Saturday, March 14, 2026 Last Updated 11 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 11.33 PM

ഇറക്കുമതി സ്‌ഥാനാര്‍ഥികള്‍ വേണ്ട! ലീഗില്‍ മുറവിളി

കോഴിക്കോട്‌: മുസ്ലിം ലീഗ്‌ സ്‌ഥാനാര്‍ഥി പട്ടികയ്‌ക്ക്‌ ഏകദേശ രൂപമാകുമ്പോള്‍ രണ്ടു പ്രമുഖ നേതാക്കളുടെ സീറ്റ്‌ കാര്യത്തില്‍ അനിശ്‌ചിതത്വം തുടരുന്നു. ലീഗിലെ തീപ്പൊരി പ്രാസംഗികന്‍ കെ.എം. ഷാജിയുടെ കാര്യമാണ്‌ പ്രശ്‌നത്തിലായത്‌. ഇറക്കുമതി സ്‌ഥാനാര്‍ഥിയെ വേണ്ടെന്ന്‌ കണ്ണൂരിലെ അഴിക്കോട്‌ മണ്ഡലം മുസ്ലിം ലീഗ്‌ കമ്മിറ്റി സംസ്‌ഥാന നേതൃത്വത്തെ അറിയിച്ചതാണ്‌. മാത്രവുമല്ല, കണ്ണൂര്‍ ജില്ലാ ലീഗ്‌ പ്രസിഡന്റ്‌ അഡ്വ. അബ്‌ദുല്‍ കരീം ചേലേരി മണ്ഡലം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങിയിട്ട്‌ രണ്ടു മാസത്തിലേറെയായി. ഒരിക്കല്‍ ഷാജി ജയിച്ച സീറ്റാണിത്‌. കണ്ണൂരിലെ സീറ്റില്‍ പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്‌ ഷാജി. ഇതേ പോലെ പ്രശ്‌നമുള്ള മറ്റൊരു സീറ്റാണ്‌ കോഴിക്കോട്‌ ജില്ലയിലെ കൊടുവള്ളി. ഒരു കാലത്ത്‌ ലീഗിന്റെ ശക്‌തിദുര്‍ഗമായ കൊടുവള്ളിയില്‍ വിമത, സ്വതന്ത്ര സ്‌ഥാനാര്‍ഥികള്‍ വിജയിച്ചു കയറുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. മുന്‍ മന്ത്രിയും ലീഗിലെ പ്രമുഖ നേതാവുമായ ഡോ: എം.കെ മുനീറാണ്‌ നിലവിലെ എം.എല്‍.എ. മുനീര്‍ ഇത്തവണ മത്സരിക്കുന്നില്ലെങ്കില്‍ മണ്ഡലത്തില്‍ ഒരു കൈ നോക്കാമെന്ന ഷാജിയുടേയും ഫിറോസിന്റേയും ആഗ്രഹങ്ങള്‍ക്ക്‌ വിലങ്ങായാണ്‌ കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്‌.
മുനീര്‍ മത്സരിക്കുക കോഴിക്കോട്‌ സൗത്തിലായിരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്‌. മുനീര്‍ മാറിനില്‍ക്കുകയാണെങ്കില്‍ മാത്രമേ ഈ സീറ്റില്‍ മറ്റുള്ളവരെ പരിഗണിക്കുകയുള്ളു.
അതിനിടെ, സീറ്റ്‌ വിഭജനത്തിലെയും കോണ്‍ഗ്രസ്‌ നേതൃത്വവുമായുള്ള സീറ്റ്‌ കൈമാറ്റ ചര്‍ച്ചകളിലെയും കാലതാമസം സംബന്ധിച്ച്‌ മുസ്ലിം ലീഗില്‍ അസ്വസ്‌ഥത വര്‍ധിച്ചുവരികയാണ്‌. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നഷ്‌ടപ്പെട്ട എല്ലാ മണ്ഡലങ്ങളും പരസ്‌പരം കൈമാറുന്നതില്‍ ലീഗ്‌ തുടക്കം മുതല്‍ തന്നെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ നവയുഗ യാത്ര പൂര്‍ത്തിയാക്കിയ ശേഷം ചര്‍ച്ചകള്‍ അവസാനിപ്പിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വം ഉറപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍, ഈ ഉറപ്പ്‌ പാലിക്കപ്പെട്ടിട്ടില്ലെന്ന്‌ ഐ.യു.എം.എല്‍ നേതാക്കള്‍ പറയുന്നു. തിരുവമ്പാടി പ്രധാന തര്‍ക്കവിഷയമായി ഉയര്‍ന്നുവന്നിട്ടുണ്ട്‌. ഐ.യു.എം.എല്‍. പട്ടികജാതി സ്‌ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സാധ്യതയുള്ള കോങ്ങാടും ചേലക്കരയും പരസ്‌പരം മാറ്റാന്‍ ഇരു പാര്‍ട്ടികളും സമ്മതിച്ചിട്ടുണ്ടെങ്കിലും, മലപ്പുറം ഡി.സി.സി. പ്രസിഡന്റ്‌ വി.എസ്‌. ജോയിയെ അവിടെ മത്സരിപ്പിക്കുമെന്ന സൂചനകളോടെ കോണ്‍ഗ്രസ്‌ തിരുവമ്പാടിക്ക്‌ വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നു.
ലീഗിന്റെ 15 സിറ്റിങ്‌ എം.എല്‍.എമാരില്‍ 11 പേര്‍ക്ക്‌ വീണ്ടും നറുക്കുവീഴാന്‍ സാധ്യതയേറുമ്പോള്‍, നാല്‌ പ്രമുഖരെ ഇത്തവണ മാറ്റിനിര്‍ത്തിയേക്കും എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എന്‍.എ. നെല്ലിക്കുന്ന്‌ (കാസര്‍ഗോഡ്‌), കെ.പി.എ. മജീദ്‌ (തിരൂരങ്ങാടി), പി. ഉബൈദുള്ള (മലപ്പുറം), യു.എ. ലത്തീഫ്‌ (മഞ്ചേരി) എന്നിവരാണ്‌ മാറ്റിനിര്‍ത്തപ്പെടാന്‍ സാധ്യതയുള്ളവര്‍. മൂന്ന്‌ ടേം വ്യവസ്‌ഥ പൂര്‍ത്തിയാക്കിയതാണ്‌ നെല്ലിക്കുന്നിനും ഉബൈദുള്ളയ്‌ക്കും വിനയായത്‌. ലത്തീഫ്‌ ആരോഗ്യപരമായ കാരണങ്ങളാലാണ്‌ മാറിനില്‍ക്കുന്നത്‌. ലീഗ്‌ ഇത്തവണ മത്സരിക്കുന്ന 27 സീറ്റുകളില്‍ 16 ഇടത്തും പുതുമുഖങ്ങളോ മാറിനിന്നവരോ വരാനാണ്‌ സാധ്യത. മൂന്ന്‌ ടേം വ്യവസ്‌ഥയുണ്ടെങ്കിലും പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്‍, മഞ്ഞളാംകുഴി അലി തുടങ്ങിയവര്‍ക്ക്‌ ഇളവ്‌ ലഭിച്ചേക്കും. ഈ മാസം ആദ്യവാരത്തോടെ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങളുടെ അന്തിമ തീരുമാനം വരും.
യുവാക്കള്‍ക്കും വനിതകള്‍ക്കും പരിചയ സമ്പന്നര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയാകും മുസ്ലിം ലീഗിന്റെ സ്‌ഥാനാര്‍ഥി പട്ടിക എന്ന്‌ നേതാക്കള്‍ സൂചിപ്പിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങര നിയമസഭാ മണ്ഡലത്തില്‍ തന്നെയാകും മല്‍സരിക്കുക.
അതേസമയം, ചില മുതിര്‍ന്ന അംഗങ്ങളെ ഇത്തവണ മാറ്റിനിര്‍ത്തും. പകരം പുതുമുഖങ്ങള്‍ക്ക്‌ അവസരം നല്‍കും. രണ്ട ്‌ വനിതാ സ്‌ഥാനാര്‍ഥികളും ലീഗിനുണ്ടാകുമെന്നാണ്‌ വിവരം. താനൂര്‍ മണ്ഡലത്തില്‍ മുസ്ലിം ലീഗിന്‌ വേണ്ടി ആര്‌ രംഗത്തിറങ്ങുമെന്നതാണ്‌ നിര്‍ണായകം. കെ.ടി ജലീല്‍ മൂന്ന്‌ തവണ ജയിച്ച തവനൂര്‍ കോണ്‍ഗ്രസില്‍ നിന്ന്‌ മുസ്ലിം ലീഗ്‌ ഏറ്റെടുക്കുമോ എന്നതും പ്രധാനമാണ്‌.

സി.ഒ.ടി അസീസ്‌

Ads by Google
Monday 02 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW