-->
കൊച്ചി: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തില്‍ മരിച്ച എടവനക്കാട് സ്വദേശി ജാസ്ലിയ(19) യുടെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കരൾ, വൃക്ക, നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. അവയവദാനത്തിനുള്ള ശസ്ത്രക്രിയകൾ രാജഗിരി ആശുപത്രിയിൽ തുടങ്ങി.
വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊച്ചി അമൃത ആശുപത്രിയിലേക്കും നേത്രപടലം ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ രോഗിക്കും നല്‍കും. കരൾ രാജഗിരി ആശുപത്രിയിലേക്കുമാണ് നൽകുന്നത്. എടവനക്കാട് സ്വദേശി ജാസ്ലിയ ഫെബ്രുവരി 28നാണ് അപകടത്തിൽപ്പെട്ടത്. അങ്കമാലിയിൽ വെച്ച് കാർ ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ജാസ്ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.
കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. ജാസ്ലിയയുടെ കരൾ ആലുവ രാജഗിരി ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള രോഗിക്കും, വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജ്, അമൃത ആശുപത്രി എന്നിവിടങ്ങളിലേക്കും, നേത്രപടലം അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിക്കും കൈമാറും.
പഠനത്തോടൊപ്പം സ്പോർട്‌സിലും കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു ജാസ‌്ലിയ. ഒരു സാധാരണ കുടുംബത്തിൻ്റെ പ്രതീക്ഷയായി മോണിംഗ് സ്‌റ്റാർ കോളേജിലെത്തിയ ജാസിയ പഠനത്തോടൊപ്പം സ്പോർട്‌സിൽ യുണിവേഴ്‌സിറ്റി തലത്തിൽ നിരവധി മെഡലുകളും നേടി. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി സ്‌ഥിരോത്സാഹത്തോടെ പരിശ്രമിച്ചുവരവേയാണ് ജാസ്‌ലിയയെ വിധി കവർന്നെടുത്തത്.