-->
ധനുഷും മൃണാള്‍ താക്കൂറും തമ്മിലുളള വിവാഹ വാര്‍ത്തയാണ് കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ ദിനത്തില്‍ ഇവര്‍ വിവാഹിതരാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഒടുവില്‍ ഈ ഗോസിപ്പുകളോട് പ്രതികരിച്ച് മൃണാള്‍ തന്നെ രംഗത്ത് എത്തിയിരുന്നു. ഇത്തരം വാര്‍ത്തകളെ തമാശയോടെയാണ് താന്‍ കണ്ടതെന്ന്, ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മൃണാള്‍ പറയുന്നു. ശരിയായ സമയത്ത് തന്റെ പങ്കാളിയെ കണ്ടെത്തുമെന്നും പത്ത് കോടി ചെലവാക്കിയാലും എനിക്കിത്ര പബ്ലിസിറ്റി കിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഗോസിപ്പുകള്‍ പടച്ചു വിട്ടവര്‍ക്ക് നന്ദിയും നടി പറഞ്ഞു.
' അവരുടെ കണക്കുകൂട്ടലില്‍ എന്റെ കല്യാണം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ശരിയായ സമയത്ത് തന്റെ പങ്കാളിയെ കണ്ടെത്തും. ഇതുവരെ എനിക്ക് ഒരു പിആര്‍ ടീം ഇല്ലായിരുന്നു. എന്റെ മേൽവിലാസം വരെ പ്രചരിച്ചതോടെ കാര്യങ്ങൾ നിയന്ത്രിക്കാൻ എനിക്കൊരു ടീമിനെ നിയമിക്കേണ്ടി വന്നു. എന്നെത്തന്നെ സംരക്ഷിക്കാനാണ് ഞാൻ അത് ചെയ്തത്. ഞാൻ 3 കോടിയോ, 6 കോടിയോ, 10 കോടിയോ ചിലവാക്കിയാൽ പോലും എനിക്ക് ഇത്രയും വലിയ പബ്ലിസിറ്റി ലഭിക്കില്ലെന്ന് ഞാൻ മനസ്സിലാക്കി. അതുകൊണ്ട് ഈ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച എല്ലാവർക്കും വലിയ നന്ദി,' മൃണാൾ പറഞ്ഞു.
മൃണാള്‍ നായികയായ സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പ്രീമിയറില്‍ നിന്നുളെളാരു വീഡിയോയാണ് ഗോസിപ്പുകളുടെ തുടക്കം. എന്നാല്‍ ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകളോട് താരം പ്രതികരിച്ചത്. സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പ്രീമിയറില്‍ ഒന്നിച്ചെത്തിയ താരങ്ങളുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്. മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. പിന്നീട് ധനുഷ് നായകനായ തേരെ ഇഷ്‌ക് മേമിന്റെ സക്‌സസ് പാര്‍ട്ടിയിലും മൃണാള്‍ അതിഥിയായി എത്തിയിരുന്നു.