-->
വിവാദമായ കേരള സ്റ്റോറി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ടി.സിദ്ദിഖ് എംഎല്‍എ. ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ മലയാളികള്‍ കാണിച്ച സ്‌നേഹവും ഐക്യവും ചൂണ്ടിക്കാട്ടിയാണ് ടി. സിദ്ദിഖ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ദുരന്തഭൂമിയില്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്നും അതാണ് കേരളത്തിന്റെ യഥാര്‍ത്ഥ മുഖമെന്നും അദ്ദേഹം പറയുന്നു. ഏതെങ്കിലുമൊരു സിനിമയ്‌ക്കോ കഥയ്‌ക്കോ ഇവിടുത്തെ യാഥാര്‍ത്ഥ്യത്തെ മായ്ച്ചുകളയാനാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി. സിദ്ദിഖിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
കേരളത്തിന്റെ മനസ്സാക്ഷിയെ തിരുത്തിയെഴുതാനാകില്ല. എന്റെ മണ്ഡലമായ കല്പറ്റയിലെ ദുരന്തം നമ്മുടെ നാടിനെ മാത്രമല്ല, നമ്മുടെ മനുഷ്യത്വത്തെ കൂടിയാണ് പരീക്ഷിച്ചത്. ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടിയപ്പോൾ വീടുകളും ജീവനുകളും നഷ്ടപ്പെട്ടു; കുടുംബങ്ങൾ ഒന്നാകെ ഇല്ലാതായി. എന്നാൽ ആ വലിയ സങ്കടങ്ങൾക്കിടയിലും, ജാതിക്കും മതത്തിനും അതീതമായ വലിയൊരു സ്നേഹവും ഐക്യവും അവിടെ നാം കണ്ടു.
അവിടെ രക്ഷാപ്രവർത്തനം നടത്തിയത് ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ പേരിലല്ല, പകരം മനുഷ്യസ്നേഹം കൊണ്ടാണ്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചു. മണ്ണിൽ പുതഞ്ഞവരെ ഒരുമിച്ച് പുറത്തെടുത്തു. മരിച്ചവരെ ഒരുമിച്ച് അടക്കം ചെയ്തു, അവർക്കായി ഒരുമിച്ച് പ്രാർത്ഥിച്ചു. എല്ലാവരെയും ഒന്നായി കാണുന്ന മതേതരത്വമാണ് കേരളത്തിന്റെ യഥാർത്ഥ മുഖമെന്ന് ആ നിമിഷങ്ങൾ ലോകത്തിന് നമ്മൾ കാണിച്ച് കൊടുത്തു.
ഈ യാഥാർത്ഥ്യത്തിന് മുന്നിലാണ് കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള ചില ശ്രമങ്ങളെ നാം കാണേണ്ടത്. 'ദി കേരള സ്റ്റോറി 2' പോലെയുള്ള സിനിമകൾ ജനങ്ങൾക്കിടയിൽ അകൽച്ചയുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. സിനിമകൾക്കും കലകൾക്കും സ്വാതന്ത്ര്യം അത്യാവശ്യമാണ്. എന്നാൽ ആ സ്വാതന്ത്ര്യത്തിന് ഒരു ഉത്തരവാദിത്തവുമുണ്ട്. ഒരു സമൂഹത്തെ ബോധപൂർവ്വം മോശമായി ചിത്രീകരിക്കുമ്പോൾ, അത് നമ്മുടെ നാടിന്റെ സമാധാനത്തെയാണ് ഇല്ലാതാക്കുന്നത്. അത് ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല. സിനിമ ജനങ്ങളെ സ്വാധീനിക്കുന്ന വലിയൊരു മാധ്യമമാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ കേരളത്തെ കുറിച്ചുള്ള നല്ല ധാരണ മാറ്റിയെഴുതാൻ ഇത്തരം പ്രോപഗണ്ടകൾക്ക് കഴിയും.
