Friday, March 13, 2026 Last Updated 2 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 09.47 AM

സ്വര്‍ണനാക്കുള്ള മമ്മികളെ കണ്ടെത്തി ഗവേഷകര്‍, ഈജിപ്തിലെ നിഗൂഢമായ ആചാരത്തിന് പിന്നില്‍

mummy, egypt, golden, tongue

ഈജിപ്തിലെ പുരാതന നഗരമായ എല്‍ ബഹ്‌നാസയില്‍ നിന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ സ്വര്‍ണ നാവുള്ള മമ്മികള്‍ ചരിത്രലോകത്തെ വിസ്മയിപ്പിക്കുകയാണ്. മധ്യ നൈല്‍ ഡെല്‍റ്റയിലെ കെസ്വാന മേഖലയില്‍ നടന്ന ഖനനത്തിലാണ് മരിച്ചവരുടെ നാവുകള്‍ക്ക് പകരം സ്വര്‍ണ്ണത്തകിടുകള്‍ സ്ഥാപിച്ച നിലയില്‍ മമ്മികളെ കണ്ടെത്തിയത്. ബി.സി 300 മുതല്‍ എ.ഡി 640 വരെയുള്ള ടോളമിക്, റോമന്‍ കാലഘട്ടങ്ങളില്‍ ജനവാസമുണ്ടായിരുന്ന ഈ പ്രദേശം പുരാതന ഈജിപ്ഷ്യന്‍ സംസ്‌കാരത്തിന്റെ വലിയൊരു കലവറയായാണ് കണക്കാക്കപ്പെടുന്നത്.

സ്പാനിഷ് പുരാവസ്തു മിഷന്റെ നേതൃത്വത്തില്‍ നടന്ന ഖനനത്തില്‍ ഒരു പുരുഷന്റെയും സ്ത്രീയുടെയും മമ്മികളാണ് പ്രധാനമായും കണ്ടെത്തിയത്. ഇതില്‍ പുരുഷ മമ്മിയുടെ കല്ലറ പൂര്‍ണ്ണമായും അടച്ചുറപ്പുള്ള നിലയിലായിരുന്നു എന്നത് ഗവേഷകര്‍ക്ക് വലിയൊരു നേട്ടമായി. കല്ലറയ്ക്കുള്ളില്‍ നിന്ന് നാല് ഭരണികളും വിലപിടിപ്പുള്ള ലോക്കറ്റുകളും അനേകം രൂപങ്ങളും സുരക്ഷിതമായി ലഭിച്ചു. എന്നാല്‍ സ്ത്രീ മമ്മിയുടെ കല്ലറ നേരത്തെ തന്നെ തുറക്കപ്പെട്ട നിലയിലായിരുന്നു. ഈ കൂട്ടത്തില്‍ മൂന്ന് വയസ്സുള്ള ഒരു കുട്ടിയുടെ മൃതദേഹത്തിനൊപ്പം ചെറിയൊരു സ്വര്‍ണ്ണനാക്കും കണ്ടെത്തിയിട്ടുണ്ട്.

എന്തിനാണ് മരിച്ചവരുടെ വായില്‍ സ്വര്‍ണ്ണനാക്കുകള്‍ വെക്കുന്നത് എന്ന ചോദ്യത്തിന് പിന്നില്‍ രസകരമായ ഒരു വിശ്വാസമുണ്ട്. മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്ന പുരാതന ഈജിപ്ഷ്യന്‍ ജനത, ആത്മാവ് മരണത്തിന് ശേഷം അധോലോകത്തെത്തുമെന്ന് വിശ്വസിച്ചിരുന്നു. അവിടെയെത്തുമ്പോള്‍ മരണാനന്തര ദേവനായ 'ഒസിരിസിനോട്' സംസാരിക്കാനും തങ്ങളുടെ ഭാഗം വാദിക്കാനും വേണ്ടിയാണ് നാവുകള്‍ സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സ്വര്‍ണ്ണം ദേവന്മാരുടെ മാംസമാണെന്ന വിശ്വാസവും ഇതിന് പിന്നിലുണ്ട്.

സ്വര്‍ണ്ണനാക്കുള്ള മമ്മികള്‍ കൂടാതെ അസ്ഥികളില്‍ സ്വര്‍ണ്ണം പൂശിയ മമ്മികളും സ്വര്‍ണ്ണത്തില്‍ തീര്‍ത്ത താമരപ്പൂക്കളുടെയും ശില്പങ്ങളും ഈ കല്ലറകളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 2021ല്‍ അലക്‌സാന്‍ഡ്രിയയ്ക്ക് സമീപമുള്ള തപോസിരിസ് മാഗ്‌ന ക്ഷേത്രത്തില്‍ നിന്നും സമാനമായ മമ്മികളെ കണ്ടെത്തിയിരുന്നു. ബി.സി 525 വരെ ഈജിപ്ത് ഭരിച്ച 'സൈറ്റ്' സാമ്രാജ്യത്തിന്റെ കാലത്തുള്ളതാണ് ഈ മമ്മികളെന്ന് ഈജിപ്ഷ്യന്‍ പുരാവസ്തു മന്ത്രാലയം സ്ഥിരീകരിച്ചു. പുരാതന കാലത്തെ നിഗൂഢമായ ആചാരങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തലുകള്‍.

Ads by Google
Wednesday 25 Feb 2026 09.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW