Saturday, March 14, 2026 Last Updated 26 Min 24 Sec ago English Edition
Todays E paper
Ads by Google
 ബൈജു ഭാസി
ബൈജു ഭാസി
Monday 02 Mar 2026 11.31 PM

'പ്രധാനമന്ത്രി പറഞ്ഞു... എന്തു സഹായവും കേരളത്തിന്‌ ചെയ്യും' : സാബു എം. ജേക്കബ്‌

ട്വന്റി 20 ഉയര്‍ത്തിപ്പിടിക്കുന്ന കാഴ്‌ചപ്പാടും എന്‍.ഡി.എ. മുന്നണി മുന്നോട്ടുവയ്‌ക്കുന്ന ആശയങ്ങള്‍ക്കും സമാനതകള്‍ ഏറെയാണ്‌. അതുകൊണ്ടാണ്‌ എന്‍.ഡി.എയുമായി യോജിച്ചുപോകാന്‍ തങ്ങള്‍ തീരുമാനിച്ചത്‌
uploads/news/2026/03/828074/lk1.jpg

ട്വന്റി 20 പാര്‍ട്ടി എന്‍.ഡി.എയില്‍ ചേര്‍ന്നതിന്റെ പശ്‌ചാത്തലത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്‌ പാര്‍ട്ടിയുടെയും എന്‍.ഡി.എയുടെയും നിലവിലെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങളെപ്പറ്റിയും എന്‍.ഡി.എയില്‍ ചേരാനുള്ള തീരുമാനവും ചേര്‍ന്നശേഷമുണ്ടായ പാര്‍ട്ടിയുടെ പ്രതീക്ഷകളെയും നേരിട്ട വിമര്‍ശനത്തെക്കുറിച്ചുമെല്ലാം വിശദമായി മംഗളവുമായി പങ്കുവയ്‌ക്കുന്നു.

? ദേശീയ ജനാധിപത്യ സഖ്യവുമായി യോജിക്കാനുണ്ടായ സാഹചര്യമെന്തായിരുന്നു

= ബി.ജെ.പി. അല്ലെങ്കില്‍ എന്‍.ഡി.എ. എന്നത്‌ സമുദ്രമാണ്‌. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഞങ്ങള്‍ ഒരു കൊച്ചരുവി മാത്രമാണ്‌. കേരളത്തിലെ സാഹചര്യം വച്ച്‌ ട്വന്റി 20 എന്നത്‌ പ്രാധാന്യമുള്ള രാഷ്‌ട്രീയ പാര്‍ട്ടിയാണ്‌. മറ്റു പാര്‍ട്ടികളില്‍ നിന്ന്‌ വ്യത്യസ്‌തമായിട്ട്‌ വികസന ക്ഷേമ രാഷ്‌ട്രം എന്ന മോഡല്‍ കൊണ്ടുവന്ന പാര്‍ട്ടിയാണ്‌ ട്വന്റി 20. തെളിയിക്കപ്പെട്ട ട്രാക്ക്‌ റെക്കോഡുള്ള പാര്‍ട്ടിയുമാണ്‌ ട്വന്റി 20. എല്‍.ഡി.എഫും യു.ഡി.എഫും എഴുപതുകൊല്ലത്തോളം മോഹനവാഗ്‌ദാനംകൊടുത്ത്‌ ഭരിച്ച്‌ ആളുകളെ വഞ്ചിക്കുകയായിരുന്നു. ഒരു വിധത്തിലും അവര്‍ വികസനത്തിലേക്കും ക്ഷേമത്തിലേക്കും നാടിനെ നയിച്ചിട്ടില്ല. ജനമാഗ്രഹിക്കുന്ന വികസനമെന്താണ്‌. ജനക്ഷേമമെന്താണ്‌ എന്ന്‌ തെളിയിച്ച പാര്‍ട്ടിയാണ്‌ ഞങ്ങളുടേത്‌.
അതുപോലെ തന്നെ എന്‍.ഡി.എ. കഴിഞ്ഞ 12 വര്‍ഷംകൊണ്ട്‌ ഇന്ത്യയെ ലോകത്തെ തന്നെ നാലമത്തെ സാമ്പത്തിക ശക്‌തിയാക്കി മാറ്റി. മുന്നിലുണ്ടായിരുന്ന ജര്‍മനിയെയും ജപ്പാനെയും മറികടന്നാണ്‌ നാം മുന്നിലേക്കെത്തിയതെന്ന്‌ ഓര്‍ക്കണം. അത്രയും വലിയ നേട്ടമാണ്‌ രാജ്യം നേടിയത്‌. മോദി സര്‍ക്കാര്‍ വന്നതിനുശേഷമാണ്‌ ഇന്ത്യയുടെ ശക്‌തിയും യശസും ലോക മറിഞ്ഞത്‌. ട്വന്റി 20 ഉയര്‍ത്തിപ്പിടിക്കുന്ന കാഴ്‌ചപ്പാടും എന്‍.ഡി.എ. മുന്നണി മുന്നോട്ടുവയ്‌ക്കുന്ന ആശയങ്ങള്‍ക്കും സമാനതകള്‍ ഏറെയാണ്‌. അതുകൊണ്ടാണ്‌ എന്‍.ഡി.എയുമായി യോജിച്ചുപോകാന്‍ തങ്ങള്‍ തീരുമാനിച്ചത്‌. ഒറ്റയ്‌ക്കു നിന്നാല്‍ തങ്ങളുടെ വികസന കാഴ്‌ചപ്പാട്‌ കേരളത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുകയില്ല എന്ന ഉറച്ചബോധ്യത്തിലാണ്‌ എന്‍.ഡി.എയുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിച്ച്‌ ഒരു വികസന, ക്ഷേമ സംസ്‌ഥാനം കെട്ടിപ്പടുക്കാന്‍ തീരുമാനിച്ചത്‌. ഞങ്ങള്‍ നടപ്പിലാക്കി കാണിച്ചുകൊടുത്ത വികസന പരിപാടികള്‍ കേരളമൊട്ടാകെ നടപ്പിലാക്കാന്‍ എന്‍.ഡി.എയുമായുള്ള ബന്ധത്തിലൂടെ മാത്രമേ സാധിക്കൂകയുള്ളൂ.

? ലയനത്തോട്‌ പാര്‍ട്ടിക്കുള്ളില്‍ വിയോജിപ്പ്‌ ഉണ്ടായിരുന്നോ

= ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളില്‍ പുതിയൊരു തീരുമാനമെടുക്കുന്നതിന്‌ മുന്നേ ചര്‍ച്ചകള്‍ നടക്കും. അത്‌ ഇവിടെയും ഉണ്ടായിരുന്നു. പാര്‍ട്ടിയിലെ നന്നേ കുറച്ചുപേര്‍ക്ക്‌ എന്‍.ഡി.എ. ലയനത്തോട്‌ യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍, ബഹുഭൂരിപക്ഷത്തിനും ലയനത്തോട്‌ താല്‍പര്യമായിരുന്നു.

? ലയന തീരുമാനം തിടുക്കത്തിലായിപ്പോയില്ലേ

= നീണ്ടു നിന്ന കൂടിയാലോചനകള്‍ക്കു ശേഷമായിരുന്നു ആ തീരുമാനം. ഇരുപാര്‍ട്ടികളും പലവട്ടം ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, പാര്‍ട്ടി അച്ചടക്കം പാലിക്കുന്ന നേതൃത്വം ഇക്കാര്യമൊന്നും പുറത്തുവിട്ടിരുന്നില്ല. അതുകൊണ്ടാണ്‌ ലയനം നീക്കം പുറത്തറിയാതിരുന്നത്‌. എന്‍.ഡി.എ.യുമായി ചേരുന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടന്നു. അതില്‍ മൂന്നുപേര്‍ മാത്രമാണ്‌ ട്വന്റി 20 സ്വതന്ത്രമായി നില്‍ക്കണമെന്ന്‌ പറഞ്ഞത്‌. എല്‍.ഡി.എഫിനോട്‌ ചേരാന്‍ ആരും പറഞ്ഞില്ല. യു.ഡി.എഫിനോട്‌ ചേരാന്‍ ഏതാനും പേര്‍ പറഞ്ഞു. എന്നാല്‍, 80 ശതമാനം പേരും എന്‍.ഡി.എയില്‍ ചേരാന്‍ സമ്മതം പറഞ്ഞു. പാര്‍ട്ടിയില്‍ ലയനക്കാര്യം ചര്‍ച്ചചെയ്‌തു. അതിനായി പ്രസിഡന്റിനെ ചുമതലപ്പെടുത്തുകയായിരുന്നു. എന്‍.ഡി.എയില്‍ ചേരുന്നതിനു 15 മിനിറ്റു മുമ്പ്‌ ട്വന്റി 20 പുറത്തുവിട്ടപ്പോഴാണ്‌ പുറംലോകം ലയന വാര്‍ത്ത അറിയുന്നത്‌.

? പാര്‍ട്ടി അധ്യക്ഷനായ താങ്കളുടെ വാക്കിന്‌ എതിര്‍വാക്കില്ല എന്ന ആരോപണമുണ്ടല്ലോ

= ഒരിക്കലുമല്ല. തികച്ചും ജനാധിപത്യ മാതൃകയില്‍ തന്നെയാണ്‌ ട്വന്റി 20 പ്രവര്‍ത്തിക്കുന്നത്‌. പാര്‍ട്ടിക്കാര്യങ്ങളെല്ലാം താഴേത്തട്ടുമുതല്‍ അറിയിക്കുന്ന സംവിധാനമുണ്ട്‌. ചര്‍ച്ചകളും കൂടിയാലോചനകളും കൃത്യമായ ഇടവേളകളില്‍ നടക്കാറുണ്ട്‌. അധ്യക്ഷനെന്ന നിലയില്‍ ഏതു തീരുമാനമെടുക്കാനും അന്തിമമായി പാര്‍ട്ടി എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ആ ചുമതലയാണ്‌ ഞാന്‍ നിര്‍വഹിക്കുന്നത്‌. ജനാധിപത്യത്തില്‍ എല്ലാവരും വിശ്വസിക്കുമ്പോഴും പാര്‍ട്ടികളില്‍ ഒരു പ്രധാനിയുണ്ടാകും. ഇടതുപക്ഷത്തും യു.ഡി.എഫിലും ഉണ്ടല്ലോ. അവരാണ്‌ പാര്‍ട്ടിയുടെ പല കാര്യങ്ങളിലും അന്തിമ തീരുമാനങ്ങളെടുക്കുക. അവര്‍ പറയാതെ പാര്‍ട്ടിയില്‍ ഒരിലയനങ്ങില്ല. എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്‌ത്‌ സമവായത്തിലെത്താന്‍ ജനാധിപത്യ സംവിധാനത്തില്‍ കഴിയില്ല. അന്തിമമായിട്ട്‌ ഒരാള്‍ക്ക്‌ തീരുമാനമെടുക്കേണ്ടിവരും. എന്‍.ഡി.എയുമായുള്ള ചര്‍ച്ചകളും മറ്റും പുറത്തേക്കു പോയിരുന്നുവെങ്കില്‍ ഒരു പക്ഷേ ഈ സഖ്യം നടപ്പില്‍ വരുമായിരുന്നില്ല. പാര്‍ട്ടി പ്രസിഡന്റ്‌ എന്ന നിലയില്‍ എന്റെ അധികാരങ്ങള്‍ മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂ. അതില്‍ ജനാധിപത്യമില്ലെന്ന പറയുന്നതില്‍ വസ്‌തുത തീരെ ഇല്ല.

? എന്‍.ഡി.എയിലേക്ക്‌ ആകര്‍ഷിച്ച ഘടകമെന്താണ്‌

= എന്‍.ഡി.എയ്‌ക്കു മുന്നേ ഭരിച്ചിരുന്നവര്‍ ബ്രിട്ടീഷുകാരുടെ ഭരണത്തുടര്‍ച്ചയും ആ രീതിയുമാണ്‌ പിന്തുടര്‍ന്നു പോന്നത്‌. ഒരുമാറ്റവും അതിലില്ലാതിരുന്നു. ക്രിമിനല്‍ നിയമമൊക്കെ ബ്രിട്ടീഷ്‌ രീതിയായിരുന്നു. അതിലടക്കം ഇപ്പോള്‍ മാറ്റമുണ്ടായി. പി.എഫ്‌. നിയമം, ജി.എസ്‌.ടി., ഇ.എസ്‌.ഐ., ഫാക്‌ടറീസ്‌ ആക്‌ട്‌, സെന്‍ട്രല്‍ എക്‌സൈസ്‌ ആന്‍ഡ്‌ കസ്‌റ്റംസ്‌ നിയമം എന്നിവയിലൊക്കെ മാറ്റമുണ്ടായി. ലോകം മാറുന്നതിനനുസരിച്ച്‌ ഇന്ത്യയ്‌ക്ക്‌ അനുയോജ്യമായ പദ്ധതികള്‍ നടപ്പിലാക്കുകയാണ്‌ മോദി സര്‍ക്കാര്‍ ചെയ്‌തത്‌. ശരിയായ സര്‍ക്കാര്‍ സംവിധാനവും ദീര്‍ഘവീക്ഷണവും കാഴ്‌ചവച്ചതും എന്‍.ഡി.എ. സര്‍ക്കാരാണ്‌. ശാസ്‌ത്രീയമായി പഠിച്ചാണ്‌ എന്‍.ഡി.എ. ഗവണ്‍മെന്റ്‌ മുന്നോട്ടുപോകുന്നത്‌. എന്‍.ഡി.എ. വികസനത്തിന്റെ പാര്‍ട്ടിയാണ്‌. സംസാരത്തിനേക്കാള്‍ പ്രവൃത്തിയില്‍ വിശ്വസിക്കുന്ന വ്യക്‌തിയാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

