-->
കൊച്ചി: കുവൈറ്റ് ബാങ്ക് വായ്‌പാത്തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. പോലീസ് അന്വേഷണം തൃപ്‌തികരമല്ലെന്നാരോപിച്ച് കുവൈറ്റിലെ അല്‍ അഹ്‌ലി ബാങ്ക് ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു ഹൈക്കോടതി നടപടി.
കോട്ടയത്തും എറണാകുളത്തുമായി 12 കേസാണ് പോലീസ് രജിസ്‌റ്റര്‍ ചെയ്‌തത്. ഇന്ത്യക്കാര്‍ നടത്തിയ 880 തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട ബഹുഭൂരിപക്ഷവും മലയാളികളാണ്. അല്‍ അഹ്‌ലി ബാങ്കില്‍നിന്ന് 60 ലക്ഷം മുതല്‍ ഒന്നരക്കോടി രൂപവരെ വായ്‌പയെടുത്ത് മുങ്ങിയതുമായി ബന്ധപ്പെട്ട് വെള്ളൂര്‍, അയര്‍ക്കുന്നം, കുറവിലങ്ങാട്, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, പാലാ, പോത്താനിക്കാട്, പുത്തന്‍കുരിശ്, കോതമംഗലം, അങ്കമാലി സ്‌റ്റേഷനുകളിലാണു കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തത്.
പ്രതികളായ മലയാളികള്‍ ഭൂരിഭാഗവും മറ്റ് രാജ്യങ്ങളിലേക്കു കുടിയേറിയതായാണ് പോലീസ് നിഗമനം. ഏറ്റവും കൂടുതല്‍ കേസുകളുള്ള കോട്ടയം ജില്ലയിലെ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിനാണ് അന്വേഷണച്ചുമതല. പ്രതികള്‍ക്കെതിരേ ലുക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ബാങ്കിന്റെ പരാതിയില്‍ സാമ്പത്തികത്തട്ടിപ്പ്, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. 700 കോടിയോളം രൂപ തട്ടിയെടുത്തെന്നാണു ബാങ്കിന്റെ പരാതി.
കുവൈറ്റില്‍ വന്‍ശമ്പളത്തോടെ ജോലി ചെയ്‌തിരുന്നവര്‍വരെ തട്ടിപ്പിന്റെ ഭാഗമായി. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ചില നഴ്‌സുമാരും ഇതില്‍ ഉള്‍പ്പെടുന്നു. ആദ്യം ചെറുവായ്‌പകളെടുത്ത് കൃത്യമായി തിരിച്ചടച്ചശേഷം വമ്പന്‍ വായ്‌പകളെടുത്ത് മറ്റ് രാജ്യങ്ങളിലേക്കു മുങ്ങുകയായിരുന്നു.
ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി ഉന്നത പോലീസ് ഉദ്യോഗസ്‌ഥരെ കണ്ടശേഷമാണ് പരാതി നല്‍കിയത്. തട്ടിപ്പുകാരുടെ വിലാസമടക്കം കൈമാറി. ദക്ഷിണമേഖലാ ഐ.ജിക്കായിരുന്നു ആദ്യം അന്വേഷണച്ചുമതല. അതില്‍ പുരോഗതിയില്ലെന്നാണു ബാങ്കിന്റെ പരാതി.
ജെബി പോള്‍