില്‍ അധികാര രാഷ്ട്രീയത്തിലേക്ക് വന്നത്. പിന്നീട് 2020 ലും പിന്തുണ നല്‍കിയെങ്കിലും 2025 ല്‍ എംഎല്‍എമാരുടെ ശക്തമായ പിന്തുണയോടെയാണ് ബിജെപി നിതീഷ്‌കുമാറിന് പിന്തുണ നല്‍കിയത്. നിതീഷിന്റെ ജനപിന്തുണയും സീനിയോരിറ്റിയുമായിരുന്നു ഇത്തവണ ബിജെപി പരിഗണനയ്ക്ക് കാരണമായത്.

ഏപ്രില്‍ 9 ന് നിലവിലെ അംഗങ്ങള്‍ പോകുന്ന ഒഴിവിലേക്കാണ് നിതീഷ് എത്തുന്നത്. 2005 ല്‍ ബീഹാര്‍ രാഷ്ട്രീയത്തില്‍ മേല്‍ക്കോയ്മ നേടിയ നിതീഷ് 2014 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് താല്‍ക്കാലികമായി മാറി നില്‍ക്കേണ്ടി വന്ന സാഹചര്യത്തില്‍ ജീതന്‍ റാം മാഞ്ചിയെ ഭരണം ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ആര്‍ജെഡിയുമായി സഖ്യം ഉണ്ടാക്കി. വീണ്ടും എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന് ബീഹാര്‍ രാഷ്ട്രീയത്തില്‍ വന്‍ തിരിച്ചുവരവ് നടത്തുകയും ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW