Saturday, March 14, 2026 Last Updated 22 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.34 PM

പാലക്കാട്‌ ഐ.ഐ.ടിയില്‍ വിദ്യാര്‍ഥിനിക്ക്‌ ആക്രമണം

പാലക്കാട്‌: ഐ.ഐ.ടിയില്‍ അജ്‌ഞാതന്റെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്ക്‌ പരുക്ക്‌. സേലം സ്വദേശിയായ ബി.ടെക്‌ അവസാന വര്‍ഷ വിദ്യാര്‍ഥിനി അശ്വിനി കണ്ണനു നേരേയാണ്‌ 16 നു വൈകിട്ട്‌ ഏഴോടെ കാമ്പസിനകത്ത്‌ ആക്രമണം ഉണ്ടായത്‌. തലയ്‌ക്ക്‌ ഗുരുതര പരുക്കേറ്റ വിദ്യാര്‍ഥിനി കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്‌.
അക്രമിയെക്കുറിച്ചും ആക്രമണത്തിനിടയായ കാരണത്തെക്കുറിച്ചും യാതൊരു വിവരവും ലഭിച്ചിട്ടില്ല. പതിവായി ജോഗിങിന്‌ ഇറങ്ങാറുള്ള അശ്വനി ഹോസ്‌റ്റലില്‍നിന്ന്‌ ഇറങ്ങി ഹില്‍ടോപ്‌ ഭാഗത്തുപോയി തിരിച്ചുവരുമ്പോഴാണ്‌ ആക്രമണം ഉണ്ടായത്‌. സാധാരണ ആരെങ്കിലും കൂടെ ഉണ്ടാവാറുണ്ടെങ്കിലും സംഭവം നടക്കുമ്പോള്‍ ഒറ്റയ്‌ക്കായിരുന്നു. പിന്നിലൂടെ എത്തിയ അക്രമി തിരിഞ്ഞുനോക്കിയ അശ്വനിയെ മരം പോലുള്ള ഒരു വസ്‌തുകൊണ്ട്‌ അടിച്ച്‌ വീഴ്‌ത്തി. നെറ്റിയിലാണ്‌ അടിയേറ്റത്‌. വീണ്ടും അടിക്കാന്‍ ശ്രമിച്ചെങ്കിലും വാഹനത്തിന്റെ ശബ്‌ദം കേട്ട്‌ അക്രമി ഓടി രക്ഷപ്പെട്ടു. ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ മെഡിക്കല്‍ ഓഫീസര്‍ സ്‌ഥലത്തെത്തി പ്രഥമശുശ്രൂഷ നല്‍കിയാണ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. സംഭവമറിഞ്ഞ്‌ കസബ ഇന്‍സ്‌പെക്‌ടര്‍ എം. സുജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സ്‌ഥലത്തെത്തി. പരുക്കേറ്റ വിദ്യാര്‍ഥിനിയുടെ മൊഴിയെടുത്ത്‌ കേസെടുത്തു.
ആക്രമണം നടന്ന ഭാഗത്ത്‌് സി.സി.ടിവി ക്യാമറയില്ല. അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ സമഗ്ര അന്വേഷണം ആരംഭിച്ചെന്ന്‌ സ്‌ഥലത്തെത്തിയ ജില്ലാ പോലീസ്‌ മേധാവി അജിത്ത്‌ കുമാര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്‌.
കാമ്പസില്‍ സുരക്ഷ ശക്‌തിപ്പെടുത്തുന്നതിനുള്ള അടിയന്തര നടപടികള്‍ ആരംഭിക്കുന്നതിനായി ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ഉന്നതതല അവലോകന യോഗം ചേര്‍ന്നു. കൂടുതല്‍ സി.സി.ടിവി കാമറകള്‍ സ്‌ഥാപിക്കാനും സുരക്ഷാ പട്രോളിങ്‌ വര്‍ധിപ്പിക്കാനും ധാരണയായി. വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത്‌ കാമ്പസിനുള്ളില്‍ യാത്ര ചെയ്യാന്‍ ബസ്‌/ബഗികളുടെ സേവനം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചതായി ഡയറക്‌ടര്‍ പ്രഫ. എ. ശേഷാദ്രി ശേഖര്‍ അറിയിച്ചു.

Ads by Google
Tuesday 24 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW