Saturday, March 14, 2026 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
ബൈജു ഭാസി
Thursday 19 Feb 2026 11.35 PM

കെ.ബാബുവിന്‌ പകരം തൃപ്പൂണിത്തുറയിലാര്‌ ? കൊട്ടാരനഗരി ഭരിക്കുന്നത്‌ ബി.ജെ.പി, മികച്ച സ്‌ഥാനാര്‍ഥിയെ ഇറക്കി ത്രികോണ മത്സരം സൃഷ്‌ടിക്കാന്‍ പാര്‍ട്ടി

ഇടതുപക്ഷത്തു നിന്ന്‌ മുന്‍ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാറിന്റെ പേരാണ്‌ ഉയരുന്നത്‌. മുന്‍ എം.എല്‍.എ. കൂടിയായ എം.സ്വരാജിനും സാധ്യത കല്‍പ്പിക്കുന്നവരുണ്ട്‌. വിജയ പ്രതീക്ഷ പുലര്‍ത്തുന്ന സീറ്റിലേക്ക്‌ മത്സരം കടുപ്പിക്കാന്‍ ഉറച്ചാണ്‌ ബി.ജെ.പിയും നീങ്ങുന്നത്‌.
Kerala

കൊച്ചി: സിറ്റിങ്‌ എം.എല്‍.എ കെ.ബാബു ഇനി മത്സരിക്കാനില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചതോടെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി ആരാകുമെന്നതില്‍ ആകാംക്ഷ വര്‍ധിച്ചു.
എറണാകുളം ജില്ലയില്‍ മറ്റെല്ലാ സിറ്റിങ്‌ കോണ്‍ഗ്രസ്‌ എം.എല്‍.എമാരും സ്‌ഥാനാര്‍ഥിയാകുമെന്നാണ്‌ ഇപ്പോഴുള്ള സൂചന. ആരോഗ്യകാരണങ്ങളാലാണ്‌ ബാബു കളമൊഴിയുന്നത്‌. ഇനി മത്സര രംഗത്തേക്ക്‌ ഇല്ലെന്ന്‌ ഇന്നലെ പത്രസമ്മേളനം വിളിച്ചാണ്‌ കെ.ബാബു പറഞ്ഞത്‌. തൃപ്പൂണിത്തുറ മണ്ഡലത്തെ 30 വര്‍ഷമാണ്‌ ബാബു പ്രതിനിധീകരിച്ചത്‌. ഒരു തവണ 2016 ല്‍ മാത്രമാണ്‌ തോല്‍വി പിണഞ്ഞത്‌. ഇടതുമുന്നണിയാകട്ടെ 2016ല്‍ എം. സ്വരാജിലൂടെ തൃപ്പൂണിത്തുറ തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍, 2021 ല്‍ കെ.ബാബു, സ്വരാജിനെ തോല്‍പ്പിച്ച്‌ മധുരമായി പകരം വീട്ടുകയും ചെയ്‌തു.
നിരവധി പേരുകള്‍ തൃപ്പൂണിത്തുറയിലേക്കു കോണ്‍ഗ്രസില്‍ നിന്ന്‌ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്‌. ചലച്ചിത്ര നടന്‍ മുതല്‍ സാമുദായിക സാംസ്‌കാരിക പ്രവര്‍ത്തകരുടെ പേരും പട്ടികയില്‍ പെടുന്നു. കളമൊഴിയുന്ന കെ. ബാബു തന്നെ തന്റെ പകരക്കാരനെ നിശ്‌ചയിച്ച്‌ പാര്‍ട്ടിക്കു നല്‍കിയിട്ടുണ്ടെന്നും സൂചനയുണ്ട്‌. കോണ്‍ഗ്രസുകാരനും നടനും അവതാരകനുമായ രമേഷ്‌ പിഷാരടിയുടെ പേര്‌ ആദ്യമേ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ്‌ നേതാക്കളുമായുള്ള അടുത്ത ബന്ധവും താരപരിവേഷവുമാണ്‌ പിഷാരടിക്കു കൂട്ടിനുള്ളത്‌.
എന്നാല്‍, മണ്ഡലത്തിനു പുറത്തുനിന്നുള്ളയാളെ എത്രകണ്ട്‌ വോട്ടര്‍മാര്‍ സ്വീകരിക്കുമെന്ന ആശങ്കയുമുണ്ട്‌. കോണ്‍ഗ്രസ്‌ ഉന്നതാധികാര സമിതി അംഗം അജയ്‌ തറയില്‍, പ്രാദേശിക നേതാക്കളായ രാജു പി. നായര്‍, മരട്‌ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റണി ആശാന്‍ പറമ്പില്‍, പ്രാദേശിക കോണ്‍ഗ്രസ്‌ നേതാവ്‌ പി.എസ്‌.ബാബുറാം, മുന്‍ കൊച്ചി മേയര്‍ സൗമിനി ജയിന്‍ എന്നിങ്ങനെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്‌.
ഇടതുപക്ഷത്തു നിന്ന്‌ സി.പി.എമ്മിനാണ്‌ സീറ്റ്‌. മുന്‍ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാറിന്റെ പേരാണ്‌ ഉയരുന്നത്‌. മുന്‍ സ്‌ഥലം എം.എല്‍.എ. കൂടിയായ എം.സ്വരാജിനും സാധ്യത കല്‍പ്പിക്കുന്നവരുണ്ട്‌. വിജയ പ്രതീക്ഷ പുലര്‍ത്തുന്ന സീറ്റിലേക്ക്‌ മത്സരം കടുപ്പിക്കാന്‍ ഉറച്ചാണ്‌ ബി.ജെ.പിയും നീങ്ങുന്നത്‌. മികച്ച സ്‌ഥാനാര്‍ഥിയെ ഇറക്കി ത്രികോണ മത്സരം സൃഷ്‌ടിക്കാന്‍ ബി.ജെ.പിയും ശ്രമം നടത്തും. കൊട്ടാരനഗരി നിലവില്‍ ഭരിക്കുന്നത്‌ ബി.ജെ.പിയാണ്‌. 21 സീറ്റുകളാണ്‌ ബി.ജെ.പിക്ക്‌ തൃപ്പൂണിത്തുറയില്‍ ഉള്ളത്‌. ഇത്‌ അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്‌.
ഹിന്ദു ഭൂരിപക്ഷ മേഖലയാണ്‌ തൃപ്പൂണിത്തുറ മണ്ഡലം. അതില്‍ത്തന്നെ ഈഴവ വിഭാഗത്തിനാണ്‌ മേല്‍ക്കെ. ജാതി സമവാക്യങ്ങളോട്‌ ഇണങ്ങുന്ന സ്‌ഥാനാര്‍ഥിയുണ്ടെങ്കില്‍ വിജയപ്രതീക്ഷ കൂടുതലാണെന്ന്‌ പൊതുവേ മുന്നണികളില്‍ വിലയിരുത്തലുണ്ട്‌.

ബൈജു ഭാസി

Ads by Google
Ads by Google
LATEST NEWS
TRENDING NOW