Friday, March 13, 2026 Last Updated 4 Min 15 Sec ago English Edition
Todays E paper
Ads by Google
പി. വി. ബിജേഷ്
Monday 02 Mar 2026 03.31 AM

വൈക്കത്തെ രാഷ്ട്രീയം നിറം മാറുന്നുവോ? അജിത്തിന്റെ ബി.ജെ.പി. പ്രവേശനം; ഞെട്ടലില്‍ സി.പി.ഐ. നേതൃത്വം, ക്ഷേത്രനഗരിയില്‍ എന്‍ ഡി എ ചരിത്രം കുറിക്കു​മോ?

മുന്‍ എംഎല്‍എ ആയിരുന്ന കെ അജിത്തിന്റെ ബിജെപി പ്രവേശം പാര്‍ട്ടിക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. സിപിഐയുടെ വൈക്കത്തെ പ്രമുഖ നേതാവായിരുന്ന എം കെ കേശവന്റെ മകനാണ് അജിത്ത്.
uploads/news/2026/03/827976/K.-Ajith-BJP.jpg

വൈക്കം : കേരളത്തില്‍ ഇടതുപക്ഷ കോട്ടകളുടെ വിശ്വസ്ത നിലമാണ് വൈക്കം. അത് സിപിഐ ആയാലും സിപിഎമ്മും ആയാലും. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ തകിടം മറിയുകയാണ് . ആഴ്ചകള്‍ക്ക് മുമ്പ് സിപിഐയുടെ ഉരുക്ക് കോട്ടയായ തലയാഴത്ത് ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ള ഒരുപിടി പേര്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറി .

ഇവിടെയെല്ലാം കാര്യങ്ങള്‍ നിരത്തി സിപിഐ നേതൃത്വം വിശദീകരണങ്ങള്‍ നല്‍കിയിരുന്നു. ഇവിടെയും പാര്‍ട്ടി ഒരു പരിധി വരെ വിജയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മുന്‍ എംഎല്‍എ ആയിരുന്ന കെ അജിത്തിന്റെ ബിജെപി പ്രവേശം പാര്‍ട്ടിക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
സിപിഐയുടെ വൈക്കത്തെ പ്രമുഖ നേതാവായിരുന്ന എം കെ കേശവന്റെ മകനാണ് അജിത്ത്. ഈ പാരമ്പര്യം ഉള്‍ക്കൊണ്ടാണ് പി നാരായണന് ശേഷം മത്സരിക്കാന്‍ അജിത്തിന് പാര്‍ട്ടി അവസരം നല്‍കിയത്. ഇതിനെയെല്ലാം മറന്ന് അജിത്ത് പാര്‍ട്ടി മാറുമ്പോള്‍ അതിന് പിന്നില്‍ ധാരാളം ചോദ്യങ്ങള്‍ ഉയരുന്നു.

സി.പി.ഐ. നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നുവെങ്കിലും ബി.ജെ.പിയിലേക്ക് പോകുമെന്ന് നേതൃനിരയിലുള്ളവരാരും കരുതിയിരുന്നില്ല. 2006-2011, 2011-2016 വര്‍ഷങ്ങളായി രണ്ടു തവണ വൈക്കം എം.എല്‍.എയായിരുന്നു അജിത്. സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗമവുമായിരുന്നു.
ജില്ലാ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമായിരുന്ന അജിത്തിനെ കഴിഞ്ഞ സമ്മേളനത്തില്‍ മാറ്റിയിരുന്നു. തുടര്‍ന്നു പാര്‍ട്ടിയോട് അകന്നുനിന്നിരുന്ന അജിത് പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചതായി നവംബറില്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തിയാണ് അജിത്തിനെ കൂടുമാറ്റത്തത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറുമായും കെ. അജിത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.ബി.ജെ.പിയില്‍ എത്തിയാലും വൈക്കത്ത് മത്സരിക്കാനുള്ള സാധ്യത കുറവാണ്. വൈക്കം സീറ്റ് ബി.ഡി.ജെ.എസിനാണ്, ഈ സീറ്റ് വിട്ടുകൊടുക്കാന്‍ പാര്‍ട്ടി തയാറാകില്ല. അതേസമയം, അജിത്തിന്റെ പാര്‍ട്ടി മാറ്റത്തില്‍ സി.പി.ഐയ്ക്കു വിശദീകരണം നല്‍കേണ്ടി വരും. വോട്ടിനെ ബാധിക്കില്ലെന്നും അജിത് ഏറെക്കാലമായി അകന്നുനില്‍ക്കുകയായിരുന്നുവെന്നുമാണു നേതൃത്വത്തിന്റെ അനൗദ്യോഗിക വിശദീകരണം.

തെരഞ്ഞെടുപ്പ് പോരിന് ക്ഷേത്ര നഗരി ഒരുങ്ങുമ്പോള്‍ ഇനി ആരെല്ലാം സ്ഥാനാര്‍ത്ഥിയാകും എന്നുള്ള കാര്യം വലിയ ചോദ്യചിഹ്‌നമാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി അജിത്ത് വന്നാല്‍ മത്സരം കടുക്കും. നിലവിലെ സാഹചര്യത്തില്‍ പി പ്രദീപ് ആണ് എല്‍ഡിഎഫില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. എംഎല്‍എ ആയ ആശയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സീറ്റില്ലാതെ വന്നാല്‍ പ്രദീപും എന്ത് ചെയ്യും എന്നുള്ള കാര്യം വലിയ പ്രശ്‌നം തന്നെയാണ്.

യുഡിഎഫില്‍ കാര്യങ്ങള്‍ എങ്ങും എത്തിയിട്ടില്ല. ബിനിമോനെയാണ് വൈക്കത്തെ കോണ്‍ഗ്രസുകാര്‍ പറയുന്നത്. എന്നാല്‍ ഇതിനെയെല്ലാം വെട്ടി മാറ്റി പാര്‍ട്ടി തലപ്പത്ത് നിന്ന് സ്ഥാനാര്‍ത്ഥി എത്തിയേക്കും. ഇങ്ങനെ വന്നാല്‍ അജിത്തിലൂടെ എന്‍ ഡി എ വൈക്കത്ത് ചരിത്രം കുറിച്ചേക്കും. വരും നാളുകളില്‍ അജിത്തിനെ കടന്നാക്രമിക്കാന്‍ സിപിഐയും സിപിഎമ്മും തുനിഞ്ഞിറങ്ങും എന്നുള്ള കാര്യം ഉറപ്പാണ്. എംഎല്‍എയും ദേവസം ബോര്‍ഡ് മെമ്പര്‍ സ്ഥാനവും എല്ലാം നേടിയെടുത്ത വ്യക്തി എന്തിന് പാര്‍ട്ടിയെ ചതിച്ചു എന്നുള്ള ചോദ്യം ഉയര്‍ത്തിയായിരിക്കും ഇവരുടെ ആക്രമണം.

ജനസമ്മതനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ ചില കോണുകളില്‍ നിന്ന് വിമത സ്വരങ്ങള്‍ ഉയരുന്നുണ്ട്.
സതീശന്റെ പുതുയുഗ യാത്രയിലും ഇത് തെളിഞ്ഞിരുന്നു. വൈക്കത്തെ പ്രമുഖ നേതാക്കളെ പ്രതിപക്ഷ നേതാവ് അവഗണിച്ചു വിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അതുപോലെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷണം കഴിച്ച സ്ഥലത്ത് പോലും നേതാവെത്താതെ മടങ്ങി.

-പി. വി. ബിജേഷ്

Ads by Google
പി. വി. ബിജേഷ്
Monday 02 Mar 2026 03.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW