-->
ബെംഗളൂരു: ഹംപിയിൽ വിദേശവനിതയെയും ഹോം സ്റ്റേ ജീവനക്കാരിയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ മൂന്ന് പ്രതികൾക്കും വധശിക്ഷ. ഗംഗാവതി കോടതിയാണ് ശിക്ഷ വിധിച്ചത്. പെട്രോൾ അടുക്കാൻ 100 രൂപ ചോദിച്ചപ്പോൾ കൊടുക്കാതിരുന്നതാണ് ആക്രമണത്തിന് പിന്നിലെ കാരണം. മല്ലേഷ് എന്ന ഹണ്ടി മല്ല എന്ന മല്ലയ്യ (22), സായ് എന്ന ചൈതന്നയ് സായ് എന്ന സായികുമാർ (21), ശരണപ്പ എന്ന ശരണബസവരാജ് (27) എന്നിവരെയാണ് ശിക്ഷിച്ചത്.
കഴിഞ്ഞ വർഷം മാർച്ച് എട്ടിനായിരുന്നു രാജ്യത്തിന് നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. വനിതകൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് പുരുഷന്മാരെ ആക്രമിച്ച് അവശരാക്കിയ ശേഷം തുംഗഭദ്രയിലെ കനാലിലേക്ക് തള്ളിയിട്ട ശേഷമായിരുന്നു കൂട്ടബലാത്സംഗം.സംഭവം വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും പൈതൃക മേഖലകളിലും പരിസര പ്രദേശങ്ങളിലും വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുകയും ചെയ്തിരുന്നു.
കൊലപാതകം, കൂട്ടബലാത്സംഗം, ബലാത്സംഗം, കൊലപാതകശ്രമം, കവർച്ച എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികൾ ഏർപ്പെട്ടുവെന്ന് ഫെബ്രുവരി ഏഴിന് കോടതി വിധിച്ചിരുന്നു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം, ഒഡീഷയിൽ നിന്നുള്ള വിനോദസഞ്ചാരിയായ ബിഭാസ് കുമാർ നായക്കിന്റെ കൊലപാതകത്തിന് ബിഎൻഎസിന്റെ സെക്ഷൻ 103(1) പ്രകാരം (ഐപിസിയിലെ സെക്ഷൻ 302 പ്രകാരം) പ്രതികൾ കുറ്റക്കാരാണ്.