Sunday, March 15, 2026 Last Updated 33 Min 0 Sec ago English Edition
Todays E paper
Ads by Google
ഉണ്ണി വി.ജെ. നായര്‍
Saturday 21 Feb 2026 11.33 PM

ചര്‍ച്ച തുടങ്ങി; പതിറ്റാണ്ടുകളായി പൂട്ടിക്കിടക്കുന്ന കൊല്ലം പാര്‍വതി മില്ലിലേക്ക്‌ ലുലു വില്ലേജ്‌, കേന്ദ്ര സര്‍ക്കാരിന് സമ്മതം, സംസ്‌ഥാന സര്‍ക്കാരിന്റെ പിന്തുണ

കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ സമ്മതത്തോടെ, സംസ്‌ഥാന സര്‍ക്കാരിന്റെ പിന്തുണയില്‍ പാര്‍വതി മില്ലിന്റെ 16.40 ഏക്കര്‍ പ്രൈം​ സിറ്റി ഭൂമിയാണു ലുലുവിനു നല്‍കുക. ഭൂമി വിട്ടുകിട്ടിയാല്‍, ടൂറിസം ലക്ഷ്യമാക്കി 'ലുലു വില്ലേജ്‌' എന്ന പേരില്‍ വന്‍ സംരംഭത്തിനു തുടക്കമിടും
uploads/news/2026/02/826637/Parvathi-mills.jpg

കൊല്ലം: പതിറ്റാണ്ടുകളായി പൂട്ടിക്കിടക്കുന്ന, നാഷണല്‍ ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്റെ (എന്‍.ടി.സി) ഉടമസ്‌ഥതയിലുള്ള, തുണി നിര്‍മാണ കമ്പനിയായ എ.ഡി. കോട്ടണ്‍ അഥവാ പാര്‍വതി മില്‍സ്‌ ലിമിറ്റഡ്‌ ലുലു ഗ്രൂപ്പിനു കൈമാറിയേക്കും. ഇതു സംബന്ധിച്ചു പ്രാരംഭ ചര്‍ച്ച നടന്നതായാണു വിവരം.

കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ സമ്മതത്തോടെ, സംസ്‌ഥാന സര്‍ക്കാരിന്റെ പിന്തുണയില്‍ പാര്‍വതി മില്ലിന്റെ 16.40 ഏക്കര്‍ പ്രൈം​ സിറ്റി ഭൂമിയാണു ലുലുവിനു നല്‍കുക. ഭൂമി വിട്ടുകിട്ടിയാല്‍, ടൂറിസം ലക്ഷ്യമാക്കി 'ലുലു വില്ലേജ്‌' എന്ന പേരില്‍ വന്‍ സംരംഭത്തിനു തുടക്കമിടും. ഇതോടൊപ്പം ഹൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റും ഉണ്ടാകും.

മില്ലിന്റെ പിന്‍ഭാഗം അഷ്‌ടമുടി കായലായതിനാല്‍ ടൂറിസവുമായി ബന്ധപ്പെട്ടു നിരവധി പദ്ധതികള്‍ ആരംഭിക്കാന്‍ കഴിയും. പാര്‍വതി മില്‍ തുറക്കാന്‍ ഒരു സാധ്യതയും ഇല്ലാതിരിക്കെയാണു കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ സംരംഭകരെ തേടിയത്‌. ഇതു സംബന്ധിച്ചു സംസ്‌ഥാന സര്‍ക്കാരുമായി നടത്തിയ ആദ്യ ആലോചനയിലാണ്‌ ലുലു ഗ്രൂപ്പിന്റെ പേര്‌ ഉയര്‍ന്നുവന്നതെന്നാണ്‌ വിവരം. ലുലു ഗ്രൂപ്പ്‌ ആയതിനാല്‍ സി.പി.എം, കോണ്‍ഗ്രസ്‌, ബി.ജെ.പി. തുടങ്ങിയ മുഖ്യ പാര്‍ട്ടികളുടെ പിന്തുണയും സംരംഭത്തിനുണ്ടാകും.

ഒരു കാലത്തു തെരഞ്ഞെടുപ്പുകളില്‍ കൊല്ലം ജില്ലയില്‍ ഇടതുപക്ഷത്തിന്റെ വിജയ സാധ്യതയ്‌ക്കു പ്രധാന പങ്കുവഹിച്ച സ്‌ഥാപനമാണ്‌ പാര്‍വതി മില്‍. കമ്പനി അടച്ചുപൂട്ടിയതോടെ കോണ്‍ഗ്രസും ആര്‍.എസ്‌.പിയും പാര്‍വതി മില്‍ വിഷയം ഉയര്‍ത്തി വോട്ട്‌ തേടിയിരുന്നു.

മില്‍ ഭൂമി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനായി ഏറ്റെടുക്കുന്നതിനു കൊല്ലത്തുനിന്നുള്ള പ്രതിനിധികളും സംഘടനകളും 2014 ഫെബ്രുവരിയില്‍ ധര്‍ണയും മാര്‍ച്ചും നടത്തിയിരുന്നു. പാര്‍വതി മില്‍ ടെക്‌സ്‌റ്റൈല്‍സ്‌ പാര്‍ക്കായി ഉയര്‍ത്തുമെന്നും അവിടെ നാനോ ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക്‌ കൊണ്ടുവരുമെന്നും എം.പി. പറഞ്ഞിരുന്നു. എന്നാല്‍, ഒന്നും യാഥാര്‍ഥ്യമായില്ല. മില്ലിന്റെ കെട്ടിടവും യന്ത്രങ്ങളും നശിച്ചു നാമാവശേഷമായിക്കഴിഞ്ഞു.

രണ്ടു വര്‍ഷം മുമ്പു മില്ലിന്റെ സ്‌ഥലം കൈമാറണമെന്നു സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനുകൂല തീരുമാനമുണ്ടായില്ല. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മയാണ്‌ തിരുവിതാംകൂറിന്റെ വാണിജ്യ തലസ്‌ഥാനമായിരുന്ന കൊല്ലത്തു സ്‌പിന്നിങ്‌ മില്‍ ആരംഭിക്കാന്‍ മുന്‍കൈയെടുത്തത്‌. കോട്ടണ്‍ മില്‍ ആരംഭിക്കുന്നതിന്‌ അദ്ദേഹം ഭൂമി ദാനംചെയ്‌തു.

1884ല്‍ ബ്രിട്ടീഷ്‌ പൗരനായ എ.ഡി. കോട്ടണ്‍ സ്‌ഥാപിച്ച ഈ കമ്പനി സ്വാതന്ത്ര്യത്തിനു മുമ്പു കൊല്ലത്തിന്റെ ജീവനാഡിയായിരുന്നു. സ്വാതന്ത്ര്യാനന്തരം ഈ മില്‍ തമിഴ്‌ സംരംഭകന്‍ വാടകയ്‌ക്കെടുത്തു. 1974-ല്‍ ഈ ഭൂമി നാഷണല്‍ ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷനു കൈമാറി. കമ്പനിയില്‍ 120 ജീവനക്കാരുണ്ടായിരുന്നു. 2005ല്‍ എന്‍.ടി.സി. പാര്‍വതി മില്‍സിനെ സ്വകാര്യവല്‍ക്കരിക്കാന്‍ പദ്ധതിയിട്ടു. പാര്‍വതി മില്‍സ്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്റെ പ്രതിഷേധത്തെത്തുടര്‍ന്നു പദ്ധതി ഉപേക്ഷിച്ചു. 2008ല്‍ മില്‍ അടച്ചുപൂട്ടി.

ഉണ്ണി വി.ജെ. നായര്‍

Ads by Google
ഉണ്ണി വി.ജെ. നായര്‍
Saturday 21 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW