Sunday, March 15, 2026 Last Updated 12 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 04.26 PM

പ്രേംകുമാറിന് മറുപടിയുമായി സജി ചെറിയാൻ; അഭിപ്രായം പറഞ്ഞതിന് ഇടത് സർക്കാർ മാറ്റി നിർത്തില്ല

uploads/news/2026/02/825450/4.gif
photo - facebook

തിരുവനന്തപുരം: നടനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായിരുന്ന പ്രേംകുമാറിന്റെ വിമർശനത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാൻ. സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന സാംസ്‌കാരിക പ്രവർത്തകർക്ക് അവരുടെ സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും ഈ സർക്കാർ അംഗീകരിച്ചു നൽകുന്നുണ്ട്. അഭിപ്രായങ്ങളെ വ്യക്തിപരമായ നിലപാടുകളായി മാത്രമാണ് സർക്കാർ കാണുന്നത്. അത്തരം പ്രകടനങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്തുന്ന നയം ഈ സർക്കാരിനില്ലെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

മന്ത്രി സജി ചെറിയാന്റെ വിശദീകരണം:

'ചലച്ചിത്ര അക്കാദമി ചെയർമാന്റെ ചുമതല നിർവഹിച്ചിരുന്ന ശ്രീ. പ്രേംകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലെ ആശങ്കകൾ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹത്തെപ്പോലെ ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വത്തിന് ഇത്തരമൊരു തെറ്റിദ്ധാരണ ഉണ്ടായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആഗ്രഹിക്കുകയാണ്.

സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന സാംസ്‌കാരിക പ്രവർത്തകർക്ക് അവരുടെ സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും ഈ സർക്കാർ അംഗീകരിച്ചു നൽകുന്നുണ്ട്. അത് ഗവൺമെന്റിന്റെയോ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയോ നിലപാടുകളുമായി എപ്പോഴും യോജിച്ചുപോകണം എന്ന് ഞങ്ങൾക്ക് യാതൊരു നിർബന്ധവുമില്ല. ജനാധിപത്യപരമായ ഈ സ്വാതന്ത്ര്യം മുറുകെ പിടിച്ചുകൊണ്ടാണ് പ്രമുഖരായ സാംസ്‌കാരിക നായകരെ വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹികളായി നിയമിക്കുന്നത്. അതിനാൽ തന്നെ, സച്ചിദാനന്ദൻ മാഷിന്റെ ആണെങ്കിലും പ്രേംകുമാറിന്റെ ആണെങ്കിലും അഭിപ്രായങ്ങളെ വ്യക്തിപരമായ നിലപാടുകളായി മാത്രമാണ് സർക്കാർ കാണുന്നത്. അത്തരം പ്രകടനങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്തുന്ന നയം ഈ സർക്കാരിനില്ല.

ചലച്ചിത്ര അക്കാദമി ഭാരവാഹിത്വത്തിൽ വന്ന മാറ്റം അദ്ദേഹത്തിന്റെ നിലപാടുകളുടെയോ അഭിപ്രായ പ്രകടനങ്ങളുടെയോ പേരിലല്ല എന്നത് ഞാൻ വ്യക്തമാക്കുന്നു. അദ്ദേഹം വൈസ് ചെയർമാനായും ശ്രീ രഞ്ജിത് സ്ഥാനമൊഴിഞ്ഞ ശേഷം ചെയർമാന്റെ ചുമതല വഹിച്ചും നടത്തിയ പ്രവർത്തനങ്ങൾ ഏറ്റവും മികച്ചതും തൃപ്തികരവുമാണ്. എന്നാൽ, അക്കാദമി ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് സ്വാഭാവികമായ നടപടിക്രമമെന്ന നിലയിലാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത്. ഇന്ത്യൻ സിനിമാ ലോകത്തിന്റെ തന്നെ അഭിമാനമായ ശ്രീ റസൂൽ പൂക്കുട്ടിയാണ് അടുത്ത ചെയർമാൻ ആയി സ്ഥാനം ഏറ്റെടുത്തത്. ഈ നിയമനം ശ്രീ പ്രേംകുമാറും അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്തതാണ്. കാലാവധി കഴിഞ്ഞ ഒരു സമിതിക്ക് പകരം മറ്റൊന്ന് വരുന്നത് ഭരണപരമായ ഒരു പ്രക്രിയ മാത്രമാണ്. അല്ലാതെ അദ്ദേഹത്തെ സ്ഥാനത്തുനിന്നും മാറ്റുകയോ ഒഴിവാക്കുകയോ ചെയ്തതല്ല. ഇക്കാര്യത്തിൽ അദ്ദേഹത്തിന് ഒരു തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു.

Ads by Google
Saturday 14 Feb 2026 04.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW