Tuesday, March 10, 2026 Last Updated 24 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 11.31 PM

ശബരിമല സ്‌ത്രീ പ്രവേശം: നിലപാടും വെളിപാടും

uploads/news/2026/03/828075/lk2.jpg

ശബരിമല യുവതീ പ്രവേശത്തെ സുപ്രീം കോടതിയില്‍ എതിര്‍ക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം പുറത്തു വന്നതോടെ തെരഞ്ഞെടുപ്പു കാലത്തു മുഖം രക്ഷിക്കാനുള്ള നീക്കക്കത്തിലാണ്‌ സര്‍ക്കാര്‍. ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്‌ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന നിലപാടാണ്‌ ദേവസ്വം ബോര്‍ഡിനെന്നും യുവതീ പ്രവേശത്തിന്‌ അനുകൂലമായി സുപ്രീംകോടതി 2018ല്‍ പുറപ്പെടുവിച്ച വിധിയെ ബോര്‍ഡ്‌ എതിര്‍ക്കുമെന്നുമാണ്‌ ഇപ്പോഴത്തെ നിലപാട്‌. വിശ്വാസവും നിയമവും മാറ്റുരയ്‌ക്കുന്ന ശബരിമല യുവതീ പ്രവേശം സര്‍ക്കാരിന്റെ വെളിപാടു കൂടിയാണ്‌. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിയമയുദ്ധം ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ഒന്നാണ്‌. 2018-ലെ ചരിത്രപ്രധാനമായ സുപ്രീം കോടതി വിധിക്കു ശേഷം റിവ്യൂ ഹര്‍ജികളും വിശാല ബെഞ്ചിന്റെ പരിഗണനയിലുള്ള ഭരണഘടനാപരമായ ചോദ്യങ്ങളും ഈ വിഷയത്തെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്‌. 2019ല്‍ സുപ്രീം കോടതിയില്‍ യുവതി പ്രവേശനത്തെ അനുകൂലിച്ച്‌ സത്യവാങ്‌മൂലം നല്‍കിയ ദേവസ്വം ബോര്‍ഡാണ്‌ ആ നിലപാട്‌ തിരുത്തുന്നത്‌.
സംസ്‌ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ വിഷയം രാഷ്‌ട്രീയമായും നിയമപരമായും അതീവ പ്രാധാന്യമുള്ളതാണ്‌. 2018-ലെ വിധിക്ക്‌ ശേഷം അത്‌ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും തുടര്‍ന്നുണ്ടായ വലിയ പ്രതിഷേധങ്ങള്‍ സര്‍ക്കാരിനെ പുനര്‍ചിന്തയ്‌ക്ക്‌ പ്രേരിപ്പിച്ചു. ഒമ്പതംഗ ഭരണഘടനാ ബെഞ്ച്‌ വിഷയം പരിഗണിക്കാനിരിക്കെ സര്‍ക്കാര്‍ വളരെ ജാഗ്രതയോടെയാണ്‌ നീങ്ങുന്നത്‌. വിശ്വാസികളുടെ വികാരം കണക്കിലെടുക്കുമെന്നും എന്നാല്‍, ഭരണഘടനാപരമായ സങ്കീര്‍ണതകള്‍ പരിശോധിച്ച ശേഷം മാത്രമെ അന്തിമ നിലപാട്‌ കോടതിയില്‍ വ്യക്‌തമാക്കൂവെന്നുമാണ്‌ നിയമ മന്ത്രി പി. രാജീവ്‌ സൂചിപ്പിച്ചത്‌. സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച്‌ 2026 ഏപ്രില്‍ ഏഴ്‌ മുതല്‍ ഈ കേസില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌.
ശബരിമല മാത്രമല്ല, മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏഴ്‌ അടിസ്‌ഥാന ചോദ്യങ്ങളാണ്‌ കോടതി പരിശോധിക്കുന്നത്‌. മതപരമായ ആചാരങ്ങളില്‍ കോടതികള്‍ക്ക്‌ എത്രത്തോളം ഇടപെടാം? അത്യാവശ്യ മതപരമായ ആചാരങ്ങള്‍ നിശ്‌ചയിക്കാനുള്ള അധികാരം ആര്‍ക്കാണ്‌? ഭരണഘടനയുടെ 25, 26 അനുഛേദങ്ങള്‍ നല്‍കുന്ന മതസ്വാതന്ത്ര്യം ലിംഗസമത്വത്തിന്‌ മുകളിലാണോ? എന്നിവയാണത്‌. ഭരണഘടനാപരമായ അവകാശങ്ങളും നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളും തമ്മിലുള്ള പോരാട്ടമായി ഈ കേസ്‌ മാറിയിരിക്കുന്നു.
വരാനിരിക്കുന്ന മാസങ്ങളില്‍ സുപ്രീം കോടതി പുറപ്പെടുവിക്കുന്ന വിധി കേരളത്തിന്റെ സാമൂഹിക-രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ വലിയ ചലനങ്ങള്‍ സൃഷ്‌ടിക്കുമെന്നതില്‍ സംശയമില്ല. 2018 സെപ്‌റ്റംബര്‍ 28-ലെ ചരിത്രപ്രധാനമായ വിധിയില്‍ അഞ്ചംഗ ബെഞ്ചിലെ നാല്‌ ജഡ്‌ജിമാര്‍ യുവതി പ്രവേശനത്തെ അനുകൂലിച്ചപ്പോള്‍, ബെഞ്ചിലെ ഏക വനിതാ ജഡ്‌ജിയായിരുന്ന ജസ്‌റ്റിസ്‌ ഇന്ദു മല്‍ഹോത്ര വിധിനോട്‌ ശക്‌തമായി വിയോജിച്ചിരുന്നു. ഭരണഘടനാപരമായ ധാര്‍മികതയും വ്യക്‌തിസ്വാതന്ത്ര്യവും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഇന്നും ഈ വിയോജന കുറിപ്പ്‌ വലിയ രീതിയില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്‌. ജസ്‌റ്റിസ്‌ ഇന്ദു മല്‍ഹോത്രയുടെ വിയോജന കുറിപ്പിലെ പ്രധാന പോയിന്റുകള്‍ ഇവയായിരുന്നു:
മതപരമായ ആചാരങ്ങള്‍ യുക്‌തിസഹമാണോയെന്ന്‌ പരിശോധിക്കുന്നത്‌ കോടതികളുടെ പരിധിയില്‍ വരുന്ന കാര്യമല്ല. ഒരു പ്രത്യേക വിഭാഗം ആളുകള്‍ ഒരു വിശ്വാസം മുറുകെ പിടിക്കുന്നുണ്ടെങ്കില്‍, അത്‌ മറ്റൊരാളുടെ അവകാശത്തെ നേരിട്ട്‌ ബാധിക്കാത്ത കാലത്തോളം അതില്‍ ഇടപെടാന്‍ കോടതിക്ക്‌ അധികാരമില്ല. ശബരിമലയിലെ അയ്യപ്പ ഭക്‌തരെ ഭരണഘടനയുടെ അനുഛേദം 26 പ്രകാരം ഒരു പ്രത്യേക മതവിഭാഗമായികണക്കാക്കാമെന്ന്‌ അവര്‍ വാദിച്ചു. അതുകൊണ്ടുതന്നെ സ്വന്തം വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ അവര്‍ക്ക്‌ ഭരണഘടനാപരമായ അവകാശമുണ്ട്‌.
