-->
അഞ്ചല്‍ (കൊല്ലം): ലക്ഷങ്ങള്‍ വിലയുള്ള ഇരുതലമൂരിയുമായി കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ അഞ്ചു പേരെ അഞ്ചല്‍ വനപാലകര്‍ അറസ്‌റ്റ് ചെയ്‌തു. ഇരവിപുരം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹിയായ കൊല്ലം തട്ടാമലയില്‍ ദാറുല്‍ സലാം വീട്ടില്‍ അന്‍സറുദീന്‍, കൊല്ലം വാക്കനാട് ഫൗസിയ മന്‍സിലില്‍ നിസാറുദീന്‍, കോട്ടയം കൊന്നല്ലൂര്‍ സ്വദേശി പൊട്ടങ്ങായില്‍ ചെറിയാന്‍, ചാത്തന്നൂര്‍ ആനച്ചാലില്‍ ജാസ്‌മിന്‍ വില്ലയില്‍ ഫിയാസ്, കൊല്ലം കടയ്‌ക്കല്‍ പാലയ്‌ക്കല്‍ നൗഫല്‍ മന്‍സിലില്‍ നൗഫല്‍ എന്നിവരാണ് പിടിയിലായത്. ഫോറസ്‌റ്റ് ഇന്റലിജന്‍സിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് വനപാലകര്‍ സംഘത്തെ പിടികൂടിയത്.
ആവശ്യക്കാരാണെന്ന വ്യാജേനെ ഇരുതലമൂരിക്കു വനം വകുപ്പ് ഇന്റലിജന്‍സ് 50 ലക്ഷം രൂപ വില സമ്മതിച്ചാണ് സംഘത്തെ വലയിലാക്കിയത്.
40 ദിവസം മുമ്പാണ് വെല്ലൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ഇരുതലമൂരിയെ നാട്ടില്‍ എത്തിച്ചത്. മൂന്നര ലക്ഷത്തോളം രൂപയ്‌ക്കാണ് ഇരുതലമൂരിയെ വെല്ലൂര്‍ സ്വദേശിയില്‍നിന്നു വാങ്ങിയതെന്നു പ്രതികള്‍ സമ്മതിച്ചതായി വനപാലകര്‍ പറഞ്ഞു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കി. പ്രതികളെ റിമാന്‍ഡ് ചെയ്‌തു.