? മോദിയുമായി ട്വന്റി 20 യുടെ വികസന പ്രവര്‍ത്തനങ്ങള്‍ സംസാരിച്ചിരുന്നോ

= ട്വന്റി 20 യുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊക്കെ മോദിക്ക്‌ മുന്‍കൂട്ടി അറിവുണ്ട്‌. ഇന്ത്യന്‍ പ്രധാനമന്ത്രി വികസനത്തെപ്പറ്റി സംസാരിക്കുന്ന വ്യക്‌തിയാണ്‌. എന്തു സഹായവും കേരളത്തിനു നല്‍കാമെന്നാണ്‌ അദ്ദേഹം എന്നോട്‌ പറഞ്ഞത്‌. അത്‌ തന്നെ വലിയകാര്യമാണ്‌. ട്വന്റി 20 യുടെ പ്രവര്‍ത്തനങ്ങളെപ്പോലും അദ്ദേഹത്തിന്‌ അറിവുണ്ട്‌. ലയനം നടക്കുന്നതിനു മുന്നേ ഞങ്ങളുടെ പാര്‍ട്ടിയെക്കുറിച്ച്‌ അദ്ദേഹം എല്ലാ മനസിലാക്കിയിരുന്നു.

? പ്രത്യേകമായി പ്രധാനമന്ത്രി വല്ലതും സൂചിപ്പിക്കുകയുണ്ടായോ.

= രാജ്യത്തെ മറ്റ പല സംസ്‌ഥാനങ്ങളും വികസനപാതയില്‍ മുന്നോട്ടുപോകുമ്പോള്‍ കേരളം മാത്രം ഒരു തുരുത്തുപോലെ അവികസിതമായ രീതിയില്‍ പോകുന്നുവെന്നാണ്‌ അദ്ദേഹത്തിന്റെ ആശങ്ക. ഒരു സംസ്‌ഥാനം പിറകോട്ട്‌ പോകുന്നത്‌ മറ്റു സംസ്‌ഥാനങ്ങള്‍ക്ക്‌ ദോഷകരമാകുമോ എന്ന സന്ദേഹം അദ്ദേഹത്തിനുണ്ട്‌. കക്ഷി രാഷ്‌ട്രീയ ഭേദമെന്യേ ആരു ഭരിച്ചാലും കേരളത്തെ സഹായിക്കണമെന്ന നിലയിലാണ്‌ മോദി മുന്നോട്ടുപോകുന്നത്‌.

? കേന്ദ്ര ബജറ്റില്‍ പോലും കേരളം അവഗണന നേരിട്ടല്ലോ

= കേരളത്തിന്‌ ആവശ്യമുള്ള കാര്യങ്ങള്‍ ശാസ്‌ത്രീയമായി പഠിച്ച്‌ റിപ്പോര്‍ട്ടുണ്ടാക്കി കേന്ദ്രത്തിന്‌ നല്‍കണം. അതിന്‌ കഴിവുള്ള ഏജന്‍സികളെ വച്ച്‌ രൂപരേഖ തയാറാക്കണം. അത്‌ തയാറാക്കി നല്‍കിയാല്‍ രാഷ്‌ട്രീയ ഭേദമെന്യേ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കും. വേണ്ടതു ചെയ്ാതെ പതിനായിരം കോടി വേണം എന്നൊക്കെ പറഞ്ഞാല്‍ ആരെങ്കിലും അംഗീകരിക്കുമോ. കാസര്‍ഗോഡ്‌-കന്യാകുമാരി ആറുവരി പാതയ്‌ക്ക്‌ ഇതുവരെ അഞ്ചു ലക്ഷം കോടി കേന്ദ്രം മുടക്കി. അതില്‍ സംസ്‌ഥാനത്തിന്റെ ചെലവ്‌ തുലോം തുച്‌ഛമാണ്‌. അങ്കമാലി-കുണ്ടന്നൂര്‍ പാതയ്‌ക്ക്‌ ഒരു പൈസപോലും സംസ്‌ഥാനം മുടക്കേണ്ടതില്ലായിരുന്നു. ആകെ സംസ്‌ഥാനം ചെയേ്ണ്ടത്‌ സര്‍വേയറെ വച്ച്‌ ഭൂമി അളന്നു നല്‍കണം. അതിനുപോലും സംസ്‌ഥാനത്തിന്‌ കഴിഞ്ഞില്ലല്ലോ. ആ പദ്ധതി ഏതാണ്ട്‌ നഷ്‌ടമായ സ്‌ഥിതിയാണ്‌. ഞാന്‍ തെലങ്കാനയില്‍ വ്യവസായം നടത്തുന്നുണ്ട്‌. അടുത്ത വര്‍ഷത്തേക്ക്‌ എന്തെല്ലാം വേണമെന്ന്‌ കിറ്റെക്‌സ്‌ കമ്പനി അവരോട്‌ ശാസ്‌ത്രീയമായി പഠിച്ച്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌.

? തീരുവ യുദ്ധത്തിനൊടുവില്‍ അമേരിക്കയുമായി കേന്ദ്രം ഏര്‍പ്പെട്ട കരാറില്‍ ദുരൂഹതയുണ്ടല്ലോ

= യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ വലിയ മാറ്റങ്ങളുണ്ടാക്കും. ആ കരാര്‍ വന്നതുകൊണ്ടാണ്‌ അമേരിക്ക തിടുക്കത്തില്‍ കുറഞ്ഞ തീരുവയുമായി എത്തിയത്‌. ഇന്ത്യയുടെയും മോദിയുടെ വിജയമാണത്‌. അമേരിക്ക ഇന്ത്യക്കു വഴങ്ങുകയായിരുന്നു.
യൂറോപ്യന്‍ യൂണിയനിലേക്ക്‌ ബില്യണ്‍ ഡോളറായി കയറ്റുമതി വര്‍ധിക്കും. ഇന്ത്യയിലേക്ക്‌ ആധുനിക ടെക്‌നോളജി കൊണ്ടുവരും. നമ്മുടെ ഉല്‍പന്നങ്ങള്‍ക്ക്‌ ഗുണനിലവരാം വര്‍ധിക്കും. യൂറോപ്യന്‍ നിലവാരത്തിലുള്ള ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയും.
ഇ.യു. കരാറിനെ തുടര്‍ന്നാണ്‌ അമേരിക്കന്‍ കരാര്‍ വേഗത്തില്‍ സംഭവിച്ചത്‌. ഇ.യു. എഗ്രിമെന്റ്‌ നടപ്പിലാകുമ്പോള്‍ അവിടേക്ക്‌ കയറ്റുമതി വര്‍ധിക്കും. അപ്പോള്‍ അമേരിക്കയിലേക്ക്‌ കയറ്റുമതി കുറയും. അത്‌ അമേരിക്കയ്‌ക്കു തിരിച്ചടിയാകും. ഈ പശ്‌ചാത്തലത്തില്‍ ആറുമാസത്തിനകം അമേരിക്ക ഇന്ത്യക്ക്‌ സീറോ ഡ്യൂട്ടിപോലും ഏര്‍പ്പെടുത്തിയാലും അത്ഭുതപ്പെടേണ്ടിവരില്ല. അടുത്ത അഞ്ചുവര്‍ഷംകൊണ്ട്‌ ലോകത്ത്‌ രണ്ടാം സാമ്പത്തിക ശക്‌തിയായി ഇന്ത്യമാറും.

? എന്തു വികസന കുതിപ്പാണ്‌ രാജ്യത്തു പ്രതീക്ഷിക്കുന്നത്‌

= ഒരു റിവേഴ്‌സ്‌ മൈഗ്രേഷന്‍ പോലും ഇന്ത്യയിലേക്ക്‌ ഉണ്ടാകാം. കോള്‍ സെന്ററിനും മറ്റും 20 വര്‍ഷത്തേക്ക്‌ സിറോ ടാക്‌സ്‌ ആക്കുകയാണ്‌. ക്‌ളൗഡ്‌ ബേസ്‌ഡ്‌ ബിസിനസ്‌ ഇന്ത്യയിലേക്ക്‌ കൂടുതലായി വരും. പുറത്തേക്കു ജോലി തേടിപ്പോയവര്‍ ഇന്ത്യയിലേക്കു തിരിച്ചുവന്ന്‌ ജോലി ചെയ്യാവുന്ന റിവേഴ്‌സ്‌ മൈഗ്രേഷന്‍ പ്രതീക്ഷിക്കാം.

? 90 സീറ്റില്‍ ബി.ജെ.പി. മത്സരിക്കുമെന്നാണല്ലോ പറയുന്നത്‌. സീറ്റ്‌ എണ്ണെത്തില്‍ എന്തെങ്കിലും ഡിമാന്‍ഡ്‌ വച്ചിട്ടുണ്ടോ

= സീറ്റ്‌ പങ്കിടല്‍ എന്ന പഴയ രീതി മാറുകയാണ്‌. സീറ്റ്‌ പങ്കിടലിനപ്പുറം മണ്ഡലത്തിന്‌ അനുയോജ്യനായ സ്‌ഥാനാര്‍ഥിയെ കണ്ടെത്തി വിജയിപ്പിക്കുക എന്നതിനാണ്‌ പ്രാധാന്യം നല്‍കുന്നത്‌. ഒരു മണ്ഡലത്തിലേക്ക്‌ മുന്നണിയിലെ ഘടകകക്ഷികള്‍ ഓരോ സ്‌ഥാനാര്‍ഥിയെ കൊണ്ടുവരും. അതില്‍ ഏത്‌ സ്‌ഥാനാര്‍ഥി നിന്നാലാണ്‌ നല്ലതെന്ന്‌ തങ്ങള്‍ വിലയിരുത്തും. ആ വ്യക്‌തിയാകും സ്‌ഥാനാര്‍ഥി. വിജയസാധ്യതയും കഴിവുമുള്ള സ്‌ഥാനാര്‍ഥികളെ അവതരിപ്പിച്ചാകും ഇക്കുറി മത്സരം. ചിഹ്‌നമോ, സീറ്റെണ്ണമോ വിഷയമല്ല. കുന്നത്തുനാട്‌ ഞങ്ങളുടെ സുപ്രധാനമണ്ഡലമാണല്ലോ. അവിടെ ഞങ്ങളുടെ സ്‌ഥാനാര്‍ഥിയെക്കാള്‍ വിജയസാധ്യതയുള്ള സ്‌ഥാനാര്‍ഥിയെ ബി.ജെ.പി. കൊണ്ടുവന്നാല്‍ ഞങ്ങള്‍ അംഗീകരിക്കും.

? പ്രധാന ലക്ഷ്യമെന്താണ്‌

= എന്‍.ഡി.എയെ അധികാരത്തിലെത്തിക്കുക എന്നതാണ്‌ പരമപ്രധാന ലക്ഷ്യം. 'മാറ്റും ഞങ്ങള്‍, കേരളം ഇനി വളരും' എന്ന ടാഗ്‌ ലൈന്‍ ആണ്‌ ഇലക്‌ഷനില്‍ മുറ്റോട്ടുവയ്‌ക്കുന്നത്‌. സിനിമ സ്‌റ്റൈലിലുള്ള പേരുകളല്ല ഞങ്ങളുടെ ടാഗ്‌ ലൈന്‍. വളരെ പാകപ്പെട്ട, പരുവപ്പെട്ട ഒരു ടാഗ്‌ ലൈന്‍ ആണിത്‌.

? എന്താണ്‌ തെരഞ്ഞെടുപ്പ്‌ മാനിഫെസ്‌റ്റോ

= ഇന്ത്യ ഇതുവരെ കാണാത്ത യൂണിക്ക്‌ ആയ മാനിഫെസ്‌റ്റോയാകും അവതരിപ്പിക്കുക. ഇന്ത്യയില്‍ ഇതുവരെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കും കൊണ്ടുവരാന്‍ സാധിക്കാത്തതും ഇനി അഥവാ കൊണ്ടുവന്നാല്‍ അവര്‍ക്കൊന്നും നടപ്പിലാക്കാന്‍ പറ്റാത്തതുമായ മാനിഫെസ്‌റ്റോയാണ്‌ ഞങ്ങള്‍ അവതരിപ്പിക്കുക. ഞങ്ങള്‍ക്കു മാത്രം സാധ്യമാകുന്ന മാനിഫെസ്‌റ്റോയാകുമിത്‌. മറ്റൊരു പാര്‍ട്ടി ഇതു പറഞ്ഞാല്‍ ജനം അതു വിശ്വസിക്കുക കൂടിയില്ല. ഞങ്ങള്‍ പറഞ്ഞാല്‍ മാത്രം ജനം വിശ്വസിക്കുന്ന തരത്തിലുളള മാനിഫെസ്‌റ്റോയാണിത്‌. അത്ര ജനകീയമായ ിരിക്കും അത്‌. അത്‌ പ്രധാനമന്ത്രിയാകും അവതരിപ്പിക്കുക.

