Wednesday, March 11, 2026 Last Updated 15 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 03.43 PM

‘അന്ന് ഗര്‍ഭിണിയായിരുന്നു, ഡിപ്രഷന്‍ കാരണമത് അബോര്‍ഷനായി; മാനസികമായി വല്ലാതെ തളര്‍ത്തിയ സംഭവമായിരുന്നു അത്...’ തുറന്നു പറഞ്ഞ് അശ്വതി രാഹുല്‍

uploads/news/2026/03/828048/Untitled-3.jpg
Aswathy Rahul says she mentally exhausted on unnecessary gossip (Image Source: Instagram)

ബിഗ്സ്ക്രീനിലൂടെ മാത്രമല്ല മിനിസ്ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ ഒരുപാട് സീരിയല്‍ താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ മലയാളി കുടുംബപ്രേക്ഷകരുടെ മനസ്സില്‍ ചുരുങ്ങിയ കാലം തങ്ങളു​ടെ സ്ഥാനം നേടിയെടുത്ത താരദമ്പതിമാരാണ് രാഹുൽ രാമചന്ദ്രനും അശ്വതി രാഹുലും. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ് താരങ്ങളായി മാറിയ ഇവര്‍ രണ്ടാളും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ്. ഒരുമിച്ചുള്ള പ്രണയനിമിഷങ്ങളടങ്ങിയ റീല്‍സ് വീഡിയോകളും ചിത്രങ്ങളും തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം രണ്ടാളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.
ഇക്കഴിഞ്ഞ ദിവസം തന്നെയും അശ്വതിയും കുറിച്ച് പ്രചരിക്കുന്ന വ്യാജവാർത്തകൾക്ക് മറുപടിയുമായി രാഹുൽ എത്തിയിരുന്നു. രാഹുലിനെ അഭിനയിക്കാൻ വിളിച്ചാല്‍ അശ്വതി പ്രശ്‌നമുണ്ടാക്കും, മറ്റൊരു നടിക്കൊപ്പം അഭിനയിക്കുന്നത് അശ്വതിക്ക് ഇഷ്ടമല്ല‌ എന്നും രാഹുലിനും തിരിച്ച് ഇതേ പ്രശ്നമുണ്ടെന്നും വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നുമായിരുന്നു രാഹുല്‍ പറ‍ഞ്ഞത്. ഇതിന്റെ പേരില്‍ ഒന്നര വര്‍ഷത്തോളം വരുമാനം ഇല്ലാതിരുന്നുവെന്നും രാഹുൽ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അശ്വതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രശ്നങ്ങൾ കാരണം ഒരുപാട് മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചെന്നും ഇതിന്റെ ഫലമായി തനിക്ക് ഒരു അബോർഷൻ പോലും ഉണ്ടായി എന്നും അശ്വതി വീഡിയോയില്‍ പറയുന്നു.
‘‘ശരിക്കും ഇതേക്കുറിച്ച് സംസാരിക്കണമെന്ന് വിചാരിച്ചതല്ല. രണ്ട് രണ്ടര വര്‍ഷം മുന്നെയുള്ള കാര്യമാണ്. ചെറിയൊരു റൂമര്‍ കാരണം ഞങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചാണ് പറഞ്ഞത്. പക്ഷേ, ഇപ്പോഴും ആളുകള്‍ അത് വിശ്വസിക്കുന്നുണ്ട്. അന്ന് ഗര്‍ഭിണിയായിരുന്നു. അത് അബോര്‍ഷനായി. ഡിപ്രഷനിലേക്ക് പോയി. മാനസികമായി വല്ലാതെ തളര്‍ത്തിയ സംഭവമായിരുന്നു. ഈയൊരു കാര്യം വെച്ച് നമ്മളെന്ത് പറയാനാണ്, അതാണ് അന്ന് സംസാരിക്കാതെയിരുന്നത്. ഇത് നിസാര കാര്യമല്ലേ എന്ന് പറഞ്ഞ് കളയേണ്ട വിഷയമാണെന്ന് കേള്‍ക്കുന്നവര്‍ തന്നെ പറയും.
ഞാനും രാഹുലും ഒന്നിച്ചൊരു പ്രൊജക്ട് ചെയ്തിരുന്നു. അത് തീര്‍ന്ന സമയത്തായിരുന്നു അച്ഛന്റെ മരണം. കാന്‍സര്‍ പേഷ്യന്റായിരുന്നു അച്ഛന്‍. പിന്നാലെയാണ് ഇന്റസ്ട്രിയില്‍ നിന്ന് ചെറിയൊരു ബ്രേക്ക് എടുത്തത്. പിന്നീടൊരു മൂന്ന് മാസത്തോളം ഞാന്‍ സോഷ്യല്‍മീഡിയയില്‍ ഒന്നും ആക്ടീവല്ലായിരുന്നു. പെട്ടെന്നുണ്ടായ മരണം, ഞങ്ങള്‍ക്കാര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്നില്ല. എല്ലാവരും മാനസികമായി തകര്‍ന്നുപോയിരുന്നു. ആ സമയത്തായിരുന്നു ഇത് നടക്കുന്നത്.
എല്ലാവരും മാനസികമായി തകര്‍ന്നുപോയിരുന്നു. ഇനി ഇങ്ങനെയായാല്‍ പറ്റില്ല, ഒന്ന് എന്‍ഗേജ്ഡാവണം എന്ന് തോന്നിയപ്പോഴായിരുന്നു പുതിയ പ്രൊജക്ടുകള്‍ക്ക് വേണ്ടി ശ്രമിച്ചത്. പക്ഷേ ഞങ്ങളെ സംബന്ധിച്ച ‌ഗോസിപ്പുകൾ പ്രചരിക്കുന്നത് അറിഞ്ഞു. ഞങ്ങളെ കോണ്ടാക്റ്റ് ചെയ്തവര്‍ പിന്നീട് റിജക്റ്റ് ചെയ്തു, നിങ്ങളെ ഒഴിവാക്കി എന്നാണ് വിളിച്ച് പറയുന്നത്.
ഞങ്ങള്‍ പ്രശ്‌നക്കാരാണ്. ഇപ്പോള്‍ രാഹുലിനൊരു പ്രൊജക്ട് കൊടുത്താല്‍ ഭാര്യ അശ്വതി കുറച്ച് പ്രശ്‌നങ്ങളുള്ള ആളാണ് എന്നൊക്കെയായിരുന്നു പറഞ്ഞത്. ഇത് ഞങ്ങളുടെ ജോലിയേയും വരുമാനത്തെയുമൊക്കെ ബാധിക്കുന്നുണ്ടായിരുന്നു. എങ്ങനെ ഇതിനെ അതിജീവിക്കും എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. പഠിച്ച പ്രൊഫഷനിലേക്ക് തിരികെ പോയാലോ എന്നായിരുന്നു ആലോചന. അതും പെട്ടെന്ന് നടക്കുന്ന കാര്യമല്ലല്ലോ. അതിനിടയിലാണ് ഓണ്‍ലൈന്‍ ബിസിനസ് തുടങ്ങിയത്. അതിന് ശേഷമായി ഇടയ്ക്ക് പുതിയ പ്രൊജക്ടുകള്‍ വന്നിരുന്നു. ഈ റൂമറോ, പ്രശ്‌നങ്ങളോ ഇല്ലാതെ മുന്നോട്ട് പോവുകയായിരുന്നു. അഭിനയിക്കാനായി പോയ സമയത്ത് എന്നോട് സ്‌നേഹത്തോടെ നിന്ന് ഞാന്‍ മാറുമ്പോള്‍ അവരോട് അധികം സംസാരിക്കരുത്, ടെററാണ്, പ്രശ്‌നക്കാരിയാണ്, ഭര്‍ത്താവിന്റെ കരിയര്‍ നശിപ്പിച്ചതാണ്. നല്ലൊരു ചെക്കനായിരുന്നു. അവന്റെ കരിയര്‍ കളഞ്ഞു, ഇങ്ങനെയൊക്കെയാണ് പറയുന്നത്.
ഒരു ഭാര്യയും ഭര്‍ത്താവിന്റെ കരിയര്‍ നശിപ്പിക്കില്ല. പരസ്പരം മനസിലാക്കി സപ്പോര്‍ട്ട് ചെയ്ത് പോയിരുന്നവരാണ് ഞങ്ങള്‍. തെറ്റ് ചെയ്തിട്ടില്ല എന്നതിനാല്‍ നമുക്ക് വരേണ്ടത് നമ്മളിലേക്ക് വരും എന്നല്ലേ. ഒന്നര വര്‍ഷത്തോളം ജോലിയില്ലായിരുന്നു. എല്ലാം കൂടെ വന്നപ്പോള്‍ ഡിപ്രഷനിലായിരുന്നു. പ്രൊജക്ട്‌സുകളുടെ കാര്യങ്ങളൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. സംഭവിച്ച കാര്യത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയാണ് ശത്രു ആയിക്കൊണ്ടിരിക്കുന്നത്. ഈയൊരു വിഷയത്തെക്കുറിച്ച് അധികം സംസാരിക്കുന്നത് സ്ത്രീകളാണെന്നാണ് മനസിലാക്കുന്നത്. ഒരു സ്ത്രീയും മറ്റൊരു സ്ത്രീക്ക് ബുദ്ധിമുട്ടാവാതെയിരിക്കുക. മോശം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ ഇനിയെങ്കിലും അത് അവസാനിപ്പിക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്...’’ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍ അശ്വതി പറഞ്ഞു. അശ്വതിയുടെ ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പിന്തുണയും സ്നേഹവും കുറിക്കുന്നത്.
പ്രണയ വിവാഹത്തിലൂടെ ഒന്നിച്ചവരാണ് അശ്വതിയും രാഹുലും. സീരിയലിലെ ഭാര്യയും ഭര്‍ത്താവും യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിച്ചപ്പോള്‍ ആരാധകരുമത് ഹൃദയപൂര്‍വ്വം ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞുള്ള ഒരു വീഡിയോ പങ്കിട്ടത്. പൊസ്സസ്സീവായ, പ്രശ്‌നക്കാരിയായ ഭാര്യയാണ് രാഹുല്‍ രാമചന്ദ്രന്റേത്, അതുകൊണ്ട് രാഹുലിനെയും അശ്വതിയെയും വര്‍ക്കിന് വിളിച്ചാല്‍ നിര്‍മാതാവിന് പണിയാവും എന്ന തരത്തിലുള്ള ഗോസിപ്പ് പ്രചരിച്ചതിന്റെ പേരില്‍ ഒന്നര വര്‍ഷം പണിയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നു എന്നാണ് തന്റെ പേരില്‍ പ്രചരിച്ച ഗോസിപ്പ് എന്നാണ് രാഹുല്‍ വീഡിയോയില്‍ പറഞ്ഞത്. തന്നെയും ഭാര്യയും നടിയുമായ അശ്വതിയെയും സംബന്ധിക്കുന്ന ആ ഗോസിപ്പ് കാരണം ഒരാളും വര്‍ക്കിന് വിളിക്കാതെയായി എന്നും രാഹുല്‍ പറഞ്ഞിരുന്നു.
‘‘രാഹുലിനെ വര്‍ക്കിന് വിളിച്ചാല്‍ ഭാര്യ അശ്വതി പ്രശ്‌നമുണ്ടാക്കും, മറ്റൊരു നടിക്കൊപ്പം അഭിനയിക്കുന്നത് അശ്വതിക്ക് ഇഷ്ടമല്ല, പൊസ്സസ്സീവാണ്, പ്രശ്‌നക്കാരിയാണ്, ഇതെല്ലാം അവഗണിച്ച് രാഹുലിനെ വര്‍ക്കിന് എടുത്താല്‍ പാതിയില്‍ വച്ച് നടന്‍ ആ പ്രൊജക്ട് ഉപേക്ഷിക്കും എന്ന തരത്തിലായിരുന്നുവത്രെ ഗോസിപ്പുകള്‍. അത് കാരണം വര്‍ക്കില്ലാതെ ഏറെ ബുദ്ധിമുട്ടി. ആദ്യമൊന്നും അതിനോട് പ്രതികരിച്ചില്ല. മൈന്റ് ചെയ്യാതെ വിട്ടു.
പക്ഷേ ഇപ്പോള്‍ ദൈവം സഹായിച്ച് രണ്ട് പേര്‍ക്കും നല്ല പ്രൊഡക്ഷന്‍ ഹൗസിന്റെ കീഴില്‍, നല്ല ചാനലുകളില്‍ രണ്ട് പ്രൊജക്ടുകള്‍ കിട്ടിയിട്ടുണ്ട്. അതുമായി മുന്നോട്ടു പോകുന്ന അവസ്ഥയിലും ഈ ഗോസിപ്പുകള്‍ ശക്തമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ പ്രതികരണവുമായി എത്തിയത്. ഞാന്‍ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും എന്റെ ഭാര്യയ്ക്കാണെന്നും, ഭാര്യയുടെ പിന്തുണ കൊണ്ടാണ് ഈ ഇന്റസ്ട്രിയില്‍ നില്‍ക്കുന്നത്...’’ എന്നാണ് രാഹുല്‍ വീഡിയോയില്‍ പറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW