Friday, March 13, 2026 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 04.46 PM

' കേരളം നമ്മുടെ ജീവന്റെ ഭാഗം, വെറുപ്പിന്റെ ശക്തികള്‍ക്ക് സൂചികുത്താനുളള ഇടം നമ്മള്‍ കൊടുക്കില്ല' ; രമേശ് ചെന്നിത്തല

post

വിവാദ ചിത്രമായ ' ദി കേരള സ്റ്റോറി' യുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നത്. പിന്നാലെ സിനിമയ്‌ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇപ്പോള്‍ കേരള സ്റ്റോറി 2 വിനെതിരെ സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

രമേശ് ചെന്നിത്തലയുടെ കുറിപ്പ്:

കേരളത്തിന്റെ മഹത്തായ മതനിരപേക്ഷ പാരമ്പര്യത്തെ തച്ചുടക്കാനും, അമൂല്യമായി നമ്മള്‍ എക്കാലവും കരുതുന്ന മതാതീതമായ നമ്മുടെ ഹൃദയബന്ധങ്ങളെ നശിപ്പിക്കാനുമുദ്ദേശിച്ച് നിര്‍മ്മിച്ച ' ദി കേരളാ സ്‌റ്റോറി' എന്ന സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നവെന്ന വാര്‍ത്തകള്‍ വ്യാകുലപ്പെടുത്തുന്നതാണ്. ഈ സിനിമയുടെ ഒന്നാം ഭാഗം കേരളത്തെ അപഹസിക്കാനും അപമാനിക്കാനും നമ്മുടെ നാടിന്റെ അനുപമമായ സാഹോദര്യത്തെ ഇകഴ്ത്തിക്കാട്ടാനുമായാണ് നിര്‍മ്മിച്ചത്. ഇപ്പോഴിതാ ഒന്നാം ഭാഗത്തെ വെല്ലുന്ന വിധത്തില്‍ വെറുപ്പും, ശത്രുതയും, മതവര്‍ഗീയതയും കുത്തിനിറച്ച് രണ്ടാം ഭാഗമിറങ്ങുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്.

കേരളം സംഘപരിവാറിനും, അവരുടെ വിധ്വംസക ശക്തികള്‍ക്കും ഇപ്പോഴും ഒരു ബാലികേറാമലയാണ്. അതുകൊണ്ട് തന്നെ ലോകത്തിന് തന്നെ മാതൃകയായ നമ്മുടെ സംസ്‌കാരത്തെ എത്ര കണ്ട് വികൃതമാക്കാന്‍ കഴിയുന്നോ അത്ര കണ്ടവര്‍ വികൃതമാക്കും. നമ്മുടെ മതേതര ബോധത്തെയും, മാനവികതയിലധിഷ്ഠിതമായ കൂട്ടായ്മകളെയും എത്ര കണ്ട് അവഹേളിക്കാമോ അത്ര കണ്ട് അവര്‍ അവഹേളിക്കും. എന്നാല്‍ അവര്‍ പരാജയപ്പെടും. ഈ വികൃതസൃഷ്ടികളൊന്നും മലയാളിയുടെ സാമൂഹ്യ- സാംസ്‌കാരിക ബോധത്തെ ഒന്ന് സ്പര്‍ശിക്കുക പോലും ചെയ്യില്ലന്ന് നമുക്കുറപ്പിച്ച് പറയാന്‍ കഴിയും. നൂറ്റാണ്ടുകളിലൂടെ രൂപം കൊണ്ടതാണ് കേരളത്തിന്റെ, മലയാളിയുടെ സംസ്‌കാരം. രണ്ടു മനുഷ്യര്‍ സ്‌നേഹത്താല്‍ പരസ്പരം ഒന്നുചേരുമ്പോള്‍ അതിന് മതത്തിന്റെയും വര്‍ഗീയതയുടെയും മുഖവും നിറവും നല്‍കി, അവയെ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന വ്യാജ ആരോപണങ്ങളില്‍ കുടുക്കിയിടാനും അതുവഴി മനുഷ്യ മനസുകളെ വിഭജിച്ച് വെറുപ്പുല്‍പ്പാദിപ്പിക്കാനും ഫാസിസ്റ്റു ശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ കേരളം തള്ളിക്കളയും.

നുണകള്‍ക്കും വ്യാജപ്രചാരണങ്ങള്‍ക്കും കീഴടക്കാന്‍ കഴിയുന്നതല്ല മലയാളിയുടെ ഹൃദയം. ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്ക് അത് മനസിലാകും, അല്ലങ്കില്‍ കേരളം ഒറ്റെക്കെട്ടായി നിന്ന് അവരെ അത് പഠിപ്പിക്കും. കേരളം നമ്മുടെ ജീവന്റെ ഭാഗമാണ്. വെറുപ്പിന്റെ ശക്തികള്‍ക്ക് സൂചികുത്താനുള്ള ഇടം നമ്മള്‍ കൊടുക്കില്ല. ഒരുമ നമ്മളെ നയിക്കട്ടെ, സത്യം നമ്മള്‍ക്ക് വഴികാട്ടിയാകട്ടെ...

Ads by Google
Ads by Google
LATEST NEWS
TRENDING NOW