? ട്വന്റി 20 യില്‍ നിന്ന്‌ പൊഴിഞ്ഞുപോക്ക്‌ ഉണ്ടല്ലോ

= ഈ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ എത്രയോ പേര്‍ ഇടതില്‍ നിന്ന്‌ യു.ഡി.എഫിലേക്കും അതുപോലെ തിരിച്ചും പോകുന്നുണ്ട്‌. പലരും പാര്‍ട്ടി മാറുന്നു. അതു സ്വഭാവിക പ്രതിഭാസം മാത്രമാണ്‌. മുന്‍ ബേ്ലാക്ക്‌ പ്രസിഡന്റ്‌, മുന്‍ മെമ്പറായിരുന്നയാള്‍, സാധാരണ ഒരു മുന്‍ മെമ്പര്‍, പിന്നെ മെമ്പര്‍ഷിപ്പ്‌ ഇല്ലാത്ത അഞ്ചുപേരുമാണ്‌ പോയത്‌. ഇതില്‍ അവസാനം പറഞ്ഞ അഞ്ചുപേര്‍ ട്വന്റി 20 ക്കാരല്ല. ഒരുപക്ഷേ അവര്‍ അനുഭാവികളാകാം. ട്വന്റി 20 പാര്‍ട്ടിക്ക്‌ സംസ്‌ഥാനത്ത്‌ 15.2 ലക്ഷം മെമ്പര്‍മാരുണ്ട്‌. ഇതില്‍ പാര്‍ട്ടിക്കാരായിരുന്ന രണ്ടുപേര്‍ മാത്രമേ ഞങ്ങളുടെ കണക്കില്‍ പാര്‍ട്ടിയില്‍ നിന്ന്‌ പോയിട്ടുള്ളൂ. അതിനു പകരമായി വിവിധ പാര്‍ട്ടികളില്‍ നിന്ന്‌ ട്വന്റി 20 യിലേക്ക്‌ ഒരുപാടുപേര്‍ വരുന്നു.

? കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക്‌ നഷ്‌ടമോ നേട്ടമോ സംഭവിച്ചത്‌

= ട്വന്റി 20 ക്ക്‌ 10 ശതമാനം വോട്ടു കൂടുകയാണ്‌ ചെയ്‌തത്‌. എല്‍.ഡി.എഫ്‌., യു.ഡി.എഫ്‌. തുടങ്ങി 25 പാര്‍ട്ടികള്‍ ഒന്നിച്ചുചേര്‍ന്ന്‌ ഒരു സ്‌ഥാനാര്‍ഥി ഒറ്റ ചിഹ്‌നമായ ടെലിവിഷനില്‍ ഞങ്ങള്‍ക്കെതിരേ മത്സരിച്ചു. അതിനു പുറമേ അപരന്‍മാരെയും നിര്‍ത്തി. നാലു സീറ്റുകൂടി ജയിക്കുമായിരുന്നു. പക്ഷേ, അപരന്‍മാര്‍ തടഞ്ഞു. നിലവില്‍ നാലു പഞ്ചായത്തു ഭരിക്കുന്നു. രണ്ടു പഞ്ചായത്തുകള്‍ നഷ്‌ടമായപ്പോള്‍ രണ്ടു പുതിയ പഞ്ചായത്തുകള്‍ കിട്ടി. ഇത്രയും പേര്‍ ഒന്നിച്ചു നിന്ന്‌ എതിര്‍ത്ത്‌ ഭൂമുഖത്തു നിന്ന്‌ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ ഞങ്ങള്‍ പിടിച്ചു നിന്നത്‌.

? എറണാകുളം ജില്ലയ്‌ക്കപ്പുറത്തേക്ക്‌ വളരുന്നില്ലേ

= ട്വന്റി 20 എട്ടു ജില്ലകളിലാണ്‌ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌. 882 സീറ്റുകളിലാണ്‌ സ്‌ഥാനാര്‍ഥികളെ നിര്‍ത്തിയത്‌. 10 ജില്ലകളില്‍ സജീവ സാന്നിധ്യമുണ്ട്‌. രണ്ടു ജില്ലകളില്‍ ഭാഗിക സാന്നിധ്യമുണ്ട്‌. മലപ്പുറത്തും വയനാട്ടിലും പാര്‍ട്ടിക്ക്‌ അത്ര സാന്നിധ്യമില്ല.

? ഇ.ഡി. അന്വേഷണത്തെ ഭയന്നാണ്‌ കൂടുമാറ്റം എന്നും ആക്ഷേപമുണ്ട്‌

= അങ്ങനെയാണെങ്കില്‍ ഞാന്‍ 2021ല്‍ എല്‍.ഡി.എഫില്‍ ചേരുമായിരുന്നല്ലോ. കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി മൊത്തമായി ഉദ്യോഗസ്‌ഥ സംഘം അടക്കം എനിക്കെതിരേ ശക്‌തമായി തിരിഞ്ഞിരുന്നു. അപ്പോള്‍ വേണമെങ്കില്‍ എനിക്ക്‌ രക്ഷപ്പെടാനായിരുന്നുവെങ്കില്‍ എല്‍.ഡി.എഫുമായി സഖ്യമാകാമായിരുന്നല്ലോ. ഞാന്‍ അങ്ങനെ വഴങ്ങുന്നയാളല്ലെന്ന്‌ അവര്‍ക്കെല്ലാം അറിയാം. ഇന്ത്യയിലെ നിയമങ്ങളെ ബഹുമാനിച്ചും അനുസരിച്ചും മുന്നോട്ടുപോകുന്നയാളാണ്‌. ഞാനാരെയും ഒരിക്കലും ഭയപ്പെടുന്നില്ല. നിയമം ലംഘിക്കുന്ന വ്യക്‌തിയുമല്ല. നൂറു ശതമാനംനിയമം അനുസരിച്ചാണ്‌ ഞാന്‍ മുന്നോട്ടുപോകുന്നത്‌. പിന്നെ എന്തിനാണ്‌ ഇ.ഡിയെ ഭയക്കുന്നത്‌. ഒരു സ്‌ഥാപനം നടത്തുമ്പോള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ ചില രേഖകള്‍ ആവശ്യപ്പെടും. അതാണ്‌ ഇവിടെയും സംഭവിച്ചത്‌. രേഖ ആവശ്യപ്പെട്ടാല്‍ അതോടെ കുറ്റക്കാരന്‍ ആണെന്നല്ലല്ലോ.

