-->
തിരുവനന്തപുരം: ഇടത് കേന്ദ്രങ്ങള്‍ പൊങ്കാല ഉത്സവം പരാജയപ്പെടുത്താന്‍ അണിയറനീക്കങ്ങള്‍ സജീവമാക്കിയെന്ന ആരോപണങ്ങള്‍ക്കിടയിലും ആറ്റുകാല്‍ പൊങ്കാല മഹോത്സവം വന്‍വിജയമായി. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലൂടെ ഉത്സവം അലങ്കോലമാക്കാന്‍ ശ്രമം നടന്നുവെന്നും എന്നാല്‍, തങ്ങളുടെ ഇടപെടലിലൂടെ പൊങ്കാലയുടെ സംഘാടനം മികവുറ്റതാക്കാനായെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണസമിതി വൃത്തങ്ങള്‍ പറയുന്നു.
ക്ഷേത്രത്തിന് ചുറ്റുമുള്ള വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസ്സപ്പെടാമെന്ന ആശങ്ക ഉയര്‍ന്നതോടെ നഗരസഭ മുന്‍കൈയെടുത്ത് 160 ടാങ്കുകളില്‍ വെള്ളം സംഭരിക്കുകയും ആവശ്യമായ ടാങ്കറുകള്‍ സജ്‌ജമാക്കുകയും ചെയ്‌തു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അഭൂതപൂര്‍വമായ തിരക്കുണ്ടായിട്ടും ആസൂത്രണത്തിലും നിര്‍വഹണത്തിലും ഇത്തവണത്തെ പൊങ്കാല ഉത്സവം മികച്ചുനിന്നു.
പൊങ്കാലയോടനുബന്ധിച്ച് വര്‍ഷങ്ങളായി നടന്നുവരുന്ന അനധികൃത പാര്‍ക്കിങ് പിരിവുകള്‍ക്കെതിരേയും നഗരസഭ കര്‍ശന നടപടി സ്വീകരിച്ചു. ക്ഷേത്രപരിസരത്ത് ചിലര്‍ അനധികൃതമായി പാര്‍ക്കിങ് ഫീസ് ഈടാക്കുന്ന പ്രവണത തടയാന്‍ മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനകള്‍ നടത്തി. ഇതോടെ ഇത്തരം പിരിവുകള്‍ നിയന്ത്രണ വിധേയമാക്കാനായതായും നഗരസഭ അറിയിച്ചു.
നഗരശുചീകരണത്തിലും നഗരസഭ പ്രത്യേക ശ്രദ്ധ പുലര്‍ത്തി. പൊങ്കാലയ്‌ക്ക് മുമ്പുള്ള ദിവസങ്ങളില്‍ നഗരത്തിലെ 25 വാര്‍ഡുകളിലായി 100 കേന്ദ്രങ്ങള്‍ ശുചീകരിച്ചു. ഒരേസമയം 2000 വനിതകളുള്‍പ്പെടെ 5000 സേവാഭാരതി പ്രവര്‍ത്തകരാണ് കൗണ്‍സിലര്‍മാരോടൊപ്പം ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്.
പൊങ്കാല അര്‍പ്പിക്കുന്നവര്‍ക്കുള്ള മെഡിക്കല്‍ സേവനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഒരുവിഭാഗം ഡോക്‌ടര്‍മാര്‍ പ്രസ്‌താവന ഇറക്കിയതിന് പിന്നാലെ സേവാഭാരതിയുടെ 112 ഡോക്‌ടര്‍മാര്‍ സേവനത്തിന് തയാറാണെന്ന് മേയര്‍ വി.വി. രാജേഷ് വ്യക്‌തമാക്കി. തുടര്‍ന്ന് പ്രസ്‌താവന പിന്‍വലിച്ച് മെഡിക്കല്‍ രംഗവും പൊങ്കാല മഹോത്സവവുമായി സഹകരിക്കുകയായിരുന്നു. സംസ്‌ഥാനത്ത് ആദ്യമായി ബി.ജെ.പി. ഭരണത്തില്‍ എത്തിയ തിരുവനന്തപുരം കോര്‍പറേഷനില്‍ അധികാരം ഏറ്റെടുത്ത് മാസങ്ങള്‍ക്കുള്ളിലാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ സംഘാടനം വിജയകരമായി പൂര്‍ത്തിയാക്കിയത്.
സുനില്‍ ജെ. സണ്ണി