ഒരു മതം ഏത്‌ ആചാരത്തെയാണ്‌ പ്രധാനമായി കാണുന്നത്‌ എന്ന്‌ തീരുമാനിക്കേണ്ടത്‌ ആ മതവിഭാഗമാണ്‌. ശബരിമലയിലെ പ്രതിഷ്‌ഠ നൈഷ്‌ഠിക ബ്രഹ്‌മചാരി സങ്കല്‍പത്തിലായതിനാല്‍ അവിടെ നിലനില്‍ക്കുന്ന പ്രായപരിധി ആചാരത്തിന്റെ ഭാഗമാണ്‌. അത്‌ ഭരണഘടനാ വിരുദ്ധമല്ല. ഭരണഘടനാപരമായ ധാര്‍മികത എന്നത്‌ ലിംഗസമത്വത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അത്‌ വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒന്നായിരിക്കണം. മതവിശ്വാസങ്ങളില്‍ യുക്‌തി തിരയുന്നത്‌ മതസ്വാതന്ത്ര്യത്തെ തകര്‍ക്കുമെന്നും ജസ്‌റ്റിസ്‌ ഇന്ദു മല്‍ഹോത്ര നിരീക്ഷിച്ചു. ഈ വിയോജന കുറിപ്പിന്റെ ഇന്നത്തെ പ്രസക്‌തി എന്താണെന്ന്‌ പരിശോധിക്കുമ്പോള്‍, 2018-ലെ വിധി പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ കോടതിയുടെ ഭൂരിപക്ഷ വിധിക്ക്‌ സമാനമായ പ്രാധാന്യം ജസ്‌റ്റിസ്‌ ഇന്ദു മല്‍ഹോത്രയുടെ വിയോജന കുറിപ്പിനും ലഭിച്ചു. കേസ്‌ വിശാലമായ ഭരണഘടനാ ബെഞ്ചിലേക്ക്‌ വിടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്‌ വിശ്വാസവും ലിംഗസമത്വവും തമ്മിലുള്ള വൈരുദ്ധ്യമായിരുന്നു. വിയോജന വിധിയില്‍ ഉന്നയിച്ച തര്‍ക്കങ്ങള്‍ തന്നെയാണ്‌ ഇപ്പോള്‍ ഒമ്പതംഗ ബെഞ്ച്‌ പ്രധാനമായും പരിശോധിക്കുന്നത്‌.
ഒരു മതത്തിന്റെ ആന്തരിക കാര്യങ്ങളില്‍ കോടതിക്ക്‌ എത്രത്തോളം ഇടപെടാമെന്ന കാര്യത്തില്‍ ജസ്‌റ്റിസ്‌ ഇന്ദു മല്‍ഹോത്ര ഉയര്‍ത്തിയ ചോദ്യങ്ങളാണ്‌ വരാനിരിക്കുന്ന വിധിയിലെ നിര്‍ണായക ഘടകം. ഇന്ദു മല്‍ഹോത്രയുടെ വിയോജന കുറിപ്പിലെ ആശയങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഏഴ്‌ ചോദ്യങ്ങളാണ്‌ വിശാല ബെഞ്ചിന്‌ മുന്നിലുള്ളത്‌: 2018-ലെ വിധിയില്‍ ഭൂരിപക്ഷ വിധി പുറപ്പെടുവിച്ച അന്നത്തെ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര, ജസ്‌റ്റിസ്‌ ആര്‍.എഫ്‌. നരിമാന്‍, ജസ്‌റ്റിസ്‌ എ.എം. ഖാന്‍വില്‍ക്കര്‍, ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌ എന്നിവരുടെ പ്രധാന വാദങ്ങള്‍ ഇവയാണ്‌:
1. ലിംഗവിവേചനം ഭരണഘടനാ വിരുദ്ധം:
സ്‌ത്രീകള്‍ക്ക്‌ പ്രായത്തിന്റെ അടിസ്‌ഥാനത്തില്‍ പ്രവേശനം നിഷേധിക്കുന്നത്‌ ഭരണഘടനയുടെ അനുഛേദം 15-ന്റെ ലംഘനമാണെന്ന്‌ കോടതി നിരീക്ഷിച്ചു. ജാതി, മതം, ലിംഗം എന്നിവയുടെ അടിസ്‌ഥാനത്തില്‍ വിവേചനം പാടില്ലെന്നത്‌ ഭരണഘടനയുടെ അടിസ്‌ഥാന തത്വമാണ്‌.
