-->
തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തില്‍ നടന്‍ രമേശ് പിഷാരടിയെ കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥിയായി ഉറപ്പിച്ചതോടെ ചങ്കിടിക്കുന്നത് ഇടത് ക്യാമ്പിന്. മുഖ്യമന്ത്രി പിണറായി വിജയനെ മോഹന്‍ലാല്‍ ഇന്റര്‍വ്യൂ ചെയ്‌തതിലൂടെ സി.പി.എം നേടിയെടുത്ത മേല്‍ക്കൈ തകര്‍ക്കാന്‍ 'മമ്മൂക്ക' ഫാക്‌ടര്‍തന്നെ വേണമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
തന്റെ അതിവിശ്വസ്‌തനായ പിഷാരടിക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ മമ്മൂട്ടി പാലക്കാട്ട് ഇറങ്ങിയാല്‍ അത് കേരള രാഷ്‌ട്രീയത്തിലെ തന്നെ ഏറ്റവും വലിയ ചര്‍ച്ചയായി മാറും. സോഷ്യല്‍ മീഡിയയിലൂടെ എങ്കിലും പിഷാരടിയ്‌ക്ക് വേണ്ടി മമ്മൂട്ടി വോട്ട് ചോദിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
മമ്മൂട്ടിയുടെ ഏത് പ്രതിസന്ധി ഘട്ടത്തിലും താങ്ങും തണലുമായി കൂടെയുള്ളത് പിഷാരടിയാണ്. വെറുമൊരു സഹപ്രവര്‍ത്തകനല്ല, മമ്മൂട്ടിയുടെ കുടുംബാംഗത്തെപ്പോലെയാണ് ഇദ്ദേഹം. ഈ ആത്മബന്ധം പ്രചാരണത്തിലേക്ക് മമ്മൂട്ടിയെ ഇറക്കുമോ എന്നാണ് സി.പി.എം. ഭയക്കുന്നത്.
കൈരളി ടി.വി ചെയര്‍മാന്‍ സ്‌ഥാനവും മുഖ്യമന്ത്രിയുമായുള്ള അടുപ്പവും നിലനില്‍ക്കുമ്പോഴും തന്റെ വിശ്വസ്‌തന്റെ വിജയം മമ്മൂട്ടിക്ക് വ്യക്‌തിപരമായ അഭിമാനപ്രശ്‌നമാണ്. മുമ്പ് ഇന്നസെന്റിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയ മമ്മൂട്ടി, ഇത്തവണ പിഷാരടിക്ക് വേണ്ടി വന്നാല്‍ കുറ്റം പറയാനും കഴിയില്ല.
രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തായതോടെ തരിപ്പണമായ പാലക്കാട്ടെ കോണ്‍ഗ്രസ് കോട്ട കാക്കാന്‍ പിഷാരടിയേക്കാള്‍ മികച്ചൊരു ആയുധമില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ സുനില്‍ കനഗോലു ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു കഴിഞ്ഞു. മുതിര്‍ന്ന നേതാവ് കെ. മുരളീധരനെ വട്ടിയൂര്‍ക്കാവിലേക്ക് മാറ്റി പിഷാരടിയെ പ്രതിഷ്‌ഠിച്ചതിന് പിന്നില്‍ വ്യക്‌തമായ പ്ലാനിങ് ഉണ്ട്. രമേശ് ചെന്നിത്തലയുടെ പുസ്‌തകപ്രകാശനത്തിന് മമ്മൂട്ടി എത്തിയിരുന്നു.
മമ്മൂട്ടിയെപ്പോലൊരു ബിംബം കോണ്‍ഗ്രസ് വേദികളില്‍ എത്തിയാല്‍ അത് സി.പി.എമ്മിന് നികത്താനാവാത്ത പ്രഹരമാകും. പിഷാരടി നേരത്തെ തന്നെ കോണ്‍ഗ്രസുകാരനാണെങ്കിലും മമ്മൂട്ടിയുടെ സാന്നിധ്യം പാലക്കാട്ടെ വോട്ട് ബാങ്കില്‍ വലിയ വിള്ളലുകള്‍ ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
എസ്. നാരായണന്‍