-->
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം കൊള്ളയടിക്കപ്പെട്ട സംഭവത്തിനു പിന്നാലെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്‌ഥാനത്തുനിന്ന് ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന രേഖകളും കാണാതായതായി കണ്ടെത്തല്‍. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിലെ ഫയലുകളും രേഖകളും ബോര്‍ഡ് ആസ്‌ഥാനത്ത് ഇല്ലാതായതാണ് ഗുരുതര ആശങ്ക ഉയര്‍ത്തുന്നത്.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍, സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനുള്ള സത്യവാങ്‌മൂലം തയാറാക്കുന്നതിനായി മുന്‍കാല നടപടികളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുമ്പോഴാണ് അവ കാണാതായതായി അധികൃതര്‍ തിരിച്ചറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ മാത്രമല്ല, ഈ വിഷയത്തില്‍ ബോര്‍ഡ് കൈകാര്യം ചെയ്‌ത ഒരു രേഖ പോലും ആസ്‌ഥാനത്ത് ലഭ്യമല്ലെന്നാണ് വിവരം. രേഖകള്‍ എങ്ങനെ കാണാതായി, ആരെങ്കിലും മാറ്റിയതാണോ അല്ലെങ്കില്‍ നശിപ്പിച്ചതാണോ എന്നതില്‍ വ്യക്‌തതയില്ല. ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്കും രേഖകളുടെ ചുമതല വഹിച്ചവര്‍ക്കും ഇതുസംബന്ധിച്ച് വ്യക്‌തമായ വിശദീകരണം നല്‍കാനായിട്ടില്ല.
2007ല്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ യുവതീപ്രവേശനം അനുവദിക്കാമെന്ന നിലപാട് കോടതിയെ അറിയിച്ചിരുന്നു. പിന്നീട് 2016ല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാര്‍ യുവതീ പ്രവേശനം അനുവദിക്കരുതെന്ന നിലപാട് കോടതിയില്‍ അറിയിച്ചു. എന്നാല്‍ 2016 ഡിസംബറില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം എല്‍.ഡി.എഫ്. സര്‍ക്കാര്‍ വീണ്ടും നിലപാട് തിരുത്തി യുവതീപ്രവേശനം അനുവദിക്കാമെന്ന സത്യവാങ്‌മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.
ഈ നിലപാട് മാറ്റത്തിന് മുന്‍പായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ശബരിമല ക്ഷേത്രത്തിലെ പരമ്പരാഗത ആചാരാനുഷ്‌ഠാനങ്ങള്‍ തുടരണമെന്ന നിലപാട് സ്വീകരിച്ച് യുവതീ പ്രവേശനത്തെ എതിര്‍ത്തിരുന്നു. ഇതുസംബന്ധിച്ച രേഖകളാണ് കാണാതായിരിക്കുന്നത്.വിവിധ കോടതികളില്‍ കേസ് കൈകാര്യം ചെയ്‌ത അഭിഭാഷകരില്‍നിന്ന് രേഖകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ദേവസ്വം ബോര്‍ഡ്. എന്നാല്‍, അവരില്‍നിന്ന് ലഭിക്കുക പകര്‍പ്പുകള്‍ മാത്രമായിരിക്കും. യഥാര്‍ഥ രേഖകള്‍ ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് അധികൃതര്‍ പറയുന്നു.