-->
ഇന്നലെയായിരുന്നു ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. ഇപ്പോഴിതാ വിവാഹത്തില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ടയുടെ സഹോദരന്‍ ആനന്ദ് ദേവരകൊണ്ട.
തന്റെ പുതിയ ചേട്ടത്തിയമ്മയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് വൈകാരികമായ ഒരു കുറിപ്പും ആനന്ദ് പങ്കുവെച്ചിട്ടുണ്ട്. രണ്ട് ചിത്രങ്ങളാണ് കുറിപ്പിനൊപ്പം ആനന്ദ് പങ്കുവെച്ചിരിക്കുന്നത്. ഒരു ചിത്രത്തില്‍ ആനന്ദ് വിജയ് യെയും രശ്മികയെയും കെട്ടിപ്പിടിച്ചു നില്‍ക്കുന്നതായി കാണാം. മറ്റൊന്ന് ചടങ്ങിനിടെ ദമ്പതികള്‍ പുഞ്ചിരിക്കുന്ന ചിത്രമാണ്.
‘ഒരുപാട് തവണ ആരാധകര്‍ ചേട്ടത്തിയമ്മയ്ക്ക് സുഖമാണോ എന്ന് ചോദിച്ചപ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. ഇന്ന് എന്റെ സഹോദരന്‍ വിവാഹിതനാണ്. ഏറ്റവും പോസിറ്റീവും കരുണാമയയുമായ ഒരു ചേട്ടത്തിയമ്മയെ എനിക്ക് ലഭിച്ചു. അവരുടെ ജീവിതകാലം മുഴുവന്‍, അവര്‍ ഇതുപോലെ പുഞ്ചിരിച്ചുകൊണ്ടിരിക്കണമെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. ഒരു ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കാൻ’ ആനന്ദ് ദേവരകൊണ്ട കുറിച്ചു.
ഉദയ്പൂരിന് പുറത്ത് 50 കിലോമീറ്റര്‍ അകലെയുളള ഐടിസി മെമെന്റോസ് എന്ന ആഢംബര ഹോട്ടലില്‍ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിജയ് ദേവരകൊണ്ട രശ്മികയുടെ കഴുത്തില്‍ താലികെട്ടിയത്. കുതിരപ്പുറത്തേറിയാണ് വിജയ് വിവാഹമണ്ഡപത്തിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
രണ്ട് വ്യത്യസ്ത ആചാരങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യമനുസരിച്ചുളള തെലുങ്ക് രീതിയിലുളള വിവാഹം രാവിലെ 10 മണിയോടെ നടന്നു. രശ്മിക മന്ദാനയുടെ വേരുകള്‍ കര്‍ണാടകയിലെ കൂര്‍ഗിലായതിനാല്‍ വൈകുന്നേരത്തോടുകൂടി അവരുടെ പാരമ്പര്യമനുസരിച്ചുളള കൊടവ ചടങ്ങിലും വിവാഹച്ചടങ്ങുകള്‍ നടത്തി. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.