-->
തിരുവനന്തപുരംആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ടുയര്‍ന്ന സാമ്പത്തികക്രമക്കേട് ആരോപണങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം കൂടുതല്‍ സംശയങ്ങള്‍ക്കിടയാക്കുന്നത്. സര്‍ക്കാരിനെ വെട്ടിലാക്കിയ വിവാദം എങ്ങനെയും അവസാനിപ്പിക്കാനുള്ള തിടുക്കമാണ് ബോര്‍ഡിന്റെ വാര്‍ത്താക്കുറിപ്പില്‍ പ്രകടമാകുന്നത്. അയ്യപ്പസംഗമം സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ ഗുരുതരപിഴവുകള്‍ 'അശ്രദ്ധ'യെന്നു ലഘൂകരിക്കാനാണ് ബോര്‍ഡിന്റെ ശ്രമം. ഭജന അവതരിപ്പിച്ച സംഘത്തിന്റെ പേര് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മാറിപ്പോയെന്ന വിചിത്രവാദവും ഉന്നയിക്കുന്നു.
ഇഷാന്‍ ദേവും സംഘവുമാണ് പരിപാടി അവതരിപ്പിച്ചതെങ്കിലും ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടിലെ അശ്രദ്ധ മൂലം 'നന്ദഗോവിന്ദം ഭജന്‍സ്' എന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയതാണ് തെറ്റിദ്ധാരണയ്‌ക്കിടയാക്കിയതെന്നു ബോര്‍ഡ് വാദിക്കുന്നു. എന്നാല്‍, കോടികള്‍ ചെലവാക്കിയുള്ള പരിപാടിയുടെ ഔദ്യോഗികരേഖകളില്‍ ഇത്തരമൊരു 'അശ്രദ്ധ'യുണ്ടായത് ഭരണസമിതിയുടെ കടുത്തവീഴ്‌ചയാണെന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ പരിശോധനയില്ലാതെയാണ് ഓഡിറ്റര്‍ക്ക് കണക്കുകള്‍ നല്‍കിയതെന്നും അതിന്റെ അടിസ്‌ഥാനത്തിലാണ് ഓഡിറ്റ് റിപ്പോര്‍ട്ടെന്നും ബോര്‍ഡ് സ്‌ഥാപിക്കാന്‍ ശ്രമിക്കുന്നു. അദാനി ഗ്രൂപ്പ് വാഗ്‌ദാനം ചെയ്‌ത ഒരുകോടി രൂപ കിട്ടാനുണ്ടെന്ന വെളിപ്പെടുത്തലും അസ്വാഭാവികം.
കിട്ടാനുള്ളത് കണക്കിലെടുക്കാതെയും, ചെലവഴിച്ച തുകയില്‍ അവ്യക്‌തത നിലനില്‍ക്കെയും സ്‌പോണ്‍സര്‍ഷിപ് തുക ദേവസ്വം പൊതുഫണ്ടിലേക്ക് മാറ്റിയെന്ന വാദത്തിലും പൊരുത്തക്കേടുണ്ട്. കോടതി നിര്‍ദേശപ്രകാരം കുറഞ്ഞസമയത്തിനുള്ളില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിവന്നതിനാലാണ് കണക്കില്‍ പൊരുത്തക്കേടുകളുണ്ടായതെന്ന കുറ്റസമ്മതം പരിപാടിയുടെ നടത്തിപ്പിലെ ഗൗരവമില്ലായ്‌മയാണ് ചൂണ്ടിക്കാട്ടുന്നത്.
മുഖ്യമന്ത്രിക്കായി കട്ടില്‍ വാങ്ങിയെന്ന ആരോപണത്തെ ദേവസ്വം ഗസ്‌റ്റ് ഹൗസ് നവീകരണത്തിന്റെ മറവില്‍ പ്രതിരോധിക്കാനും ശ്രമമുണ്ട്. ഭക്‌തരുടെ പണം വിനിയോഗിക്കുമ്പോള്‍ പാലിക്കേണ്ട സുതാര്യത ഈ ഇടപാടുകളില്‍ ഉണ്ടായിരുന്നോയെന്ന ചോദ്യം ബാക്കി. ആരോപണങ്ങള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍, 17-ന് ചേരുന്ന ബോര്‍ഡ് യോഗം വീഴ്‌ചകളെ എങ്ങനെ വെള്ളപൂശുമെന്ന് ഭക്‌തരും പൊതുസമൂഹവും ഉറ്റുനോക്കുന്നു.
അയ്യപ്പസംഗമത്തിന്റെ നടത്തിപ്പില്‍ ഗുരുതരക്രമക്കേടുണ്ടായെന്നാണ് ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട്. കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് പരിപാടി നടത്തിയതെന്നും സാമ്പത്തികസുതാര്യത ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കു പന്തല്‍ നിര്‍മാണച്ചുമതല ഉള്‍പ്പെടെ നല്‍കിയത് ടെന്‍ഡര്‍ ഇല്ലാതെയാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌റ്റ് സൊസൈറ്റിയുടെ സഹസ്‌ഥാപനത്തിനാണ് 10% അധികത്തുകയ്‌ക്ക് കരാര്‍ നല്‍കിയത്.
കണക്കുകളില്‍ ജി.എസ്.ടി. ബില്ലുകളടക്കം ഇല്ലാത്തത് സര്‍ക്കാരിനും വന്‍നഷ്‌ടമുണ്ടാക്കി. ബില്ലുകളില്ലാത്തതിനാല്‍ ഓഡിറ്റര്‍ക്ക് കൃത്യമായ കണക്ക് തിട്ടപ്പെടുത്താനായില്ല. രണ്ടുലക്ഷം രൂപയുടെ കലാപരിപാടി തീരുമാനിച്ചെങ്കിലും കണക്കില്‍ എട്ടുലക്ഷമാണ്. രണ്ടുകോടി രൂപ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചെന്ന അവകാശവാദത്തില്‍ അവ്യക്‌തതയുണ്ട്. അയ്യപ്പസംഗമത്തിലൂടെ ദേവസ്വം ബോര്‍ഡിന് 3.40 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
എസ്. നാരായണന്‍