-->
പിറവം: ക്രിസ്‌മസ്-പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 20 കോടി രൂപയ്‌ക്ക് അവകാശമുന്നയിച്ച് പിറവം സ്വദേശി. റിട്ട. എ.എസ്.ഐ. കൂടിയായ പാഴൂര്‍ സ്വദേശി കെ.കെ. സജിമോനാണ് ടിക്കറ്റ് നഷ്‌ടമായെന്നുകാട്ടി പരാതിയുമായി രംഗത്തെത്തിയത്.
ജനുവരി 24 ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായ എക്‌സ്.സി. 138455 നമ്പര്‍ ടിക്കറ്റിനാണ് സജിമോന്‍ അവകാശവാദം ഉന്നയിച്ചത്. പോലീസില്‍നിന്നു വിരമിച്ചശേഷം ട്രാവലര്‍ സര്‍വീസ് നടത്തുകയാണ് സജിമോന്‍. ഡിസംബര്‍ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടില്‍ പോയപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍നിന്നാണ് ടിക്കറ്റെടുത്തതെന്നും ഇതിനുപിന്നില്‍ വിലാസമെഴുതി ഒപ്പിട്ടിരുന്നുവെന്നുമാണ് സജിമോന്‍ പറയുന്നത്. തന്റെ ഉടമസ്‌ഥതയിലുള്ള വാഹനത്തില്‍ ശബരിമല ദര്‍ശനത്തിനുപോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പന്മാര്‍ നെയ്‌പ്പാത്രം മറന്നുവച്ചെന്നും താന്‍ വാങ്ങിയ ടിക്കറ്റ് ഈ നെയ്‌പാത്രത്തിനടിയില്‍ സൂക്ഷിച്ചിരുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നീട് വിശാഖപട്ടണം സ്വദേശി ആവശ്യപ്പെട്ട പ്രകാരം നെയ്‌പ്പാത്രം കൊറിയര്‍ ചെയ്‌തു കൊടുത്തപ്പോള്‍ ടിക്കറ്റും അറിയാതെ അയച്ചെന്നാണ് സജിമോന്റെ വാദം.
പിറവത്തെ കൊറിയര്‍ സ്‌ഥാപനത്തില്‍ നിന്ന് ജനുവരി 30 നാണ് പാത്രം കൊറിയര്‍ ചെയ്‌തത്. പാത്രത്തിനടിയില്‍ ലോട്ടറി ടിക്കറ്റ് സൂക്ഷിച്ച കാര്യം ഓര്‍മിച്ച സജിമോന്‍ കഴിഞ്ഞ ഒന്നിന് വൈകിട്ട് കൊറിയര്‍ സ്‌ഥാപനവുമായി ബന്ധപ്പെട്ട് പാത്രം തിരികെ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. നാലിന് വിശാഖപട്ടണത്ത് ഉടമയ്‌ക്ക് നെയ്‌പ്പാത്രം ലഭിച്ചു.
സജിമോന്റെ പരാതിയെത്തുടര്‍ന്ന് പിറവം പോലീസ് കൊറിയര്‍ സ്‌ഥാപനത്തില്‍ പരിശോധന നടത്തി. സ്‌ഥാപനത്തിലെ നിരീക്ഷണ ക്യാമറ പരിശോധിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സജിമോന്‍ പിറവം ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെയും സമീപിച്ചിരുന്നു. തുടര്‍ന്ന് നിരീക്ഷണ ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ലോട്ടറി വകുപ്പുമായി ബന്ധപ്പെട്ട് ടിക്കറ്റ് പരിശോധിക്കാനും തട്ടിപ്പ് കണ്ടെത്താനും നടപടി ആവശ്യപ്പെട്ട് സജിമോന്‍ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. അതേസമയം ബമ്പര്‍ സമ്മാനമടിച്ചയാള്‍ ടിക്കറ്റ് തിരുവനന്തപുരത്ത് ലോട്ടറി കാര്യാലയത്തില്‍ ഹാജരാക്കിയതായാണ് സൂചന.