? കേരളത്തില്‍ ബിസിനസ്‌ വളര്‍ത്തുമോ

= കേരളത്തില്‍ ഇനി പുതിയ നിക്ഷേപമിറക്കി ബിസിനസ്‌ വിപുലീകരിക്കാനില്ല. തെലങ്കാനയില്‍ ബിസിനസ്‌ വിപുലീകരണം നടന്നുവരികയാണ്‌. ആന്ധ്രയും ക്ഷണിക്കുന്നുണ്ട്‌. ദക്ഷിണേന്ത്യയില്‍ ഏറ്റവും വികസനം നടക്കുന്നത്‌ നിലവില്‍ ആന്ധ്രയിലാണ്‌. എന്‍.ഡി.എയുടെ ഭാഗമായതോടെ ആന്ധ്ര വികസന കുതിപ്പിലാണ്‌.

? എന്‍.ഡി.എ. എത്ര സീറ്റുവരെ നേടാം

= എന്‍.ഡി.എയുടെ പിന്തുണയില്ലാതെ കേരളത്തില്‍ ഒരു പാര്‍ട്ടിക്കും ഭരിക്കാന്‍ പറ്റില്ല. ആ നിലയിലേക്കു മാറും. ഈ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ നിര്‍ണായക ശക്‌തിയാകും എന്‍.ഡി.എ. കേരളം ആരു ഭരിക്കണമെന്നും ഭരിക്കേണ്ട എന്നും നിശ്‌ചയിക്കാന്‍ എന്‍.ഡി.എയ്‌ക്കു കഴിയും. എന്‍.ഡി.എ. പ്രവര്‍ത്തകര്‍ പോലും ആ കോണ്‍ഫിഡന്‍സിലേക്കു വരുന്നേയുള്ളൂ.

? സ്വന്തം തട്ടകമായ കുന്നത്തുനാട്ടില്‍ കരുത്തു തെളിയിക്കുമോ

= കുന്നത്തുനാട്‌ അസംബ്ലി മണ്ഡലത്തില്‍ എന്‍.ഡി.എയ്‌ക്ക്‌ പതിനയ്യായിരത്തോളം വോട്ടുകളുണ്ട്‌. ഞങ്ങള്‍ക്ക്‌ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മാത്രം 63000 വോട്ട്‌ ലഭിച്ചു. രണ്ടാമത്‌ കോണ്‍ഗ്രസും മൂന്നാമത്‌ എല്‍.ഡി.എഫും.
ഞങ്ങള്‍ എട്ടു പഞ്ചായത്തില്‍ ആറര പഞ്ചായത്തിലേ മത്സരിച്ചുള്ളൂ. കഴിഞ്ഞ തവണയാണ്‌ ആദ്യമായി നിയമസഭയിലേക്കു മത്സരിച്ചത്‌. ഞങ്ങള്‍ക്ക്‌ ആ തെരഞ്ഞെടുപ്പ്‌ ഒരു പാഠമായിരുന്നു. നിലവില്‍ ഞങ്ങള്‍ക്ക്‌ ഒരു വലിയ സൈന്യമുണ്ട്‌. ഇത്തവണ കരുത്തു തെളിയിക്കും.

? താങ്കള്‍ മത്സരിക്കുമോ


99 ശതമാനവും മത്സരിക്കാനില്ല. എന്‍.ഡി.എ. നേതാക്കളായ രാജീവ്‌ ചന്ദ്രശേഖരര്‍, വി. മുരളീധരന്‍, ഷോണ്‍ ജോര്‍ജ്‌ എന്നിവരടക്കം നേതൃനിര മത്സരിക്കുകയാണ്‌. മത്സരക്കളത്തിനുപുറത്തിരുന്ന്‌ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനാണ്‌ എന്റെ തീരുമാനം.

ബൈജു ഭാസി

Ads by Google
 ബൈജു ഭാസി
ബൈജു ഭാസി
Monday 02 Mar 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW