-->
നിവിന്‍ പോളി, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ' പ്രതിഛായ'. ഉണ്ണികൃഷ്ണന്‍ ബി. രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും ട്രെയ്‌ലറും മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ചടങ്ങില്‍ മോഹന്‍ലാലിന്റേയും ആന്റണി പെരുമ്പാവൂരിന്റെയും ബന്ധത്തെക്കുറിച്ച് ഗോകുലം ഗോപാലന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആനയും പാപ്പാനും തമ്മിലുളള ബന്ധമാണ് ഇരുവരുടെയും എന്നാണ് ഗോകുലം ഗോപാലന്‍ പറഞ്ഞത്.
‘മോഹൻലാലിനൊപ്പം ഒരാളുണ്ട്. ആന്റണി. അദ്ദേഹം ഒരു ആനപ്പാപ്പാനാണ്. ആനയെ തെളിക്കണമെങ്കിൽ പാപ്പാന് മാത്രമേ സാധിക്കൂ. അടുത്ത് വേറെയാർക്കും പോകാൻ സാധിക്കൂ. എന്നെ സംബന്ധിച്ച് ഇരുവരും തമ്മിൽ ആനയും പാപ്പാനും തമ്മിലുള്ള ബന്ധമാണ്. വലിയ ഐക്യമാണ്. ആ ബന്ധം എന്നും നിലനിൽക്കട്ടെ. അതിൽ നിന്ന് പല കാര്യങ്ങളും നമുക്ക് ലഭിക്കാനുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
മോഹൻലാൽ ഒരു അദ്ഭുതമാണ്. അദ്ദേഹത്തെ സാധാരണ മനുഷ്യഗണത്തിൽ പെടുത്താൻ കഴിയില്ല. പത്തുനാൽപ്പത് വർഷങ്ങൾക്ക് മുമ്പ് മദ്രാസിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യം കാണുന്നത്. അദ്ദേഹത്തിന്റെ ഭാര്യാപിതാവ് ബാലാജി എന്റെ സുഹൃത്തായിരുന്നു. മോഹൻലാൽ എന്ന കലാകാരൻ ലോകം അറിയപ്പെടുന്ന വലിയ നിലയിൽ എത്തുമെന്ന് അന്ന് തന്നെ എനിക്ക് തോന്നിയിരുന്നു,’ ഗോകുലം ഗോപാലൻ പറയുന്നു.ഇത് കേട്ട് മോഹന്‍ലാല്‍ ആന്റണിയെ നോക്കി ആനപാപ്പാന്‍ എന്ന് പറയുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.