-->
തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ എണ്‍പതുകളില്‍ പുറത്തിറങ്ങിയ ഭൂമിയിലെ രാജാക്കന്‍മാര്‍ എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മഹേന്ദ്ര വര്‍മ എന്ന കഥാപാത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ക്ക് അക്കാലത്ത് ലഭിച്ചത് വന്‍ കൈയടി. എന്നാല്‍, പതിറ്റാണ്ടുകള്‍ പിന്നിട്ട് പുതുകാല എ.ഐ, ജെന്‍സി യുഗത്തിലും ഇതേ മാതൃക അനുകരിച്ച് നേതാക്കള്‍ രംഗത്ത് വരവേ മൂക്കില്‍ വിരല്‍ വെച്ച് മലയാളി. പണം വാങ്ങി വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്ന പി.ആര്‍. ഏജന്‍സികളുടെ കൈയിലെ കളിപ്പാവയായി മാറി മുതിര്‍ന്ന നേതാക്കള്‍ പോലും പരിഹാസ്യരാകുന്നു.
സിനിമയില്‍ ലാലിന്റെ തമ്പുരാന്‍ കഥാപാത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുടിയേറ്റ കര്‍ഷക കുടുംബത്തിന്റെ അടുക്കളയില്‍ കയറി കപ്പ ചോദിച്ചു വാങ്ങി കഴിക്കുന്ന സീനിന്റെ തനിയാവര്‍ത്തനമായി, കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടല്‍. ഈ സിനിമാ രംഗത്തിന്റെ സ്വാധീനത്താലാണോയെന്നറിയില്ല, കെ.സിയും അടുക്കളയില്‍ കയറി പാത്രം തുറന്ന് കഴിക്കാനെടുത്തത് കപ്പ തന്നെ..!
അലക്കിതേച്ച വടിവൊത്ത ഖദറില്‍ പി.ആര്‍. ഏജന്‍സിക്കാരുടെ മൈക്ക് ഘടിപ്പിച്ച് തൊഴിലുറപ്പ് വനിതാ തൊഴിലാളികള്‍ക്കൊപ്പമിരുന്ന് കെ.സി. വേണുഗോപാല്‍ ഭക്ഷണം പങ്കിട്ട് കഴിക്കുന്ന ദൃശ്യങ്ങള്‍ നാടാകെ പ്രചരിപ്പിച്ചുള്ള 'വെളുപ്പിക്കല്‍ ' നടന്നതും ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇന്നലെ ഭക്ഷണ വിതരണക്കാരായ ഗിഗ് തൊഴിലാളിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചായി പി.ആര്‍ വര്‍ക്ക്..! എ.ഐ.സി.സി. സംഘടനാ സെക്രട്ടറിയെന്ന നിലയില്‍ ദേശീയ തലത്തില്‍ ആധിപത്യം ഉറപ്പിച്ച കെ.സി. വേണുഗോപാല്‍ തന്നെയാണ് ഹൈക്കമാന്‍ഡ് എന്നാണ് ഒപ്പമുള്ളവര്‍ വിശേഷിപ്പിക്കാറ്. ഈ ചുമതലയേറ്റെടുത്തതില്‍ പിന്നെ നടന്ന ഒരൊറ്റ വലിയ തെരഞ്ഞെടുപ്പില്‍ പോലും കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് മാത്രമല്ല, സംഘടനാ ശേഷി തീര്‍ത്തും ദുര്‍ബലമായി.
കാലമേറെയായി ചുമതലയില്‍ തുടര്‍ന്നിട്ടും ഹിന്ദി ഹൃദയഭൂമിയില്‍ വേരുപിടിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. അടുത്തെങ്ങും നടക്കുന്ന ലക്ഷണവുമില്ല. നിലവിലെ അസം മുഖ്യമന്ത്രിയായ ഹിമന്ത വിശ്വ ശര്‍മയെ പോലെ കാര്യശേഷിയുള്ള നേതാക്കന്‍മാര്‍ ഒന്നിനുപിറകെ ഒന്നായി രാഹുല്‍ ഗാന്ധിയോടടക്കം ഇടഞ്ഞ് പുറത്ത് പോകുമ്പോഴും ഇടപെടാനാവാത്ത നിസഹായനായ ജനറല്‍ സെക്രട്ടറിയെന്നായി വിശേഷണം. ഇതിന് തൊട്ടു മുമ്പ് സംഘടനാ സെക്രട്ടറിമാരായിരുന്ന അഹമ്മദ് പട്ടേല്‍, അശോക് ഗലോട്ട് അടക്കമുള്ളവരുടെ ഏഴയലത്ത് എത്താനുള്ള യോഗ്യത പോലുമില്ലെന്ന പാര്‍ട്ടിയിലെ മുറുമുറുപ്പ് മറനീക്കി പുറത്ത് വന്നു തുടങ്ങി.
മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍ അടക്കം കഴിഞ്ഞ ദിവസം ഇക്കാര്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്‌തു. ഇതിനിടെ സംസ്‌ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങവേ കളം മാറ്റി ചവിട്ടാനായി കെ.സി.ക്ക് കിട്ടിയ പി.ആര്‍. ഉപദേശം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച മേല്‍കൈയും ശക്‌തമായ ഭരണ വിരുദ്ധ വികാരവും ചേര്‍ത്ത് വച്ചാല്‍ യു.ഡി.എഫ്. അധികാരത്തിലെത്തുമെന്ന പ്രതീതി രൂപപ്പെട്ടു. അതോടെ മുഖ്യമന്ത്രി കസേരയിലായി കെ.സി.യുടെ കണ്ണ്. ഇതേ കസേരയില്‍ കണ്ണുവച്ച് കാലങ്ങളായി സ്വയം പാകപ്പെടുത്തിയെടുത്ത നേതാക്കളെയൊക്കെ ഹൈക്കമാന്‍ഡ് കണ്ണുരുട്ടി സൈഡിലാക്കി. പിന്നാലെ ജനകീയനാകാന്‍ പി.ആര്‍. ഏജന്‍സികളെ കാശു കൊടുത്ത് പാട്ടിലാക്കി എണ്‍പതുകളിലെ സിനിമാ രംഗങ്ങളെ വെല്ലും തിരക്കഥകളുമായി രംഗത്തിറക്കം. 'പാപ്പി അപ്പച്ചാ' എന്ന സിനിമയില്‍ ദിലീപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കോമാളി രംഗങ്ങള്‍ കണ്ടെന്ന പോലെ ആര്‍ത്തുചിരിച്ച് ജനം..!
പാലക്കാട്, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുകളിലെ മിന്നും വിജയത്തിലൂടെ പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മൂന്നാമൂഴത്തിനൊരുങ്ങുന്ന മുഖ്യമന്ത്രിയും തമ്മിലുള്ള നേരിട്ട് ഏറ്റുമുട്ടലാകും നിയമസഭാ തെരഞ്ഞെടുപ്പെന്നായിരുന്നു കരുതിയിരുന്നതെങ്കില്‍ കെ.സി. കച്ചമുറുക്കി സംസ്‌ഥാന രാഷ്‌ട്രീയ ഗോദയില്‍ ഇറങ്ങിയതോടെ കളം മാറി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തെരഞ്ഞെടുപ്പ് സമിതി തലപ്പത്ത് പ്രതിഷ്‌ഠിച്ച് സതീശനെ ഒതുക്കി ഒറ്റയാള്‍ പോരാട്ട ഇമേജ് തകര്‍ത്തു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍, ഹൈക്കമാന്‍ഡ് ഇടപെടലിലൂടെ മുഖ്യമന്ത്രി സ്‌ഥാനം കൈപ്പിടിയിലൊതുക്കുക 'പൂപറിക്കുന്നതു പോലെ' ഈസിയാണെന്ന മട്ടിലുള്ള കെ.സി.യുടെ പി.ആര്‍. ഏജന്‍സി വഴിയുള്ള ഇമേജ് ഡവലപെ്‌മന്റ് പ്രചാരണം എങ്ങിനെ തിരിച്ചടിക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് സംസ്‌ഥാന നേതൃത്വം.
കോണ്‍ഗ്രസ് നേതൃയോഗങ്ങളില്‍ നിര്‍ദേശം നല്‍കിയും പദ്ധതികള്‍ ആവിഷ്‌കരിച്ച് വിശദീകരിച്ചും കടിഞ്ഞാണ്‍ കൈപ്പിടിയിലൊതുക്കിയ സംഘടനാ സെക്രട്ടറി കൂടിയായ കെ.സിയെ തളയ്‌ക്കാന്‍ ഇനി മുട്ടാനൊരു വാതിലുമില്ലെന്ന ഞെട്ടലിലാണ് സഹ നേതൃത്വം. കേരളത്തില്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സര്‍വേ നടത്തി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന കനഗോലുവിന്റെ നിര്‍ദേശത്തിനൊത്താണ് കെ.സിയുടെ പി.ആര്‍. കോമാളിത്തരമെന്നാണ് ഒപ്പമുള്ളവര്‍ നല്‍കുന്ന സൂചന.
മഹാ തെരഞ്ഞെടുപ്പ് തന്ത്രജ്‌ഞനെന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട കനഗോലു ഇത്രേം ചീപ്പായിരുന്നോയെന്നോര്‍ത്ത് മൂക്കില്‍ വിരല്‍ വച്ച് മലയാളിയും. എ.ഐ. കാലത്തെ സാങ്കേതിക വിദ്യയും ജെന്‍സി യുഗത്തിലെ പുതു ട്രെന്‍ഡും ചേര്‍ത്ത് പ്രചാരണത്തിന് അരങ്ങൊരുങ്ങവേയാണല്ലോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടപ്പാക്കി തേഞ്ഞ് തീര്‍ന്ന ക്ലീഷേ ആയുധങ്ങളുമായി കനഗോലു കെ.സിയെ കോമാളിയാക്കുന്നതെന്നതിലാണ് കോണ്‍ഗ്രസുകാരുടെ സങ്കടം. തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിട്ടേയുള്ളൂ. അങ്കം കുറിച്ച് പ്രഖ്യാപനം വരാനും ജനം ബൂത്തിലെത്താനും ഇനിയും ഏറെ ദിവസങ്ങള്‍ ബാക്കി. ഇതിനിടയില്‍ എന്തൊക്കെ കാണേണ്ടിവരുമെന്ന ആശങ്കയിലാണ് ജനം.
'കാവിലമ്മേ; ശക്‌തി തരൂ...' നസീര്‍ ശൈലിയില്‍ കൈകൂപ്പാനായി പാവം ജനങ്ങളുടെ വിധി..!
ജിനേഷ് പൂനത്ത്