-->
പാലക്കാട്: കെ.ടി.ഡി.സി ചെയര്‍മാന്‍ സ്‌ഥാനം രാജിവച്ചതോടെ ജില്ലയിലെ സി.പി.എമ്മിന്റെ പ്രമുഖ നേതാവായ പി.കെ. ശശിയുടെ തുടര്‍നീക്കത്തില്‍ സസ്‌പെന്‍സ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടിയിലെ പ്രശ്‌നത്തിന് പരിഹാരം കാണാനാവുമെന്ന പ്രതീക്ഷ കൈവിട്ടതാണ് പി.കെ. ശശിയെ രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. വ്യക്‌തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് പി.കെ. ശശി പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ഈ നീക്കം സമ്മര്‍ദ്ദതന്ത്രമായും വിലയിരുത്തപ്പെടുന്നുണ്ട്.
ഒരുകാലത്ത് ജില്ലയിലെ പാര്‍ട്ടിയുടെ മുഖമായിരുന്നു പി.കെ. ശശി. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും ഷൊര്‍ണൂര്‍ എം.എല്‍.എയായും വിലസിയ ശശി വൈകാതെ തുടര്‍ച്ചയായി ആരോപണങ്ങളെയും പാര്‍ട്ടി നടപടികളെയും നേരിടുന്ന കാഴ്‌ചയാണ് കണ്ടത്. ലൈംഗികാരോപണ പരാതിയില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. പിന്നീട് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയെങ്കിലും പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളജുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി ആരോപണം നേരിട്ടു.
പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി ശശിക്കെതിരേ നടപടിക്ക് ജില്ലാ കമ്മിറ്റി നല്‍കിയ ശിപാര്‍ശ സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചതോടെ ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തി. തെരഞ്ഞെടുക്കപ്പെട്ട പദവികളില്‍നിന്ന് ഒഴിവാക്കിയെങ്കിലും കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്‌ഥാനം ശശി രാജിവച്ചില്ല. ഇതും ഒഴിവാക്കണമെന്ന് ജില്ലാ കമ്മിറ്റിയില്‍ ഒരു വിഭാഗം ദീര്‍ഘകാലമായി ആവശ്യപ്പെട്ടിരുന്നെങ്കിലും ശശി അത് മുഖവിലയ്‌ക്കെടുത്തില്ല.
ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെത്താനാവുമെന്നായിരുന്നു ശശിയുടെ പ്രതീക്ഷ. ഇക്കാര്യത്തില്‍ മുമ്പ് നടന്ന ചര്‍ച്ചകളില്‍ തനിക്കൊപ്പം സ്‌ഥാനം നഷ്‌ടപ്പെട്ടവര്‍ക്കും അതാത് സ്‌ഥാനങ്ങള്‍ തിരിച്ചുകൊടുക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു. പക്ഷേ, അത് അംഗീകരിക്കപ്പെട്ടില്ല. ഇതേത്തുടര്‍ന്ന് ശശി പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. അവസാന പരീക്ഷണമെന്ന നിലയില്‍ നടത്തിയ നീക്കവും പാളി. ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞ് സംസാരിക്കാം എന്ന നിലപാട് വ്യക്‌തമായതോടെ ശശി രാജി നല്‍കുകയായിരുന്നു.
യു.ഡി.എഫിലേക്ക് പോകുന്നതിന്റെ ഭാഗമായല്ല കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്‌ഥാനം രാജിവച്ചതെന്ന് പി.കെ. ശശി വ്യക്‌തമാക്കി. ഇപ്പോഴും സി.പി.എം. അംഗമാണ്. ട്രേഡ് യൂണിയന്‍ ഭാരവാഹിയാണ്. മറിച്ച് ഒരു തീരുമാനം എടുത്തിട്ടില്ല. ഒരു മാറ്റത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. ഇടതുപക്ഷ രാഷ്‌ട്രീയം മുറുകെ പിടിക്കുന്ന ആളാണെന്നും ശശി പറയുന്നു.
കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്‌ഥാനം പി.കെ. ശശി രാജിവച്ചത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന്‌് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു പ്രതികരിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രാജിക്കാര്യം അറിഞ്ഞത്. ശശി പാര്‍ട്ടി വിടില്ലെന്നാണ് പ്രതീക്ഷ. ഇപ്പോഴും പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ളയാളാണ് ശശിയെന്നും സുരേഷ്‌ബാബു പറഞ്ഞു.
എന്നാല്‍ സി.പി.എമ്മിലെ അസംതൃപ്‌തരും വിമതരും ശശിയുടെ വരവ് പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ചും കൊഴിഞ്ഞാമ്പാറ മേഖല കേന്ദ്രീകരിച്ചുള്ളവര്‍. ശശിയെ മുന്‍നിര്‍ത്തി സ്വതന്ത്ര സ്വഭാവമുള്ള പാര്‍ട്ടിയായി മാറാനോ ഒറ്റപ്പാലത്തോ ഷൊര്‍ണൂരിലോ ശശിയെ സ്വതന്ത്രനായി മത്സരിപ്പിക്കാനോ ഉള്ള സാധ്യതയാണ് അവര്‍ നോക്കുന്നത്.
എന്‍. രമേഷ്