-->
ജീവിത സാഹചര്യങ്ങളെ പഴിക്കാതെ ലക്ഷ്യത്തിലേക്ക് ചുവടുവെക്കുന്നവരുടെ കഥകള്‍ നമ്മുക്കെന്നും പ്രചോദനമാണ്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ് ജോലിക്കിടയിലെ ഇടവേളകളില്‍ പഠനത്തിനായി സമയം കണ്ടെത്തുന്ന ഒരു വനിതാ ബസ് കണ്ടക്ടര്‍. യൂണിഫോം ധരിച്ച്, ബസിലെ ബഹളങ്ങള്‍ക്കിടയിലും യാതൊരു ശ്രദ്ധക്കുറവുമില്ലാതെ പുസ്തകത്തില്‍ മുഴുകിയിരിക്കുന്ന ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് വര്‍ഷിണി എന്ന യാത്രക്കാരിയാണ്. ജോലി കഴിഞ്ഞ് മടുത്തിരുന്ന തനിക്ക് ഈ കാഴ്ച നല്‍കിയ ഊര്‍ജ്ജം വളരെ വലുതാണെന്ന് വര്‍ഷിണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'സ്‌റ്റോപ്പുകള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കും ഇടയില്‍, അവള്‍ തന്റെ സ്വപ്നങ്ങള്‍ തിരഞ്ഞെടുക്കുന്നു' എന്ന മനോഹരമായ ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കണ്ടക്ടറുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് അവരുടെ മുഖം വെളിപ്പെടുത്താതെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. ഓരോ സ്‌റ്റോപ്പിലും യാത്രക്കാരെ കയറ്റുന്നതിനും ടിക്കറ്റ് നല്‍കുന്നതിനും ഇടയില്‍ ലഭിക്കുന്ന നിമിഷങ്ങള്‍ പോലും തന്റെ പഠനത്തിനായി മാറ്റിവെക്കുന്ന ഇവരുടെ നിശ്ചയദാര്‍ഢ്യം ഏതൊരാള്‍ക്കും വലിയൊരു പാഠമാണ്.
വളരെ പെട്ടെന്നാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. 'യഥാര്‍ത്ഥ സമര്‍പ്പണം ഇതാണ്, ഒഴികഴിവുകള്‍ പറയാതെ പരിശ്രമിക്കുന്നവരാണ് വിജയിക്കുന്നത്' എന്നിങ്ങനെ നിരവധി പ്രശംസകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. സാഹചര്യങ്ങള്‍ എന്തുതന്നെയായാലും ലക്ഷ്യബോധമുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയെയും മറികടന്ന് മുന്നേറാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് ഈ വനിതാ കണ്ടക്ടര്‍. സ്വന്തം പഠനം മാറ്റിവെക്കുന്ന ശീലമുള്ളവര്‍ക്ക് ഈ ദൃശ്യങ്ങള്‍ സ്വയം തിരുത്താനുള്ള ഒരു പ്രചോദനം കൂടിയായി മാറി.