-->
ജീവിതത്തില്‍ നമ്മെ തോല്‍പ്പിക്കാനും ദ്രോഹിക്കാനും ശ്രമിക്കുന്ന നിരവധിപേരുണ്ട്. ഇവരെയെല്ലാം ഒന്ന് ശിക്ഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് നാം ചിന്തിച്ചിട്ടുണ്ട്. എന്നാല്‍ ഹോങ്കോങ്ങുകാർക്ക് അതിനൊരു വഴിയുണ്ട്. 'ദാ സിയു യാൻ' അഥവാ 'വില്ലൻ ഹിറ്റിംഗ്' എന്ന വിചിത്രമായ ആചാരത്തിലൂടെയാണ് അവർ ശത്രുക്കളെ പ്രതീകാത്മകമായി ശിക്ഷിക്കുന്നത്. നമ്മെ വിഷമിപ്പിക്കുന്ന സഹപ്രവർത്തകർ, മുൻ പങ്കാളികൾ അല്ലെങ്കിൽ ദുർശക്തികൾ എന്നിവരെ 'വില്ലനായി' സങ്കൽപ്പിച്ച് പേപ്പറിൽ വരച്ചെടുക്കുന്നതാണ് ഈ രീതിയുടെ ആദ്യ ഘട്ടം.
തുടർന്ന്, പ്രായമായ സ്ത്രീകൾ ഒരു പഴയ ചെരുപ്പുകൊണ്ട് ഈ പേപ്പർ രൂപത്തെ ശക്തിയായി അടിക്കുന്നു. അടിക്കുന്നതിനോടൊപ്പം ശത്രുദോഷം മാറാനുള്ള മന്ത്രങ്ങളും ഇവർ ഉരുവിടും. ഒടുവിൽ ഈ പേപ്പർ തീയിലിട്ട് കരിച്ചുകളയുന്നതോടെ എല്ലാ കഷ്ടപ്പാടുകളും അവസാനിക്കുമെന്നാണ് ഇവരുടെ വിശ്വാസം. പരമ്പരാഗത ചൈനീസ് കലണ്ടർ പ്രകാരം മാർച്ചിലെ ആദ്യ വാരത്തിലാണ് ഈ ചടങ്ങ് പ്രധാനമായും നടക്കുന്നത്. ദോഷഫലങ്ങൾ അകറ്റാൻ ഏറ്റവും നല്ല സമയം ഇതാണെന്ന് ഇവർ കരുതുന്നു.
ഹോങ്കോങ്ങിലെ കോസ്‌വേ ബേയിലുള്ള ഫ്ലൈഓവറുകൾക്ക് താഴെയാണ് സാധാരണയായി ഈ 'വില്ലൻ ഹിറ്റർമാരെ' കാണാറുള്ളത്. ഇന്ന് ഇതൊരു ആത്മീയ ചടങ്ങെന്നതിലുപരി വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രധാന കാഴ്ച കൂടിയാണ്. ദൗർഭാഗ്യങ്ങൾ തടയാൻ 'വൈറ്റ് ടൈഗർ' രൂപത്തിന് വഴിപാടുകൾ നൽകുന്ന പതിവും ഇതിന്റെ ഭാഗമായുണ്ട്. ഉള്ളിലെ ദേഷ്യവും വിഷമവും പുറത്തുതീർക്കാൻ ആളുകളെ സഹായിക്കുന്ന ഒരു മനഃശാസ്ത്രപരമായ വശം കൂടി ഈ ആചാരത്തിനുണ്ട്.
"Villain hitting" ritual in Hong Kong and Guangdong province pic.twitter.com/udwyO3fBwl— @ (@anthraxxxx) November 12, 2024