Saturday, March 14, 2026 Last Updated 11 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.34 PM

കേരളാ സ്‌റ്റോറി ടീസര്‍ പിന്‍വലിക്കും; നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍

കൊച്ചി: വിവാദ ചലച്ചിത്രം 'കേരളാ സ്‌റ്റോറി-2ന്റെ ടീസര്‍ പിന്‍വലിക്കാമെന്നു നിര്‍മാതാക്കള്‍. സിനിമ കണ്ട്‌ പ്രദര്‍ശനാനുമതി സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി.
കേരള സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നതാണു സിനിമയെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്‌ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണു ടീസര്‍ പിന്‍വലിക്കാന്‍ കോടതി നിര്‍ദേശിച്ചത്‌.
ഇതിനു മറുപടിയായാണു ടീസര്‍ പിന്‍വലിക്കാമെന്നു നിര്‍മാതാക്കള്‍ അറിയിച്ചത്‌. ഇന്നു ചിത്രം കണ്ട്‌ പ്രദര്‍ശനാനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്താമെന്നു ജസ്‌റ്റിസ്‌ ബെച്ചു കുര്യന്‍ തോമസ്‌ വ്യക്‌തമാക്കി. കൊച്ചിയില്‍ സിനിമയുടെ പ്രദര്‍ശനം ഒരുക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.
ലൗ ജിഹാദിന്റെ ഇരകള്‍ എന്ന പേരില്‍ ഒരുകൂട്ടം യുവതികളെ നിര്‍മാതാക്കള്‍ അവതരിപ്പിച്ചതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍നിന്നുള്ള ഒരാള്‍ പോലും ഇവരില്‍ ഉണ്ടായിരുന്നില്ല.
എന്നിട്ടും സിനിമയ്‌ക്കു കേരളാ സ്‌റ്റോറി എന്നു പേരിട്ടത്‌ കേരള സമൂഹത്തെ മോശമായി ചിത്രീകരിക്കാനാണ്‌. സെന്‍സര്‍ ബോര്‍ഡിന്‌ സെലക്‌ടീവ്‌ വിവേചനമാണ്‌.
കേരള വിരുദ്ധ ടീസറും ട്രെയിലറും യൂട്യൂബിലൂടെ പ്രചരിക്കുന്നുണ്ട്‌. 'ട്രൂ സ്‌റ്റോറി' എന്ന പേരില്‍ വാസ്‌തവവിരുദ്ധമായ കാര്യങ്ങള്‍ പറയുകയാണെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.
ഇതോടെ സിനിമയുടെ ഉള്ളടക്കം കേരളത്തിന്‌ എതിരെന്ന്‌ എങ്ങനെ തിരിച്ചറിയുമെന്ന്‌ ഹൈക്കോടതി ചോദിച്ചു. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനാണോ ഇങ്ങനെയൊരു സിനിമ എന്നും ഹൈക്കോടതി ആരാഞ്ഞു. ക്രമസമാധാനം തകര്‍ക്കുന്നതല്ല സിനിമ എന്ന്‌ വ്യക്‌തത വരുത്തണം.
കേരളത്തിലെ ജനങ്ങളുടെ ആശങ്ക അവഗണിക്കാനാകില്ല. സിനിമ കലാരൂപമാണ്‌. കലാകാരന്മാര്‍ക്ക്‌ ആവിഷ്‌കാര സ്വാതന്ത്ര്യവുമുണ്ട്‌. മതപരമായ കാര്യങ്ങള്‍ വരുമ്പോള്‍ പക്ഷേ, സമ്പൂര്‍ണ സ്വാതന്ത്ര്യമില്ല. സാധാരണഗതിയില്‍ സിനിമകളുടെ പ്രദര്‍ശനത്തില്‍ കോടതി ഇടപെടാറില്ല. യഥാര്‍ഥ സംഭവങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ സിനിമ എന്നാണ്‌ നിര്‍മാതാക്കളുടെ വാദം. ആ വാദം പ്രശ്‌നമാണ്‌. സിനിമയില്‍ പറയുന്നതു വസ്‌തുതാ വിരുദ്ധതയെങ്കില്‍ ഇടപെടേണ്ടിവരുമെന്നും ഹൈക്കോടതി പറഞ്ഞു.
ഏതെങ്കിലും മതത്തെയോ വിഭാഗത്തെയോ ബാധിക്കുന്ന ഭാഗങ്ങള്‍ സിനിമയിലില്ലെന്നു നിര്‍മാതാക്കള്‍ വ്യക്‌തമാക്കി. ഇതോടെ ചിത്രത്തിന്റെ ടീസര്‍ പിന്‍വലിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തോട്‌ നിര്‍മാതാക്കള്‍ അനുകൂല സമീപനം സ്വീകരിക്കുകയായിരുന്നു. നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയതിനാല്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. മതേതരത്വത്തിന്റെ നാടാണു കേരളം. സൗഹാര്‍ദപരമായാണ്‌ എല്ലാവരും ജീവിക്കുന്നത്‌. ഇതിനെ അസ്വസ്‌ഥതപ്പെടുത്തിയേക്കാവുന്ന ചില പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്ന 'ഹാല്‍' എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ ഒഴിവാക്കി. അതേ മാനദണ്ഡം കേരളാ സ്‌റ്റോറിക്കും ബാധകമാണെന്നും ഹൈക്കോടതി പറഞ്ഞു.
കേരളാ സ്‌റ്റോറി 2 വിന്റെ ട്രെയിലറിലെ രംഗമാണു വ്യാപക വിമര്‍ശനങ്ങള്‍ക്കു വഴിവച്ചത്‌. ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു ബീഫ്‌ കഴിപ്പിക്കുന്ന മുസ്ലിം കഥാപാത്രങ്ങളെയാണു ട്രെയിലറില്‍ കാണിക്കുന്നത്‌. ഇന്ത്യ വൈകാതെ ഇസ്ലാമിക്‌ സ്‌റ്റേറ്റായി മാറുമെന്നും ടീസറിലുണ്ടായിരുന്നു. സിനിമയ്‌ക്കെതിരേ യുവജന പ്രസ്‌ഥാനങ്ങളും സര്‍ക്കാരും പ്രതിപക്ഷവും തുടങ്ങി മലയാളികളെല്ലാം മുന്നോട്ടുവന്നിട്ടുണ്ട്‌. രാജ്യത്തിന്റെ വിവിധ സാംസ്‌കാരിക മണ്ഡലങ്ങളില്‍നിന്നും ചിത്രത്തിനെതിരേ വിമര്‍ശനം ശക്‌തമാണ്‌.

Ads by Google
Tuesday 24 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW