-->
ശരീരത്തിന്റെ ചയാപചയം, ഊര്‍ജ്ജത്തിന്റെ തോത്, നാഡീവ്യൂഹപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം നിയന്ത്രിക്കുന്ന ഹോര്‍മോണുകളാണ് തൈറോയ്ഡുകള്‍. ഇതിലെ കയറ്റിറക്കങ്ങള്‍ ഭാരവും ക്ഷീണവും വര്‍ധിക്കാന്‍ ഇടയാക്കും. ഉയര്‍ന്ന തൈറോയ്ഡും കുറഞ്ഞ തൈറോയ്ഡും പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് വരെ കാരണമാകാം. ഇതിനാല്‍ ഇടയ്ക്കിടെ തൈറോയ്ഡ് തോതും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ഇന്ത്യയില്‍ എല്ലാ പ്രായക്കാരിലും തൈറോയ്ഡ് രോഗങ്ങള്‍ സര്‍വസാധാരണമാണ്. മരുന്നുകള്‍ക്ക് പുറമെ ആരോഗ്യകരമായ ജീവിതശൈലിയും തൈറോയ്ഡ് ആരോഗ്യത്തെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. തൈറോയ്ഡിനെ വരുതിയിലാക്കാന്‍ ഈ വ്യായാമങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം....
* സൈക്ലിങ്ങ് - ഹൃദയാരോഗ്യത്തിന് സൈക്ലിങ് വളരെ നല്ലതാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഹൈപ്പോതൈറോയിഡ് രോഗികള്‍ക്ക് കലോറി എരിയിച്ചുകളയാന്‍ സൈക്ലിങ്ങ് സഹായിക്കും. അതുവഴി അവരുടെ ശരീരഭാരം നിയന്ത്രിക്കാനും സാധിക്കും. ഹൈപ്പര്‍തൈറോയിഡിസമുള്ളവരെ സംബന്ധിച്ച് എനര്‍ജി ലെവല്‍ ബാലന്‍സ് ചെയ്യുന്നതിന് സൈക്ലിങ്ങ് സഹായിക്കും.
* നീന്തല്‍ - നീന്തല്‍ സന്ധികളിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നു. ഇത് ഒരു വ്യക്തിയുടെ പൊതുവായ ഹൃദയാരോഗ്യം, പേശികള്‍ എന്നിവയെ മെച്ചപ്പെടുത്തുന്നു.
* നടക്കാം - തൈറോയ്ഡിന്റെ ആരോഗ്യം മെച്ചപ്പെടുന്നതിന് ഏറ്റവും ലളിതവും ഫലപ്രദവുമായ വ്യായാമമാണ് നടത്തം. ദിവസവും 30 മിനിറ്റ് വേഗത്തില്‍ നടക്കുന്നത് ഉപാപചയം വര്‍ധിപ്പിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ക്ഷീണം അകറ്റാനും സഹായിക്കും. ഹൈപ്പോതൈറോയിഡിസം ഉള്ളവര്‍ക്ക് ശരീരഭാരം നിയന്ത്രിക്കാനും നടത്തം നല്ലതാണ്. ഹൈപ്പര്‍തൈറോയിഡിസം ഉള്ളവരില്‍ ഉത്കണ്ഠ കുറയ്ക്കാനും നടത്തം ശീലമാക്കാം.
* മസില്‍ ട്രെയിനിങ് - തൈറോയ്ഡ് രോഗങ്ങളില്‍ പേശി ദൗര്‍ബല്യവും സന്ധിവേദനയും സാധാരണയായി കാണപ്പെടാറുണ്ട്. സ്‌ക്വാറ്റുകള്‍, ലഞ്ചുകള്‍, ചെറിയ തോതില്‍ വെയ്റ്റ് ലിഫ്റ്റിങ് എന്നിവയാണ് ഏറ്റവും ഫലപ്രദമായ വ്യായാമങ്ങള്‍. ഡംബെല്ലുകളും ഉപയോഗിക്കാം
* യോഗ - യോഗ തൈറോയ്ഡിന്റെ ആരോഗ്യത്തിന് ഫലപ്രദമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കഴുത്തിന്റെ ഭാഗത്തേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും ശാരീരിക ചലനത്തിനും യോഗ പതിവായി ചെയ്യുന്നത് നല്ലതാണ്. തൈറോയ്ഡ് അസന്തുലിതാവസ്ഥയുടെ ഒരു പ്രധാന കാരണമായ സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗ സഹായിക്കുന്നു.