കേരളത്തിൽ അഭിപ്രായ വ്യത്യാസങ്ങളില്ല എന്നല്ല; അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കെ തന്നെ നമ്മൾ എപ്പോഴും പരസ്പരം സഹകരിച്ചാണ് ജീവിക്കുന്നത്. നമ്മുടെ ആഘോഷങ്ങളും നാടും എല്ലാവർക്കും അവകാശപ്പെട്ടതാണ്. ഇത്രയും നല്ലൊരു സമൂഹത്തെ മുസ്ലീം സ്ത്രീകൾ ചേർന്ന് ഹിന്ദു യുവതിയെ ബലാൽക്കാരമായി ബീഫ് തീറ്റിക്കുന്നതൊക്കെയായി ചിത്രീകരിക്കുന്നത് കേരളത്തോട് മാത്രമല്ല, ഇന്ത്യയോട് തന്നെ ചെയ്യുന്ന തെറ്റാണ്. ഒരു ജനതയോട് രാഷ്ട്രീയ അധികാരമുപയോഗിച്ച് നടത്തുന്ന ആസൂത്രിത ആക്രമണമാണ്. കേരളത്തിന്റെ സോഷ്യൽഫാബ്രിക് തകർത്ത് രാഷ്ട്രീയ നേട്ടം കൊതിക്കുന്നവർ വരാൻ പോകുന്ന തലമുറയോട് തന്നെ ചെയ്യുന്ന കൊടുംക്രൂരതയാണ്.
വയനാട്ടിൽ നാം കണ്ട ആ വലിയ ഐക്യത്തെ കണ്ടില്ലെന്ന് നടിക്കുകയും, കേന്ദ്ര അധികാരത്തിന്റെ തണലിൽ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ആളുകൾക്കിടയിൽ അനാവശ്യമായ സംശയങ്ങളും ഭീതിയും ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ. ഒന്നിച്ച് നിൽക്കേണ്ടവരെ വിഭജിച്ച് തമ്മിലടിപ്പിച്ച് ഇല്ലാതാക്കാം എന്ന ബ്രിട്ടീഷ് തന്ത്രമാണ് സംഘ്പരിവാർ പുതിയ കുപ്പിയിൽ ഇറക്കിയിരിക്കുന്നത്. വിമർശനങ്ങളെയും ചർച്ചകളെയും കേരളം എപ്പോഴും സ്വാഗതം ചെയ്യാറുണ്ട്. എന്നാൽ ഞങ്ങളുടെ സംസ്കാരത്തെയും ഭക്ഷണരീതികളെയും വിശ്വാസങ്ങളെയും ആയുധമാക്കി ഈ നാടിനെ ഒന്നാകെ അപമാനിക്കുന്നതിനെ ശക്തമായി എതിർക്കണം. ഇത് രാജ്യത്തിന്റെ ഒത്തൊരുമയെ തകർക്കാനേ ഉപകരിക്കൂ.
രാഷ്ട്രീയത്തിനും ജാതിമതങ്ങൾക്കും അപ്പുറം നമ്മളൊക്കെ മനുഷ്യരാണെന്ന് വയനാട് ദുരന്തം നമ്മെ ഓർമ്മിപ്പിച്ചു. അതാണ് നമ്മളറിയുന്ന യഥാർത്ഥ 'കേരള സ്റ്റോറി'. അത് സിനിമയുടെ തിരക്കഥയല്ല, കാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും നേർക്കാഴ്ചയാണ്. കേരളത്തിന്റെ ഈ ഒത്തൊരുമയെ കാത്തുസൂക്ഷിക്കുക എന്നത്, ഭരണഘടന പറയുന്ന സമത്വവും സാഹോദര്യവും മതേതരത്വവും കാത്തുസൂക്ഷിക്കുക എന്നത് കൂടിയാണ്. ഏതെങ്കിലുമൊരു സിനിമയ്‌ക്കോ കഥയ്‌ക്കോ ഇവിടുത്തെ യാഥാർത്ഥ്യത്തെ മായ്ച്ചുകളയാനാകില്ല. കേരളത്തിന്റെ മനസ്സാക്ഷിയെ തിരുത്തിയെഴുതാനാകില്ല എന്ന് സംഘ്പരിവാറിനെ ഓർമിപ്പിക്കുന്നു.