-->
തിരുവനന്തപുരം: സര്‍ക്കാര്‍ ചെലവില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ടുള്ള നവകേരള സര്‍വേ ഹൈക്കോടതി തടഞ്ഞതോടെ, 12 കോടിയിലേറെ രൂപ ധൂര്‍ത്തടിച്ച് തയാറാക്കിയ പ്രചാരണസാമഗ്രികള്‍ നോക്കുകുത്തിയായി. ആഗോള അയ്യപ്പസംഗമത്തിനു മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം സഹിതമുള്ള പ്രചാരണച്ചെലവ് മൂന്നുകോടി രൂപയാണെന്ന കണക്കും പുറത്തുവന്നു.
നവകേരള സര്‍വേയ്‌ക്കു വേണ്ടി തയാറാക്കിയ പോസ്‌റ്ററുകള്‍, ഹോര്‍ഡിങ്ങുകള്‍, ബ്രോഷറുകള്‍, മുഖ്യമന്ത്രിയുടെ ക്ഷണക്കത്തുകള്‍ തുടങ്ങിയവ ഉപയോഗിക്കാനാകാതെ തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്നു. ചിലതൊക്കെ സര്‍വേയ്‌ക്കായി നിയോഗിക്കപ്പെട്ട സി.പി.എം. പ്രവര്‍ത്തകരുടെ വീടുകളിലും സൂക്ഷിച്ചിരിക്കുന്നതായി സൂചന.
കേരള സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ് (സി-ആപ്‌റ്റ്) മുഖേനയാണ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രചാരണസാമഗ്രികള്‍ അച്ചടിച്ചത്. 96.35 ലക്ഷം ബ്രോഷറുകളും ഒരുകോടിയോളം ക്ഷണക്കത്തുകളും അച്ചടിക്കാന്‍ മാത്രം 7.47 കോടി രൂപ ചെലവായി. കാല്‍ലക്ഷത്തിലേറെ പോസ്‌റ്ററുകളും അച്ചടിച്ചു. ഇവയ്‌ക്കെല്ലാം കൂടി ആകെ 9.16 കോടി രൂപ സി-ആപ്‌റ്റിന് കൈമാറി. പാതയോരങ്ങളില്‍ ഹോര്‍ഡിങ്ങുകളും പരസ്യപ്പലകകളും സ്‌ഥാപിക്കാന്‍ 2.86 കോടി രൂപയും ചെലവായി.
പമ്പയില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തിന്റെ പ്രചാരണത്തില്‍ ഭഗവാന്‍ അയ്യപ്പന്റെ ചിത്രത്തേക്കാള്‍ പ്രാധാന്യത്തോടെ നല്‍കിയതു മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തിനാണെന്നു വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു. അയ്യപ്പസംഗമത്തിന്റെ ആകെ പ്രചാരണച്ചെലവ് മൂന്നുകോടി രൂപയാണെന്ന് കരാര്‍ കമ്പനിയായ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്‍ഡ് കണ്‍സ്‌ട്രക്‌ഷന്‍ സമര്‍പ്പിച്ച കണക്കില്‍ വ്യക്‌തമായി.
നികുതി ബില്‍ പ്രകാരം അയ്യപ്പസംഗമത്തിന്റെ ആകെ ചെലവ് 7.11 കോടി രൂപയാണെന്നും അതില്‍ പ്രചാരണത്തിനായി മാത്രം മൂന്നുകോടി ചെലവഴിച്ചെന്നുമാണ് കണക്ക്. അതായത്, പരിപാടിക്കു ചെലവായ ആകെത്തുകയുടെ 40 ശതമാനത്തിലേറെ പ്രചാരണത്തിനായി മാറ്റിവച്ചു. ഓഡിറ്റ് റിപ്പോര്‍ട്ടിലും ദേവസ്വം കമ്മിഷണറുടെ കണക്കിലും കോടികളുടെ വ്യത്യാസം കണ്ടെത്തിയതോടെ, അയ്യപ്പസംഗമത്തിന്റെ കരാര്‍ വ്യവസ്‌ഥകളും നടത്തിപ്പും കൂടുതല്‍ ചോദ്യങ്ങളുയര്‍ത്തുന്നു.