2. മതസ്വാതന്ത്ര്യം വ്യക്‌തിപരമാണ്‌:
മതസ്വാതന്ത്ര്യം നല്‍കുന്ന അനുഛേദം 25, പുരുഷനെപ്പോലെ തന്നെ സ്‌ത്രീക്കും തുല്യമായി അവകാശപ്പെട്ടതാണ്‌. ഒരു പ്രത്യേക പ്രായത്തിലുള്ള സ്‌ത്രീകള്‍ക്ക്‌ മാത്രം ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത്‌ അവരുടെ വ്യക്‌തിപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന്‌ ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌ നിരീക്ഷിച്ചു.
3. നൈഷ്‌ഠിക ബ്രഹ്‌മചാരി സങ്കല്‍പവും ഭരണഘടനയും: അയ്യപ്പന്‍ നൈഷ്‌ഠിക ബ്രഹ്‌മചാരിയാണെന്ന സങ്കല്‍പം ആചാരപരമായ പ്രാധാന്യമുള്ളതാണെങ്കിലും അത്‌ സ്‌ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളെ തടയാന്‍ കാരണമാകരുത്‌. ഭക്‌തിക്ക്‌ ലിംഗഭേദമില്ലെന്നും പ്രകൃതിദത്തമായ ശാരീരിക മാറ്റങ്ങളുടെ (ആര്‍ത്തവം) പേരില്‍ സ്‌ത്രീകളെ മാറ്റിനിര്‍ത്തുന്നത്‌ ഭരണഘടനാപരമായ അധാര്‍മികതയാണ്‌.
4. അയ്യപ്പ ഭക്‌തര്‍ ഒരു പ്രത്യേക മതവിഭാഗമല്ല:
അയ്യപ്പ ഭക്‌തര്‍ ഹിന്ദു മതത്തിന്റെ തന്നെ ഭാഗമാണെന്നും അവര്‍ക്ക്‌ മാത്രമായി ഒരു പ്രത്യേക മതവിഭാഗം എന്ന പദവി നല്‍കാനാവില്ല. അതിനാല്‍, ഹിന്ദു മതത്തിലെ പൊതുവായ നിയമങ്ങള്‍ ശബരിമലയ്‌ക്കും ബാധകമാണ്‌.
5. റൂള്‍ 3(ബി) റദ്ദാക്കല്‍:
1965-ലെ കേരള ഹിന്ദു പബ്ലിക്‌ റിലീജിയസ്‌ പ്ലേസസ്‌ (അഡ്‌മിഷന്‍) നിയമത്തിലെ റൂള്‍ 3(ബി) സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നിഷേധിക്കാന്‍ അധികാരം നല്‍കുന്നതായിരുന്നു. ഇത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ കണ്ട്‌ കോടതി റദ്ദാക്കി.
വിധിന്യായത്തിലെ നിര്‍ണായകമായ ഒരു നിരീക്ഷണം ഇങ്ങനെയായിരുന്നു: ശാരീരികവും ജൈവികവുമായ കാരണങ്ങളാല്‍ സ്‌ത്രീകളെ മാറ്റിനിര്‍ത്തുന്നത്‌ അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്‌. ആചാരങ്ങള്‍ ഭരണഘടനയ്‌ക്ക്‌ വിധേയമായിരിക്കണം.
ഇന്ദു മല്‍ഹോത്രയുടെ വിയോജനവും ഭൂരിപക്ഷ വിധിയും തമ്മിലുള്ള വ്യത്യാസം എടുത്ത്‌ പറയേണ്ടതാണ്‌. ശബരിമല സ്‌ത്രീ പ്രവേശം സംബന്ധിച്ച നിലപാടും ഇപ്പോഴത്തെ വെളിപാടും തുടര്‍ന്നുള്ള കോടതി വിധിയില്‍ പ്രതിഫലിക്കും.

ഉണ്ണി വി.ജെ. നായര്‍

Ads by Google
Monday 02 Mar 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW